
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായി മുൻ ബാഴ്സലോണ താരം ഫ്രാങ്ക് ഡെ ബോയർ ചുമതലയേറ്റു. മുൻ അയാക്സ് , ഇന്റർ മിലാൻ പരിശീലകൻ കൂടിയാണ് ഡച്ചുകാരനായ ബോയർ. മൂന്ന് വർഷത്തെ കരാറിലാണ് നിയമനം. ഇതോടെ പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ 5 മുൻ ബാഴ്സ താരങ്ങൾ പരിശീലകരായി ഉണ്ടാകും. ബോയറിനെ കൂടാതെ പെപ് ഗാർഡിയോള, ഡൊണാൾഡ് കൂമാൻ, പല്ലേഗ്രിനോ , മാർക്ക് ഹ്യൂഗ്സ് എന്നിവരും ബാഴ്സ താരങ്ങളായിരുന്നു.
പാലസിനെ തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ച ഉടനെ ക്ലബ്ബ് വിട്ട സാം അല്ലേഡെയ്സിന് പകരകാരനായാണ് ബോയറിന്റെ വരവ്. 2010 മുതൽ 2016 വരെ അയാക്സിന്റെ പരിശീലകനായിരുന്ന ബോയർ ടീമിനൊപ്പം തുടർച്ചയായി 4 തവണ ഡച്ച് ലീഗ് കിരീടം നേടിയിരുന്നു. പിന്നീട് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാന്റെ ചുമതലയേറ്റ ബോയറിന് പക്ഷെ ആ ഫോം ഇറ്റലിയിൽ തുടരാനായില്ല. തുടർച്ചയായ തോൽവികളുമായി ഇന്റർ പിറകിൽ പോയപ്പോൾ വെറും 85 ദിവസത്തിനു ശേഷം ബോയറിന് സ്ഥാനം നഷ്ട്ടമായി. ട്രാൻസ്ഫെറുകളിൽ അടക്കം പൂർണ്ണ നിയന്ത്രണം നൽകിയാണ് ബോയറിന് പാലസ് സ്ഥാനം നൽകിയിരിക്കുന്നത്. പാലസിന്റെ മുഴുവൻ സമയ പരിശീലകനാവുന്ന ആദ്യ വിദേശി കൂടിയാണ് ബോയർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial