Site icon Fanport

ഗോളടിച്ച് മടുക്കാതെ ഹാളണ്ട്, മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന് മൂന്ന് പോയിന്റ് മാത്രം പിറകിൽ

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന് മൂന്ന് പോയിന്റ് മാത്രം പിറകിൽ എത്തി. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി ഹാളണ്ട് തന്നെയാണ് ഇന്ന് സിറ്റിയുടെ ഹീറോ ആയത്.

Picsart 23 04 15 23 57 07 875

മത്സരത്തിന്റെ ആദ്യ 25 മിനുട്ടിൽ തന്നെ സിറ്റി മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അഞ്ചാം മിനുട്ടിൽ സ്റ്റോൺസിന്റെ ഫിനിഷിലൂടെ ആണ് സിറ്റി ലീഡ് എടുത്തത്‌. പിന്നാലെ പതിമൂന്നാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഹാളണ്ട് സിറ്റിക്കായി വലകുലുക്കി‌. സ്കോർ 2-0. 25ആം മിനുട്ടിൽ ഡി ബ്രുയിന്റെ പാസിൽ നിന്ന് ഹാളണ്ടിന്റെ മൂന്നാം ഗോളും വന്നു. രണ്ടാം പകുതിയിൽ ഇഹെനാചോ ആണ് ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്.

30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി സിറ്റി ലീഗിൽ ഇപ്പോൾ രണ്ടാമത് നിൽക്കുന്നു‌. ആഴ്സണലിന് 73 പോയിന്റ് ആണുള്ളത്. ഇനി ലീഗിൽ എട്ട് മത്സരങ്ങൾ മാത്രമാണ് ഇരു ടീമുകൾക്കും ബാക്കി. ഇതിൽ ഒന്ന് ഇത്തിഹാദിൽ വെച്ചുള്ള ആഴ്സണൽ സിറ്റി പോരാട്ടമാണ്.

Exit mobile version