ആകെ വിറച്ചെങ്കിലും ഗോൾ ലൈനിലും ലാൻസിനിയുടെ ആകാശ ഷോട്ടിലും ലിവർപൂൾ രക്ഷപ്പെട്ടു!!

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂൾ കഷ്ടപ്പെട്ട് വിജയിച്ചു. വെസ്റ്റ് ഹാമിന്റെ വൻ പോരാട്ടം മറികടന്നാണ് ആൻഫീൽഡിൽ ലിവർപൂൾ ഏല ഗോളിന്റെ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ മാനെയുടെ ഒരു ഗോളാണ് ലിവർപൂളിന് ഇന്ന് ലീഡ് നൽകിയത്. ട്രെന്റ് അർനോൾഡിന്റെ ഒരു പാസ് ജഡ്ജ് ചെയ്യുന്നത് ഫബിയൻസ്കിക്ക് പിഴച്ചതാണ് മാനെയുടെ ഗോളിലേക്ക് എത്തിച്ചത്.

എന്നാൽ ഈ ഗോളിന് ശേഷം നല്ല വലിയ അവസരങ്ങൾ സൃഷ്ടിച്ചത് വെസ്റ്റ് ഹാം ആയിരുന്നു. ആദ്യ പകുതിയിൽ ഫോർനാാൽസിന് കിട്ടിയ ഒരു അവസരം താരം അലിസണ് മുകളിലൂടെ ചിപ് ചെയ്തിട്ടു എങ്കിലും ഗോൾ വരയിൽ വെച്ച് ലിവർപൂൾ അത് ക്ലിയർ ചെയ്തു. രണ്ടാം പകുതിയിൽ ലാൻസിനിയിലൂടെ വെസ്റ്റ് ഹാമിന് മറ്റൊരു വലിയ അവസരം കൂടെ കിട്ടി. പക്ഷെ ഗോൾ മുഖത്ത് വെച്ച് ലാൻസിനി തൊടുത്ത ഷോട്ട് ആകാശത്തിലാണ് പതിച്ചത്.

ഈ വിജയത്തോടെ ലിവർപൂൾ 27 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. വെസ്റ്റ് ഹാം 45 പോയിന്റുമായി അഞ്ചാമതാണ്.