സിറ്റിയുടെ രക്ഷകനായി ജീസസ്, യുണൈറ്റഡിന് ഉജ്ജ്വല ജയം

ജീസസ് രക്ഷകനായപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വാൻസിക്കെതിരെ 2-1 ജയം. സെർജിയോ അഗ്യൂറോയെ വീണ്ടും ബെഞ്ചിലിരുത്തി ഗബ്രിയേൽ ജീസസിനെ കളിപ്പിക്കാൻ തീരുമാനിച്ച കോച്ച് പെപ് ഗാർഡിയോളയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം നടത്തിയ ജീസസ് തന്നെയാണ് സിറ്റിയുടെ രണ്ടു ഗോളുകളും നേടിയത്. 11 ആം മിനുട്ടിൽ ജീസസ് ആദ്യ ഗോൾ നേടിയ ശേഷം 81 ആം മിനുട്ടിൽ സിഗേഴ്‌സന്റെ ഗോളിൽ സ്വാൻസി സമനില നേടി. എന്നാൽ ഇഞ്ചുറി ടൈമിൽ ജീസസ് രണ്ടാമതും വല കുലുക്കിയതോടെ സിറ്റി ജയം ഉറപ്പിക്കുകയായിരുന്നു. 49 പോയിന്റുമായി സിറ്റി 3 ആം സ്ഥാനത്തും 21 പോയിന്റുള്ള സ്വാൻസി 17 ആം സ്ഥാനത്തുമാണ്.

ചാമ്പ്യൻമാരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് 4 യിലേക്കുള്ള ദൂരം കുറച്ചു. വിരസമായ 30 മിനിട്ടുകൾക്ക് ശേഷം മികിതാര്യനാണ് 42 ആം മിനുട്ടിൽ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്, 44 ആം മിനുട്ടിൽ സ്ലാട്ടൻ ഇബ്രാഹിമോവിച് തന്റെ സീസണിലെ 15 ആം ഗോൾ നേടി യുണൈറ്റഡിന്റെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ 2 മാറ്റങ്ങളുമായി കോച്ച് റനിയേറി ലെസ്റ്ററിന്റെ തിരിച്ചു വരവിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല, 49 ആം മിനുട്ടിൽ ജുവാൻ മാറ്റ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടിയതോടെ ലെസ്റ്ററിനെ പ്രതീക്ഷകൾ അസ്തമിച്ചു. തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ ലെസ്റ്റർ 16 ആം സ്ഥാനത്താണ്. ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ചാംപ്യന്മാർക്കു രണ്ടാം ഡിവിഷനിലാവും അടുത്ത വർഷം സ്ഥാനം. 45 പോയിന്റുള്ള യുനൈറ്റഡ് 6 ആം സ്ഥാനത്ത് തന്നെ തുടരും.

Previous articleഅഞ്ചാം ഫൈനൽ തേടി ഫിഫാ മഞ്ചേരി ഇന്ന് കോട്ടക്കൽ
Next articleകാമറൂൺ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാർ