
ലീഗ് കപ്പ് രണ്ടാം പാദത്തിൽ ഹൾ സിറ്റിയൊടേറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് കരകയറിയ യുണൈറ്റഡിനെയാണ് ഇന്നലെ വിഗാൻ അത്ലെറ്റിക്കിനെതിരെ കണ്ടത്. നിരവധി മാറ്റങ്ങളുമായാണ് ഹോസെ മൗറീന്യോ മത്സരത്തിനെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ബെൽജിയം താരം മറുവാൻ ഫെല്ലയെനിയിലൂടെ മുന്നിലെത്തിയ അവർ രണ്ടാം പകുതിയിൽ വിഗാനെ നിലം തൊടീച്ചില്ല. ക്രിസ് സ്മാളിങ്, മിക്കിത്താരിയൻ എന്നിവർക്ക് പുറമെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ മുൻ ജർമ്മൻ ക്യാപ്റ്റൻ ബാസ്റ്റിൻ ഷെൻസ്റ്റീഗർ എന്നിവർ രണ്ടാം പകുതിയിൽ ലക്ഷ്യം കണ്ടപ്പോൾ എതിരില്ലാത്ത നാലു ഗോളിനായിരുന്നു യുണൈറ്റഡിൻ്റെ ജയം.
എഫ്.എ കപ്പ് നില നിർത്താനൊരുങ്ങുന്ന യുണൈറ്റഡിന് ഈ ജയം വലിയ ആത്മവിശ്വാസം പകരും. എഫ്.എ കപ്പിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ വാട്ഫോർഡ്, ഹർ സിറ്റി ടീമുകൾ പരാജയമറിഞ്ഞു. ഫോമില്ലാത്ത വലയുന്ന വാട്ഫോർടിനെ മിൽവാൽ 1-0 ത്തിനാണ് തോൽപ്പിച്ചത്. പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ഹൾ സിറ്റിയെ 4-1 നാണ് ചാമ്പ്യൻഷിപ്പ് ടീമായ ഫുൾഹാം തകർത്തത്. ഈ വലിയ പരാജയം ഹൾ സിറ്റിയുടെ ദയനീയത എടുത്ത് കാണിക്കുന്നതായി.