പ്രീമിയർ ലീഗ് അവാർഡുകൾ സ്വന്തമാക്കി ഗുണ്ടോഗനും ഗ്വാർഡിയോളയും

പ്രീമിയർ ലീഗിൽ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം ഐകെ ഗുണ്ടോഗൻ. ജനുവരിയിലും ഗുണ്ടോഗൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ മികച്ച താരം. കൂടാതെ ഫെബ്രുവരി മാസത്തെ മികച്ച പരിശീലകനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും സ്വന്തമാക്കി. ഗ്വാർഡിയോളയും തുടർച്ചയായ രണ്ടാം തവണയാണ് മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ഏറെ മുൻപിലുള്ള മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ മാസം നടത്തിയ മികച്ച പ്രകടനങ്ങളാണ് ഗുണ്ടോഗനെയും ഗ്വാർഡിയോളയെയും അവാർഡിന് അർഹനാക്കിയത്. ജനുവരിയിൽ 5 ഗോളുകൾ നേടിയ ഗുണ്ടോഗൻ ഫെബ്രുവരിയിൽ 4 ഗോളുകളും നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയാവട്ടെ ഫെബ്രുവരിയിൽ കളിച്ച 6 മത്സരങ്ങളും ജയിക്കുകയും ചെയ്തിരുന്നു.