വിവാദമായി മുൻ പ്രീമിയർ ലീഗ് റഫറിയുടെ വെളിപ്പെടുത്തൽ

2016 ഇൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചെൽസി- ടോട്ടൻഹാം പ്രീമിയർ ലീഗ് മത്സരത്തെ കുറിച്ചുള്ള അന്ന് മത്സരം നിയന്ത്രിച്ച റഫറി മാർക് ക്ളാട്ടൻബർഗിന്റെ വെളിപ്പെടുത്തൽ വിവാദമാവുന്നു. ഏറെ അനുഭവ സമ്പന്നമായ റഫറി മത്സരത്തിന് മുൻപേ തന്നെ വ്യക്തമായ ഗെയിം പ്ലാനോട് കൂടിയാണ് മത്സരത്തിന് ഇറങ്ങിയത് എന്ന തരത്തിലുള്ള പ്രസ്താവനയാണ് സമീപ ദിവസങ്ങളിൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രധാന ചർച്ച. അന്ന് 2-2 ന് അവസാനിച്ച മത്സരത്തിൽ ടോട്ടൻഹാം താരങ്ങൾ വലിയ ഫൗളുകൾ നടത്തിയിട്ടും പുറത്താകാതെ ഇരുന്നത് ടോട്ടൻഹാമിന്റെ കിരീട പ്രതീക്ഷകൾ റഫറി നശിപ്പിച്ചു എന്ന ആരോപണം നേരിടാതെ ഇരിക്കാനും, സ്പർസ് സ്വയം അവരുടെ കുഴി തോണ്ടുകയായിരുന്നു എന്ന പ്രതീതി ജനിപ്പിക്കുക എന്നത് തന്റെ മുൻ ധാരണ പ്രകാരമായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലാണ് ക്ളാട്ടൻബർഗ് നടത്തിയിരിക്കുന്നത്. ഇത് റഫറിമാരെ കുറിച്ചുള്ള ഫുട്‌ബോൾ പ്രേമികളുടെ ധാരണകളെ അപ്പാടെ ഞെട്ടിക്കുന്ന പ്രസ്താവനയായിരുന്നു.

2016 ഇൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ജയിച്ചാൽ മാത്രം ലെസ്റ്ററുമായുള്ള കിരീട പോരാട്ടത്തിൽ നില നിൽക്കാൻ സാധികുമായിരുന്ന സ്പർസ് മത്സരത്തിൽ ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ ചെൽസി ഒരു ഗോൾ തിരിച്ചടിച്ചതോടെ മത്സരം ഏറെ സമയവും കയ്യാം കളിയുടെ വക്കിലായിരുന്നു. ചെൽസി താരങ്ങളെ നിരന്തരം ഫൗൾ ചെയ്ത ടോട്ടൻഹാം താരങ്ങൾ 9 മഞ്ഞ കാർഡുകളാണ് മത്സരത്തിൽ വാങ്ങിയത്. ഇതിൽ പലതും ചുവപ്പ് കാർഡ് അർഹിക്കുന്നവയുമായിരുന്നു. അവസാനം ഈഡൻ ഹസാർഡിന്റെ സമനില ഗോളിൽ സ്പർസിന്റെ കിരീട പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു. മത്സര ശേഷം സ്പർസ് താരം മൂസ ദമ്പലേക്ക് വിലക്കും ഇരു ടീമുകൾക്കും കളിക്കാരെ നിയന്ത്രിക്കുന്നതിൽ പരാജയപെട്ടത്തിന് ഭീമമായ തുക പിഴയും അടക്കാൻ എഫ് എ വിധിച്ചിരുന്നു. റഫറി മനഃപൂർവം ചുവപ്പ് കാർഡ് നൽകാതെ തന്റെ മേൽ ഭാവിയിൽ വരാനുള്ള കുറ്റപെടുത്തലുകൾ ഒഴിവാക്കുകയായിരുന്നു എന്നും നിയന്ത്രണം നഷ്ടപ്പെട്ട കളിക്കാരുടെ പേരിൽ ക്ലബ്ബ്കൾ അനാവശ്യ പിഴക്ക് വിധികപ്പെടുകയായിരുന്നു എന്നുമാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം ചർച്ച ചെയ്യുന്നത്.

കഴിഞ്ഞ വർഷം റഫറി ക്ളാട്ടൻബർഗ് പ്രീമിയർ ലീഗ് കരിയർ അവസാനിപ്പിച്ചിരുന്നു. നിലവിൽ സൗദി അറേബ്യയിൽ റഫറിമാരുമായി ബന്ധപ്പെട്ട ഉന്നത ജോലിയിലാണ് ക്ളാട്ടൻ ബർഗിന്റെ സ്ഥാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial