എഫ് എ കപ്പ് : ചെൽസിക്ക് ജയം, ലെസ്റ്ററിന് തോൽവി

- Advertisement -

എഫ് എ കപ്പ് റൌണ്ട് അഞ്ച് മത്സരങ്ങളിൽ പ്രീമിയർ ലീഗ് വമ്പന്മാർക്ക് അടിപതറി, മുൻ നിര ടീമുകളിൽ ചെൽസിക്ക് മാത്രമാണ് ജയം കാണാനായത്, ലെസ്റ്റർ സിറ്റി മിൽവാളിനോട് 1-0 ത്തിന് തോൽവി വഴങ്ങിയപ്പോൾ ബേൺലി ഇതേ സ്കോറിൽ ലിംകൻ സിറ്റിയോട് തോറ്റു, ശക്തരായ മാഞ്ചെസ്റ്റർ സിറ്റി ഹഡ്ഡർസ്ഫീൽഡ് സിറ്റിയോട് സമനില വഴങ്ങി.

പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന തന്റെ പ്രതിരോധ നിരക്കാർക്കു വിശ്രമം അനുവദിച്ചാണ് ചെൽസി കോച് അന്റോണിയോ കോണ്ടേ തന്റെ ടീമിനെ ഇറക്കിയത്. എന്നാൽ വോൾവെർഹാംപ്ടൺ വാൻഡേഴ്‌സ് മികച്ച തുടക്കമാണ് നേടിയത്, മൂന്നാം മിനുട്ടിൽ തന്നെ മികച്ചൊരു അവസരം അവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ താളം കണ്ടെത്തിയ ചെൽസി 65 ആം മിനുട്ടിൽ പെഡ്രോയുടെ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടി, 89 ആം മിനുട്ടിൽ ഡിയാഗോ കോസ്റ്റയുടെ മികച്ചൊരു ഫിനിഷിങ്ങിലൂടെ ചെൽസി ജയം ഉറപ്പിക്കുകയും ചെയ്തു.

ലെസ്റ്റർ സിറ്റിയുടെ കഷ്ടകാലം പ്രീമിയർ ലീഗിന് അപ്പുറവും തുടരുന്ന കാഴ്ചയാണ് ഇന്നലെ എഫ് എ കപ്പിൽ കണ്ടത്, ലീഗിൽ 17 ആം സ്ഥാനത്തുള്ള അവർ മിൽവാളിനോട് ഏക ഗോളിന് തൊറ്റു, പ്രധാന താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തി മത്സരത്തിനിറങ്ങിയ ലെസ്റ്റർ 90 ആം മിനുട്ടിലാണ് ഗോൾ വഴങ്ങിയത്, ഷോൺ കമ്മിങ്സാണ് ലെസ്റ്ററിനെ പുറത്താക്കിയ ഗോൾ നേടിയത്.

മാഞ്ചെസ്റ്റർ സിറ്റിയെ മികച്ച പ്രതിരോധവുമായി ഗോൾ രഹിത സമനിലയിൽ തളച് ഹഡ്‌ഡേഴ്‌സ്ഫീൽഡ്. മത്സരം സമനിലയിൽ ആയതോടെ തിരക്കിട്ട പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ് ഫിക്സച്ചറുകൾക്കിടയിൽ ഇതേ മത്സരം റിപ്ലൈ കളിക്കുക എന്നത് പെപ് ഗാർഡിയോളയുടെ ടീമിന് അധിക ഭാരമാവും. മികച്ച ആക്രമണ നിരയെ ഇറക്കിയെങ്കിലും എതിരാളികളുടെ മികച്ച പ്രതിരോധമാണ് സിറ്റിക്ക് വിനയായത്.

ഇംഗ്ലീഷ് ടോപ് ഡിവിഷൻ ടീമിൽ ഇന്നലെ തോൽവി അറിഞ്ഞ ആദ്യ ടീമായി ബേൺലി, 89 ആം മിനുട്ടിൽ സീൻ റെഗ്ഗെട്ട് നേടിയ ഗോളിനാണ് ലിംകൻ സിറ്റി ബേൺലിയെ എഫ് എ കപ്പിനു പുറത്തേക്കയച്ചത്.

ആവേശകരമായ മത്സരത്തിനൊടുവിലാണ് മിഡിൽസ്ബറോ ഓക്സ്ഫോർഡ് യുണൈറ്റഡിനെ തോൽപിച്ചത്. 86 ആം മിനിറ്റുവരെ 2-2 സ്കോറിൽ സമാനിലയിലായിരുന്ന മത്സരത്തിൽ ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് ബോറോയുടെ വിജയ ഗോൾ നേടിയത്.

ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഫുൾഹാം ടോട്ടൻഹാമിനെയും , മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്ലാക്‌ബേൺ റോവേഴ്‌സിനെയും നേരിടും.

Advertisement