ഓസ്റ്റിൻ കൊടുങ്കാറ്റ്, എവർട്ടൻ ഇത്തവണയും തോറ്റു

- Advertisement -

എവർട്ടന്റെ ഈ സീസണിലെ വൻ തോൽവികളുടെ നിരയിലേക്ക് ഒന്ന് കൂടി. ഇത്തവണ സൗത്താംപ്ടനോടാണ് ടോഫീസ് 4-1 ന്റെ വൻ പരാജയം ഏറ്റു വാങ്ങിയത്. താൽക്കാലിക പരിശീലകന്റെ കീഴിലും രക്ഷയില്ലാത്ത എവർട്ടനെ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന മറ്റൊരു പ്രകടനം മാത്രമായി ഇന്നത്തെ മത്സരം. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും അത്രയൊന്നും മികച്ച ഫോമിലല്ലാത്ത സൗത്താംപ്ടന് വെല്ലുവിളി ഉയർത്താൻ എവർട്ടന് ആയില്ല. സൗത്താംപ്ടൻ സ്‌ട്രൈക്കർ ചാർളി ഓസ്റ്റിന്റെ മികച്ച പ്രകടനം മത്സരത്തിൽ  വേറിട്ടു നിന്നു.  ജയത്തോടെ 16 പോയിന്റുള്ള സൗത്താംപ്ടൻ പത്താം സ്ഥാനത്തേക്ക് ഉയർന്നു. 12 പോയിന്റുള്ള എവർട്ടൻ 16 ആം സ്ഥാനത്താണ്‌.

യൂറോപ്പ ലീഗിലേറ്റ ദയനീയ പരാജയത്തിന് ശേഷം സെയിന്റ് മേരീസ് സ്റ്റേഡിയത്തിൽ എത്തിയ എവർട്ടൻ ഏതാനും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. റൂണി ബെഞ്ചിലിരുന്നപ്പോൾ കെവിൻ മിറാലാസിനെയും കാല്വര്ട്ട് ലെവിനെയുമാണ് എവർട്ടൻ താൽക്കാലിക പരിശീലകൻ ആൻസ്വർത്ത് ആക്രമണ നിരയിൽ നിയമിച്ചത്. ആദ്യ പകുതിയുടെ തുടക്കം മുതൽ തന്നെ സൗത്താംപ്ടൻ വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ എവർട്ടൻ പതിവ് പോലെ കഷ്ടപ്പെട്ടു. 18 ആം മിനുട്ടിലാണ് സൗത്താംപ്ടൻ ലീഡ് നേടിയത്. ലെഫ്റ്റ് ബാക്ക് റയാൻ ബെർട്രാൻഡ് നൽകിയ പാസ്സിൽ നിന്ന് റ്റാടിച്ചാണ് ഗോൾ നേടിയത്. 27 ആം മിനുട്ടിൽ ഡിഫെണ്ടർ ബെയ്ൻസ് പരിക്കേറ്റ് പിന്മാറിയത് എവർട്ടന് മറ്റൊരു തിരിച്ചടിയായി. ആഷ്‌ലി വില്ലിയംസാണ് പകരം ഇറങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സിഗേഴ്‌സൻ എവർട്ടന്റെ സമനില ഗോൾ നേടി. മത്സരത്തിൽ എവർട്ടൻ സൗത്താംപ്ടൻ ഗോളിലേക്ക് നടത്തിയ ആദ്യ ഷോട്ടിൽ തന്നെ അവർക്ക് ഗോൾ നേടാനായി.

രണ്ടാം പകുതിയിൽ എവർട്ടൻ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 53 ആം മിനുട്ടിൽ ബെർട്രാൻഡ് വീണ്ടും അവസരമൊരുകിയപ്പോൾ ഇത്തവണ ഫിനിഷ് ചെയ്തത് ചാർളി ഓസ്റ്റിൻ. സീസണിലെ ആദ്യ സ്റ്റാർട്ട് ലഭിച്ച ഓസ്റ്റിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഗോളായിരുന്നു അത്. 6 മിനുട്ടുകൾക്ക് ശേഷം ഓസ്റ്റിൻ വീണ്ടും എവർട്ടന്റെ വല കുലുക്കി. ഇത്തവണ റ്റാടിക്കിന്റെ അസിസ്റ്റിൽ നിന്നാണ് ഓസ്റ്റിന്റെ ഗോൾ പിറന്നത്. 87 ആം മിനുട്ടിൽ ഡേവിഡ് കൂടെ സൗത്താംപ്ടനായി ഗോൾ നേടിയതോടെ എവർട്ടന്റെ തകർച്ച പൂർത്തിയായി. ഇത്തവണയും തോൽവിയേക്കാളേറെ എവർട്ടനെ വലിയ്ക്കുക വഴങ്ങുന്ന ഗോളുകളുടെ എണ്ണമാവും. യൂറോപ്പ ലീഗിൽ 5-1 ന് തൊറ്റ ശേഷവും ഇന്ന് 4-1 ന് തോറ്റത് എവർട്ടന്റെ പ്രതിസന്ധിയുടെ ആഴം പുറത്തറിയിക്കുന്ന ഒന്നായി.

കൂടുതൽ കായിക വാർത്തകൾക്ക് www.facebook.com/FanportOfficial

Advertisement