മുൻ ഇംഗ്ലീഷ് താരം ജെർമയിൻ ഡിഫോ വിരമിക്കൽ പ്രഖ്യാപിച്ചു

മുൻ ഇംഗ്ലീഷ് താരവും പ്രീമിയർ ലീഗ് ഇതിഹാസവും ആയ ജെർമയിൻ ഡിഫോ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 22 വർഷം നീണ്ട കരിയറിന് ആണ് 39 കാരനായ താരം അന്ത്യം കുറിച്ചത്. ടോട്ടൻഹാം ഹോട്സ്പറിന്റെ പ്രധാന ഗോൾ വേട്ടക്കാരനായി തിളങ്ങിയ ഡിഫോ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനു ആയാണ് ആദ്യ മത്സരം കളിക്കുന്നത്. തുടർന്ന് ടോട്ടൻഹാം, പോർട്‌സ്മൗത്ത്, സണ്ടർലാന്റ് ടീമുകൾക്ക് ആയി പ്രീമിയർ ലീഗിൽ കളിച്ച ഡിഫോ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഒമ്പതാമത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ്. 2008 ൽ ടോട്ടൻഹാമിനു ഒപ്പം ലീഗ് കപ്പും ഡിഫോ നേടി.

ടോറന്റോ എഫ്.സി, ബോർൺമൗത്ത്, റേഞ്ചേഴ്‌സ് ടീമുകൾക്ക് ആയും ബൂട്ട് കെട്ടിയ ഡിഫോ കരിയറിൽ 300 ൽ അധികം ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റേഞ്ചേഴ്‌സിനു ഒപ്പം സ്‌കോട്ടിഷ് ലീഗ് കിരീടം നേടിയ ഡിഫോ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മുൻ ക്ലബ് സണ്ടർലാന്റിൽ തിരിച്ചു എത്തുക ആയിരുന്നു. എന്നാൽ ടീമിൽ എത്തി അധികം വൈകും മുമ്പ് കരിയർ അവസാനിപ്പിക്കാൻ താരം തീരുമാനം എടുക്കുക ആയിരുന്നു. ഇംഗ്ലണ്ടിന് ആയി 57 മത്സരങ്ങൾ കളിച്ച ഡിഫോ ദേശീയ ടീമിന് ആയി 20 ഗോളുകളും നേടിയിട്ടുണ്ട്.