എവർട്ടണ് മുന്നിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്!! ചാമ്പ്യൻസ് ലീഗ് യോഗ്യത മറക്കാം

- Advertisement -

ഒലെയുടെ മാജിക്കും അറ്റാക്കിങ് ഫുട്ബോളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവും ഒക്കെ അകാലത്തിൽ തന്നെ പൊലിയുകയാണോ? ഇന്ന് ഗുഡിസൺ പാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെതിരെ കളിച്ച കളി കണ്ടാൽ ഈ ടീം ഇനി എപ്പോഴെങ്കിലും നല്ല ടീമായി മാറുമോ എന്ന് സംശയം ഉയരും. എവർട്ടണ് മുന്നിൽ തകർന്നടിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്.

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് തോറ്റ ക്ഷീണം തീർക്കാൻ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാഴ്സലോണ നൽകിയതിനേക്കാൾ വലിയ തോൽവി ആണ് എവർട്ടൺ കൊടുത്തത്. ബാഴ്സലോണക്ക് എതിരെ തുടക്കത്തിൽ കുറച്ച് നിമിഷങ്ങളിൽ എങ്കിലും നല്ല ഫുട്ബോൾ യുണൈറ്റഡ് കളിച്ചിരുന്നു എങ്കിൽ ഇന്ന് യുണൈറ്റഡ് ഒരു നല്ല അവസരം പോലും സൃഷ്ടിച്ചില്ല. ഒരു ടീമാണെന്ന് പോലും യുണൈറ്റഡിന്റെ ഇന്നത്തെ കളി കണ്ടാൽ തോന്നില്ല.

കളിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർദ്ദത്തിൽ ആയിരുന്നു. ആദ്യം റിച്ചാർലിസന്റെ ഒരു ഷോട്ട് സമർത്ഥമായി ഡി ഹിയ സേവ് ചെയ്തെങ്കിലും കളി ഗോൾരഹിതമായി അധിക സമയം നിന്നില്ല. 13ആം മിനുട്ടിൽ ഒരു ഓവർഹെഡ് കിക്കിലൂടെ ആദ്യം എവർട്ടൺ വലകുലുക്കി. 28ആം മിനുട്ടിൽ സിഗുർസണിലൂടെ രണ്ടാം എവർട്ടൺ ഗോളും വന്നു. ഗോളുകളുടെ എണ്ണം കൂടും തോറും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി മോശമായി തുടർന്നു.

രണ്ടാം പകുതിയിൽ ആശ്ലി യങും മക്ടോമിനെയും വന്നതോടെ മാഞ്ചസ്റ്റർ തകർച്ചയ്ക്ക് വേഗത കൂടി. 56ആം മിനുട്ടിൽ ഡിഗ്നെയും 64ആം മിനുട്ടിൽ വാൽകോട്ടും ഗോൾ നേടി മത്സരം 4-0 എന്ന സ്കോറിൽ എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എവർട്ടൺ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഈ ഗോളുകൾ നയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന എട്ടു മത്സരങ്ങൾക്കിടയിലെ ആറാം തോൽവി കൂടിയാണിത്.

ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ്പ് 4 പ്രതീക്ഷകൾ അവസാനിച്ചു എന്ന് പറയാം. ഇനിയും മത്സരങ്ങൾ ബാക്കി ഉണ്ട് എങ്കിലും ഇനി ടോപ്പ് 4ൽ എത്തണമെങ്കിൽ ടോട്ടൻഹാം, ചെൽസി, ആഴ്സണൽ എന്നീ ടീമുകൾ അമ്പരിപ്പിക്കുന്ന വിധത്തിൽ തകരേണ്ടി വരും. ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയും ചെൽസിക്ക് എതിരെയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത് ലീഗ് മത്സരങ്ങൾ.

Advertisement