സെൽഫ് ഗോൾ തുണച്ചു, സമനില നേടി ന്യൂകാസിൽ

- Advertisement -

രണ്ട് ഗോളുകൾക്ക് പിറകിൽ പോയിട്ടും ശക്തമായ തിരിച്ചു വരവ് നടത്തിയ ന്യൂ കാസിൽ യുണൈറ്റഡിന് വെസ്റ്റ് ബ്രോമിനെതിരെ 2-2 ന്റെ സമനില. റോബ്‌സൻ കാനു, സാമുവൽ ഫീൽഡ് എന്നിവരുടെ ഗോളിൽ മുന്നിലെത്തിയ വെസ്റ്റ് ബ്രോം 83 ആം മിനുട്ടിൽ ജോണി ഇവാൻസ് വഴങ്ങിയ സെൽഫ് ഗോളിലാണ് സമനില വഴങ്ങിയത് എന്നത് അവർക്ക് വൻ നിരാശയാകും സമ്മാനിക്കുക. താൽക്കാലിക പരിശീലകന് മെഗ്സന്റെ കീഴിൽ ആദ്യ ലീഗ് മത്സരം ജയിക്കാനുള്ള അവസരമാണ് അവർക്ക് നഷ്ടമായത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ റോബ്‌സൻ കാനുവാണ് വെസ്റ്റ് ബ്രോമിന്റെ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ 56 ആം മിനുട്ടിൽ സാമുവൽ ഫീൽഡ് വെസ്റ്റ് ബ്രോമിന്റെ ലീഡ് രണ്ടായി ഉയർത്തി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബെനീറ്റസിന്റെ ടീം തോൽവി വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റൻ സിയാരൻ ക്ലാർക്ക് ന്യൂ കാസിലിനായി ഒരു ഗോൾ മടക്കി. സമനില ഗോളിനായി ന്യൂ കാസിൽ ശ്രമിക്കുന്നതിനിടെ അവർക്ക് ലഭിച്ച ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിനിടെ റോൻഡോണിന്റെ കാലിൽ തട്ടിയ പന്ത് ജോണി ഇവാൻസിന്റെ ദേഹത്ത് തട്ടി വെസ്റ്റ് ബ്രോം വലയിൽ പതിച്ചു. സമനില വഴങ്ങിയെങ്കിലും ടോണി പ്യുലിസിന്റെ പുറത്താകലിന് ശേഷം താൽക്കാലിക പരിശീലകൻ ഗാരി മെഗ്സന്റെ കീഴിൽ പോരാട്ട വീര്യവും കളിയും പുറത്തെടുക്കുന്നത് വെസ്റ്റ് ബ്രോമിന് വരും ദിവസങ്ങളിൽ പോയിന്റുകൾ സമ്മാനിക്കും എന്ന് ഉറപ്പാണ്.

15 പോയിന്റുള്ള ന്യൂ കാസിൽ 12 ആം സ്ഥാനത്തും 12 പോയിന്റുള്ള വെസ്റ്റ് ബ്രോം 16 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement