ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വീണ്ടും തിരിച്ചെത്തി ഫുൾഹാം, സീസണിൽ 41 ഗോളുകളും ആയി മിട്രോവിച്

ചാമ്പ്യൻഷിപ്പിൽ നിന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി മാർകോ സിൽവയുടെ ഫുൾഹാം. ഇന്ന് നടന്ന മത്സരത്തിൽ പ്രസ്റ്റണിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഫുൾഹാം പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയത്. നിലവിൽ 42 മത്സരങ്ങളിൽ 86 പോയിന്റുകൾ ഉള്ള അവർ പ്രീമിയർ ലീഗിലേക്ക് കഴിഞ്ഞ 5 വർഷങ്ങൾക്ക് ഇടയിൽ മൂന്നാം തവണയും യോഗ്യത നേടി. ഇരട്ട ഗോളുകൾ നേടിയ സെർബിയൻ സൂപ്പർ താരം അലക്‌സാണ്ടർ മിട്രോവിച് ആണ് ഫുൾഹാമിനു വിജയം നേടി നൽകിയത്.

20220420 020123

സീസണിൽ 38 മത്സരങ്ങളിൽ താരം ഇത് വരെ 41 ഗോളുകൾ ആണ് നേടിയത്. ലീഗ് വണ്ണിലെയും ചാമ്പ്യൻഷിപ്പിലെയും 42 ഗോളുകൾ എന്ന റെക്കോർഡും മിട്രോവിച് വരും ദിനങ്ങളിൽ തകർത്തേക്കും. ഒമ്പതാം മിനിറ്റിൽ ജോ ബ്രയാന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ മിട്രോവിച് 41 മത്തെ മിനിറ്റിൽ ഹാരി വിൽസന്റെ പാസിൽ നിന്നു താരം രണ്ടാം ഗോളും നേടി. ഇതിനിടയിൽ 34 മത്തെ മിനിറ്റിൽ അതുഗ്രൻ ഗോൾ നേടിയ അടുത്ത സീസണിൽ ലിവർപൂൾ താരമാവാൻ പോകുന്ന ഫാബിയോ കാർവാൽഹോ ആണ് ഫുൾ ഹാമിന്റെ ജയം പൂർത്തിയാക്കിയത്. മുൻ വർഷങ്ങളിൽ പ്രീമിയർ ലീഗിൽ നിന്നു ഉടൻ തന്നെ തരം താഴ്ത്തപ്പെടുത്തലുകൾ നേരിട്ട ഫുൾഹാം കുറെ വർഷം എങ്കിലും പ്രീമിയർ ലീഗിൽ പിടിച്ചു നിൽക്കാൻ ആവും ഇത്തവണ ശ്രമിക്കുക.