ഒരേ ദിവസം പുതിയ സ്‌ട്രൈക്കറെയും ഡിഫൻഡറെയും ടീമിലെത്തിച്ച് എവർട്ടൻ

- Advertisement -

ഒരൊറ്റ ദിവസം കൊണ്ട് രണ്ടു പുതിയ താരങ്ങളെ ടീമിലെത്തിച് എവർട്ടൻ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ.
ബേൺലിയിൽ നിന്ന് ഡിഫെൻഡർ മൈക്കൽ കീനിനെയും മലാഗയിൽ നിന്ന് സ്‌ട്രൈക്കർ സാൻഡ്രോ റമീറസിനെയുമാണ് കൂമാന്റെ ടീം ഗോഡിസൺ പാർക്കിൽ എത്തിച്ചത്. ഇതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ 6 താരങ്ങളെയാണ് കൂമാൻ ടീമിൽ എത്തിച്ചത്.

മുൻ മാഞ്ചസ്റ്റർ യുവതാരം കൂടിയായ മൈക്കൽ കീൻ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തോടെയാണ് മുൻ നിര ടീമുകളുടെ ശ്രദ്ധയിൽ പെടുന്നത്. സെൻട്രൽ ഡിഫെൻഡർ ആയ കീൻ തൻറെ പഴയ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അവസാനം എവർട്ടണിൽ എത്തുകയായിരുന്നു. 30 മില്യൺ യൂറോയോളമാണ് താരത്തിനായി എവർട്ടൻ മുടക്കിയത്. ഇതോടെ പുതിയ സീസണിൽ ആഷ്‌ലി വില്യംസിനും ജാഗിയാൽക അടക്കം ഉള്ള താരങ്ങൾക്ക്‌ കൂടെ കീൻ കൂടി ചേരുന്നതോടെ കഴിഞ്ഞ സീസണിൽ ഏറെ ഗോൾ വഴങ്ങിയ പ്രതിരോധ പിഴവുകൾക്ക് പരിഹാരമാവുമെന്നാണ് കൂമാന്റെ പ്രതീക്ഷ. 5 വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിട്ടുള്ളത്. 2015 ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കീൻ ബേൺലിയിൽ എത്തിയത്.

റൊമേലു ലുക്കാക്കു ക്ലബ്ബ് വിടുമെന്ന് ഏതാണ്ട് ഉറപ്പുള്ള സാഹചര്യത്തിലാണ് 21 വയസുകാരനായ മലാഗ സ്‌ട്രൈക്കർ സാൻഡ്രോ റാമിറെസിനെ കൂമാൻ ടീമിൽ എത്തിക്കുന്നത്. നേരത്തെ അത്ലറ്റികോ മാഡ്രിഡിൽ റാമിറെസ് ചേരുമെന്ന് പ്രതീക്ഷിച്ച റാമിറെസ് പക്ഷെ അത്ലറ്റികോയുടെ ട്രാൻസ്ഫർ വിലക്ക് കാരണം നടക്കാതെ പോകുകയായിരുന്നു. ഏതാണ്ട് 6 മില്യൺ യൂറോയാളമാണ് റമീറസിനായി എവർട്ടൻ മുടക്കിയത്. നേരത്തെ ബാഴ്സലോണ താരമായിരുന്ന റാമിറെസ് 2016 ലാണ് മലാഗയിൽ ചേരുന്നത്. കഴിഞ്ഞ ല ലിഗ സീസണിൽ 30 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ താരം ലുക്കാക്കുവിന് ഒത്ത പകരക്കാരൻ ആകുമെന്ന് തന്നെയാവും എവർട്ടൻ ആരാധകരുടെ പ്രതീക്ഷ.

ഏതായാലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും നാളുകൾ ഇരിക്കെ ഇതുവരെ 85 മില്യൺ യൂറോയോളം മുടക്കിയ എവർട്ടൻ ഇനിയും ഏതാനും താരങ്ങളെ കൂടി ടീമിൽ എത്തിച്ചേക്കും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement