പെപ്പിന്റെ ടീമിൽ സ്ഥാനമില്ല, ഫെർണാണ്ടോ ഇനി തുർക്കിയിൽ

പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പരിഷ്കാരം തുടരുന്നു, ഇത്തവണ മധ്യനിര താരം ഫെർണാണ്ടോയാണ് ടീമിന് പുറത്തായത്. ടർക്കിഷ് ക്ലബ്ബായ ഗലാട്ടസറായിയുമായാണ് താരം കരാർ ഒപ്പിട്ടിരിക്കുന്നത്. 30 കാരനായ ഫെർണാണ്ടോ 2014 ഇൽ പോർട്ടോയിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. ട്രാൻസ്ഫർ തുക ഔദ്യോഗികമായി വെളിപെടുത്തിയിട്ടില്ലെങ്കിലും ഏതാണ്ട് 4 മില്യൺ പൗണ്ടിനാണ് കരാർ എന്നറിയുന്നു. 3 വർഷത്തെ കരാറിലാണ് താരം തുർക്കിയിൽ എത്തുന്നത്.

സിറ്റിക്കായി 101 മത്സരങ്ങൾ കളിച്ച ഫെർണാണ്ടോ ടീമിനൊപ്പം 2016 ലെ ഇ എഫ് എൽ കപ്പ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 27 മത്സരങ്ങൾ കളിച്ചെങ്കിലും 5 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ ഇടം നേടാൻ ആയത്. മാഞ്ചെസ്റ്റർ സിറ്റിയുടെ പ്രീ സീസൺ ടൂറിൽ ഉൾപെടുത്താതെ ഇരുന്നപ്പോൾ തന്നെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മാഞ്ചസ്റ്റർ വിടുമെന്ന് ഉറപ്പായിരുന്നു. ഈ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പുറത്താവുന്ന എട്ടാമത് താരമാണ് ഫെർണാണ്ടോ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial