തിരിച്ചു വരവ് ഗംഭീരമാക്കി റനിയേരി, ഫുൾഹാമിന് ആവേശ ജയം

പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ആദ്യ മത്സരം ആവേശമാക്കി ക്ലാഡിയോ റനിയേരി. സൗത്താംപ്ടനെ നേരിട്ട അവർ 3-2 എന്ന സ്കോറിനാണ് ജയം ഉറപ്പാക്കിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഫുൾഹാം തിരിച്ചു വരവിലൂടെ ജയം നേടിയത്. ജയത്തോടെ 8 പോയിന്റുള്ള അവർ ലീഗിൽ അവസാന സ്ഥാനക്കാർ എന്ന ചീത്ത പേരിൽ നിന്ന് തൽക്കാലം രക്ഷപെട്ടു. നിലവിൽ 19 ആം സ്ഥാനത്താണ് അവർ.

മത്സരത്തിൽ പതിനെട്ടാം മിനുട്ടിൽ ആംസ്ട്രോങ്ങിലൂടെ സൗത്താംപ്ടൻ മുന്നിൽ എത്തിയെങ്കിലും ശക്തമായ തിരിച്ചടിയാണ് ഫുൾഹാം നൽകിയത്. 33 ആം മിനുട്ടിൽ മിട്രോവിച്ചിലൂടെ സമനില ഗോൾ നേടിയ അവർ 10 മിനിട്ടുകൾക്ക് അപ്പുറം ശുർലെയുടെ ഗോളിൽ ലീഡ് നേടി ആദ്യ പകുതി സ്വന്തം പേരിലാക്കി.

രണ്ടാം പകുതിയിൽ പക്ഷെ തുടക്കത്തിൽ തന്നെ സൗത്താംപ്ടൻ മത്സരത്തിൽ തിരിച്ചെത്തി. സ്റ്റുവർട്ട്‌ ആംസ്ട്രോങ് തന്നെയാണ് ഇത്തവണയും ഗോൾ നേടിയത്. സ്കോർ 2-2. പക്ഷെ സീസൺ തുടക്കത്തിലെ പ്രകടനം ഓർമ്മിപ്പിച്ച് മിട്രോവിച് വീണ്ടും ഫുൾഹാമിന്റെ രക്ഷക്ക് എത്തി. 63 ആം മിനുട്ടിൽ മിട്രോവിച്ചിലൂടെ ലീഡ് ഉയർത്തിയ ഫുൾഹാം ലീഡ് കാത്തതോടെ റനിയേരിയുടെ അരങ്ങേറ്റം ഗംഭീരമായി.

Exit mobile version