
സെങ്ക് ടോസൺ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന സ്റ്റോക്ക് സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് എവർട്ടണു ജയം. ഇന്നത്തെ തോൽവിയോടെ പ്രീമിയർ ലീഗിൽ സ്റ്റോക്ക് സിറ്റിയുടെ അവസ്ഥ പരിതാപകരമായി.
30ആം മിനുട്ടിൽ ചാർളി ആഡം ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതിനെ തുടർന്ന് അവസാന ഒരു മണിക്കൂർ സ്റ്റോക്ക് സിറ്റി 10 പേരുമായാണ് കളിച്ചത്. എതിർ ടീം 10 പേരായി ചുരുങ്ങിയെങ്കിലും ഗോൾ നേടാൻ എവർട്ടണ് 69മത്തെ മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ടോസൺ ആണ് സ്റ്റോക്ക് വല കുലുക്കിയത്. എന്നാൽ എവർട്ടണെ ഞെട്ടിച്ചു കൊണ്ട് 77മത്തെ മിനുറ്റിൽ ചൗപോ മോട്ടിങ് സ്റ്റോക്ക് സിറ്റിയുടെ സമനില ഗോൾ നേടി. ജോ അലന്റെ മനോഹരമായ ഫ്രീ കിക്കിൽ നിന്നാണ് താരം സ്റ്റോക്കിന്റെ സമനില ഗോൾ നേടിയത്.
എന്നാൽ മത്സരം അവസാനിക്കാൻ 6 മിനിറ്റ് മാത്രം ശേഷിക്കെ വാൽകോട്ടിന്റെ ക്രോസിൽ നിന്ന് ഒരു ഡൈവിങ് ഹെഡറിലൂടെ ടോസൺ എവർട്ടന് വിജയം നൽകുകയായിരുന്നു. ലീഗിൽ 7 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ സ്റ്റോക്ക് സിറ്റി ലീഗിൽ 19ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial