
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏഴാം മത്സരദിനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ക്രിസ്റ്റൽ പാലസിനെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്. ചുവന്ന ചെകുത്താൻമാർക്ക് വേണ്ടി ഹുവാൻ മാട്ട, മറുവാൻ ഫെല്ലയ്നി, ലുകാക്കു എന്നിവരാണ് വലകുലുക്കിയത്.
മൂന്നാം മിനിറ്റിൽ തന്നെ യുണൈറ്റഡ് മാട്ടയുടെ ഗോളിലൂടെ മുന്നിൽ എത്തി. റാഷ്ഫോഡിന്റെ മികച്ചൊരു നീക്കത്തിനൊടുവിൽ മാട്ട പന്ത് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. തുടർന്ന് നിരന്തരം ആക്രമണം അഴിച്ചു വിട്ട യുണൈറ്റഡ് 35ആം മിനിറ്റിൽ ലീഡ് രണ്ടാക്കി ഉയർത്തി. ആഷ്ലി യങ്ങിന്റെ മികച്ചൊരു ക്രോസ് ഫെല്ലയിനി അനായാസം വലയിൽ എത്തിച്ചു മത്സരത്തിന്റെ നിയന്ത്രണം യുണൈറ്റഡിന്റെ വരുതിയിലാക്കി.
രണ്ടാം പകുതിയിൽ റാഷ്ഫോഡ് എടുത്ത ഫ്രീകിക്കിൽ നിന്നാണ് മൂന്നാം ഗോൾ പിറന്നത്. റാഷ്ഫോഡിന്റെ കിക്ക് ഫെല്ലയ്നി വലയിൽ എത്തിച്ചു തന്റെ രണ്ടാം ഗോളും യുണൈറ്റഡിന്റെ മൂന്നാം ഗോളും തികച്ചു. 86ആം മിനിറ്റിൽ സബ് ആയി ഇറങ്ങിയ മർഷ്യലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നാലാം ഗോൾ പിറന്നത്, ലുകാക്കു ആണ് ഗോൾ നേടിയത്. 7 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഇതു നാലാം തവണയാണ് യുണൈറ്റഡ് 4 ഗോളുകൾ നേടുന്നത്, അതേ സമയം 7 കളികളിലും ഒരു ഗോൾ പോലും പാലസിന് നേടാനായിട്ടില്ല. ഇന്നത്തെ മത്സരത്തോടെ ആന്തനി മർഷ്യാൽ യുണൈറ്റഡിന് വേണ്ടി 100 മത്സരങ്ങൾ തികച്ചു.
ഏഴു മത്സരങ്ങളിൽ ആറും വിജയിച്ച യുണൈറ്റഡ് 19 പോയിന്റുമായി ലീഗിൽ ഒന്നാമതെത്തി. വിജയിച്ച ആറു മത്സരങ്ങളിലും ക്ളീൻ ഷീറ്റ് നിലനിർത്താൻ ഡിഹെയക്കായി. എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ക്രിസ്റ്റൽ പാലസ് അവസാന സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial