ചെൽസിയുടെ കിരീടം അല്ലാതെ മറ്റാരുടേത്?

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെൽസിയുടെ ദൂരം നേർത്ത് നേർത്ത് വരികയാണ്. ആർസനലെ തകർത്ത അവർ മറ്റുള്ളവർ രണ്ടാം സ്ഥാനത്തിന് മത്സരിച്ചാൽ മതിയെന്ന സൂചന ശക്തമായി നൽകി. ഹൾ സിറ്റി ലിവർപൂളിനെ അട്ടിമറിച്ചപ്പോൾ ശ്രദ്ധേയമായ പല മത്സരങ്ങൾക്കും ഇന്നലെ പ്രീമിയർ ലീഗ് വേദിയായി.

ചെൽസി 3 ആർസനൽ 1

സീസണിലാദ്യം ആർസലോടേറ്റ പരാജയത്തിന് പകരം വീട്ടുന്ന ചെൽസിയെയാണ് സ്റ്റാൻഫ്രോഡ്‌ ബ്രിഡ്‌ജിൽ കണ്ടത്. 13 മിനിറ്റിൽ അലോൻസയിലൂടെ സംശയകരമായ ഗോളിനാണ് ചെൽസി മുന്നിലെത്തിയത്. ചെൽസിയുടെ താളത്തിനൊത്തുയരാൻ ആർസനൽ ബുദ്ധിമുട്ടിയപ്പോൾ രണ്ടാം പകുതിയിൽ മനോഹരഗോളുമായി ഏഡൻ ഹസാർഡ് ചെൽസിയുടെ ലീഡുയർത്തി. പഴയ ചെൽസി താരം പീറ്റർ ചെക്കിൻ്റെ അബദ്ധം മുതലെടുത്ത് പകരക്കാരനായിറങ്ങിയ മുൻ ആർസനൽ ക്യാപ്റ്റൻ സെസ്ക് ഫാബ്രിഗാസാണ് ചെൽസിയുടെ ഗോൾ വേട്ട പൂർണ്ണമാക്കിയത്. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ഒളിവർ ജിറൂദിലൂടെ ആർസനൽ ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയായിരുന്നില്ല. ജയത്തോടെ ആർസനലുമായുള്ള പോയിൻ്റ് വ്യത്യാസം 12 പോയിൻ്റായി ഉയർത്താൻ ചെൽസിക്കായി. ചെൽസി ഇനി ലീഗിൽ കിരീടം കൈവിടാൻ വല്ല അത്ഭുതവും സംഭവിക്കണം. തുടർച്ചയായ തോൽവികൾ ആർസനൽ പരിശീലകൻ ആർസ്നെ വെങ്ങറിനു കൂടുതൽ സമ്മർദം നൽകും.

ഹൾ സിറ്റി 2 ലിവർപൂൾ 0

2017 ലെ ആദ്യ ജയത്തിനായി ക്ലോപ്പിനും സംഘത്തിനും ഇനിയും കാത്തിരിക്കേണ്ടി വരും. തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ഹൾ സിറ്റിയാണ് ലിവർപൂളിനെ ഇന്നലെ അട്ടിമറിച്ചത്. തുടർച്ചയായി കരുത്തരായ എതിരാളികളെ നേരിട്ടിട്ടും മാർകോ സിൽവക്കു കീഴിൽ പ്രീമിയർ ലീഗിൽ കളിച്ച 4 കളികളിൽ 7 പോയിൻ്റ് സ്വന്തമാക്കിയ ടീം ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം ലിവർപൂൾ കീപ്പർ മിഗുലയുടെ അബദ്ധം മുതലെടുത്ത് എൻ്റെയെയാണ് ഹൾ സിറ്റിക്ക് ലീഡ് നൽകിയത്. വിയ്യ റയലിൽ നിന്ന് ലോണിലെത്തിയ എൻ്റെയെയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. രണ്ടാം പകുതിയിൽ ചിരവൈരികളായ എവർട്ടണിൽ നിന്ന് ലോണിലെത്തിയ നിയാസാണ് ലിവർപൂൾ പരാജയം പൂർണ്ണമാക്കിയത്. ഹൾ 18 സ്ഥാനത്തേക്കുയർന്നപ്പോൾ ലിവർപൂളിൻ്റെ ആദ്യ നാലിലെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവും ഈ പരാജയം.

എവർട്ടൺ 6 ബോർൺമൗത്ത് 3

9 ഗോൾ പിറന്ന ത്രില്ലറിൽ ബെൽജിയം മുന്നേറ്റ താരം റൊമേലു ലൂക്കാക്കു സ്വപ്ന സമാനമായ ഫോമിലായിരുന്നു. ജനുവരിയിൽ ടീമിനെ അതിശക്തമാക്കിയ ഡൊണാൾഡ് ക്യൂമാൻ ഭാവിയിലേക്കാണ് നോക്കുന്നത്. ആദ്യ മിനിറ്റിൽ തന്നെ ഗോളടിച്ച ലൂക്കാക്കു പ്രീമിയർ ലീഗ് ചരിത്രത്തിലെ 300 ഹാട്രിക്കാണ് ഇന്നലെ നേടിയത്. ഇതോടെ ലീഗിലെ ടോപ്പ് സ്കോറർ ആവാനും ലൂക്കാക്കുവിനായി. 4 ഗോൾ നേടിയ ലൂക്കാക്കുവിന് പിറകെ മക്കാർത്തി ബാർക്കലി എന്നിവർ എവർട്ടണായി ഗോളുകൾ കണ്ടത്തി. ജോഷുവ കിങ് ഇരട്ട ഗോൾ കണ്ടത്തിയപ്പോൾ ആർട്ടറാണ് ബോൺമൗത്തിൻ്റെ കോളം തികച്ചത്. തുടർച്ചയായ തോൽവികൾ എഡി ഹൗവിന് സമ്മർദം നൽകുന്നുണ്ട്. ലീഗിൽ 7 മതാണ് എവർട്ടൺ ഇപ്പോൾ.

വെസ്റ്റ് ബ്രോം 1 സ്റ്റോക്ക് സിറ്റി 0

സീസണിലെ മിന്നും ഫോം തുടരുകയാണ് ടോണി പുലിസും സംഘവും. തൻ്റെ പഴയ ക്ലബിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ബെറഹീന നിരാശപ്പെടേണ്ടി വന്ന മത്സരത്തിൽ മോറിസണാണ് വെസ്റ്റ് ബ്രോമിൻ്റെ ഏകഗോൾ കണ്ടത്തിയത്. തൻ്റെ പഴയ ക്ലബുകൾക്കെതിരെ തോൽക്കാറില്ല എന്ന പതിവ് പുലിസ് തുടർന്നപ്പോൾ വെസ്റ്റ് ബ്രോം ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

സൗത്താപ്റ്റൺ 1 വെസ്റ്റ് ഹാം 3

മാഞ്ചസ്റ്റർ സിറ്റിയൊടേറ്റ കനത്ത പരാജയത്തിൽ നിന്ന് കരകയറുന്ന വെസ്റ്റ് ഹാമിനെയാണ് സൗത്താപ്റ്റണെതിരെ കണ്ടത്. അരങ്ങേറ്റക്കാരൻ ഗാബിയാഡിനിയുടെ ഗോളിൽ പിറകിൽ നിന്ന ശേഷമാണ് ഹാമേർസ് ജയം കണ്ടത്. ആൻഡി കരോൾ, ഒബിയാങ്, നോബിൾ എന്നിവരാണ് വെസ്റ്റ് ഹാമിനായി ഗോൾ കണ്ടത്തിയത്. ജയത്തോടെ ബിലിച്ചിൻ്റെ ടീം ഒമ്പതാം സ്ഥാനതെത്തി.

വാട്ഫോർഡ് 2 ബേർൺലി 1

ആർസനലിനെ അട്ടിമറിച്ചെത്തിയ വാട്ഫോർഡ് ജയം തുടരുന്നതാണ് ബേർൺലിക്കെതിരെയും കണ്ടത്. ആദ്യമെ ഹെൻഡറിക്കിനെ ചുവപ്പ് കാർഡോടെ നഷ്ടമായ ബേർൺലി സമ്മർദത്തിലായി. ഡീനി, നിയാങ് എന്നിവർ വാട്ഫോർഡിനായി ലക്ഷ്യം കണ്ടപ്പോൾ ബാർസാണ് പെനാൾട്ടിയിലൂടെ ബേർണിലിയുടെ ആശ്വാസ ഗോൾ കണ്ടത്തിയത്.

ക്രിസ്റ്റൽ പാലസ് 0 സണ്ടർലാൻ്റ് 4

പാലസുമായി ആദ്യജയം കണ്ട ആശ്വാസത്തിൽ മത്സരത്തിനെത്തിയ ബിഗ് സാമിനെ അക്ഷരാർത്ഥത്തിൽ തൻ്റെ പഴയ ക്ലബ് ഞെട്ടിക്കുകയായിരുന്നു. തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ഇരു ക്ലബുകളും ജയം മാത്രം ലക്ഷ്യം വച്ചാണ് മത്സരത്തിനിറങ്ങിയത്. സമ്മർദത്തിലായിരുന്ന ഡേവിഡ് മോയസിന് ആഫ്രിക്കൻ നാഷൻസ് കപ്പിൽ നിന്ന് മടങ്ങിയെത്തിയ താരങ്ങൾ വലിയ കരുത്ത് പകർന്നു. കോനെ, എൻ്റോങ് എന്നിവർക്ക് പുറമെ ജെർമയ്ൻ ഡിഫോയുടെ ഇരട്ട ഗോളുകൾ ആദ്യ പകുതിയിലെ മത്സരത്തിൻ്റെ വിധി എഴുതി. ജയിച്ചെങ്കിലും സണ്ടർലാൻ്റ് ലീഗിൽ അവസാനസ്ഥാനത്താണ് പാലസ് 19 മതും.

ടോട്ടനം ഹോട്സ്പർ 1 മിഡിൽസ്ബ്രോ 0

ടോട്ടനത്തിനെതിരെ പൊരുതി നിൽക്കാനുറച്ചാണ് ബോറോ മത്സരത്തിനെത്തിയത്. മത്സരത്തിൻ്റെ ഭൂരിഭാഗം സമയവും അവർക്കതിനായെങ്കിലും സമനില പിടിക്കാൻ അത് മതിയായിരുന്നില്ല. രണ്ടാം പകുതിയിൽ സോനിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ഗോളാക്കി മാറ്റി ഹാരി കെയ്ൻ ടോട്ടനത്തിന് നിർണ്ണായക ജയം സമ്മാനിച്ചു. ജയത്തോടെ ചെൽസിയുമായുള്ള പോയിൻ്റ് വ്യത്യാസം 9 തായി കുറച്ച് അവർ ലീഗിൽ രണ്ടാമതെത്തി. ലീഗിൽ 15 മതാണ് കരാങ്കയുടെ ടീം.

 

ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ ടീമുകൾ കളത്തിലിറങ്ങും. വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്വാൻസി സിറ്റിയെ നേരിടുമ്പോൾ ചാമ്പ്യന്മാരായ ലെസ്റ്ററാണ് രാത്രി 9.30 തി നു നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ എതിരാളികൾ.

Previous articleവീണ്ടും ഫ്രീകിക്ക് ഗോൾ, മെസ്സിക്ക് റെക്കോർഡ്
Next articleജയവുമായി ബാഴ്സ, അത്ലെറ്റിക്കോ, റയൽ മാഡ്രിഡ് മത്സരം മാറ്റി വച്ചു