സൂപ്പർ സബ് ജിറൂദിന് പ്രീമിയർ ലീഗ് റെക്കോർഡ്

ആഴ്സണലിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഒലിവർ ജിറൂദിന് പ്രീമിയർ ലീഗ് റെക്കോർഡ്. ഒരു പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി സബ്സ്റ്റിറ്റ്യുട്ട് ആയി വന്നു കൂടുതൽ തവണ ഗോൾ നേടിയ റെക്കോർഡിനൊപ്പമാണ് ജിറൂദ് എത്തിയത്.
ഇന്നലെ നടന്ന സൗത്താംപ്ടണെതിരായ മത്സരത്തിൽ സബ് ആയി വന്നു സമനില ഗോൾ നേടിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന ഒലെ ഗണ്ണാർ സോൾഷ്യേറുടെ 17 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്തിയത്.

11 വർഷം യുണൈറ്റഡിൽ ഉണ്ടായിരുന്ന “ബേബി ഫേസ്ഡ് അസാസിൻ” എന്നറിയപ്പെടുന്ന സോൾഷ്യേറിനായിരുന്നു ഇതുവരെ പ്രീമിയർ ലീഗ് റെക്കോർഡ്. 14 ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ താരമായിരുന്ന ചിച്ചാരിറ്റോ ആണ് ഇവർക്ക് പിന്നിൽ ഉള്ളത്. എന്നാൽ വിവ ക്ലബുകളിലായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ഇംഗ്ലീഷ് താരം ജേർമൈൻ ഡെഫ്യു ആണ്, 23 തവണയാണ് ഡെഫ്യു ബെഞ്ചിൽ നിന്നും വന്നു എതിരാളികളുടെ വല കുലുക്കിയിട്ടുള്ളത്.

2012ൽ ആഴ്സണലിൽ എത്തിയ ശേഷം നിരവധി തവണയാണ് സബ് ആയി ഇറങ്ങി ജിറൂദ് ആഴ്‌സനലിനെ രക്ഷിച്ചിട്ടുള്ളത്. വെങ്ങറിന്റെ സൂപ്പർ സബ് ആയി അറിയപ്പെടുന്ന ജിറൂദ് ഈ സീസണിൽ ഇതുവരെ എല്ലാ ടൂര്ണമെന്റുകളിലുമായി 4 ഗോളുകൾ ആണ് സബ് ആയി ഇറങ്ങി നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial