കിരീട പോരിൽ പിന്നോട്ടില്ലാതെ ചെൽസിയും സ്പർസും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന്റെ അവസാന ആഴ്ചകളിലേക്കടുക്കുമ്പോൾ കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രകടനത്തോടെ ചെൽസിക്കും ടോട്ടൻഹാം ഹോട്സ്പറിനും വമ്പൻ ജയം. ലിവർപൂളും സിറ്റിയും ജയത്തോടെ ആദ്യ നാലിൽ നിന്ന് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനവും.

വൈറ്റ് ഹാർട്ട് ലൈനിൽ ചെൽസിയുമായുള്ള പോയിന്റ് വിത്യാസം 4 ആയി കുറക്കാനിറങ്ങിയ ടോട്ടൻഹാം വാട്ട്ഫോഡിനെ 4 ഗോളുകൾക്കാണ് തകർത്തത്. മത്സരത്തിന്റെ ആദ്യ 15 മിനുട്ടുകളിൽ നടത്തിയ ഏതാനും ശ്രമങ്ങൾ ഒഴിച്ചാൽ മത്സരത്തിൽ ഒരു നിമിഷം പോലും പൊരുതാൻ വാട്ട്ഫോഡിനായില്ല. 33 ആം മിനുട്ടിൽ ഡാലെ അലിയുടെ കിടിലൻ ലോങ് ഷോട്ട് ഗോളിൽ മുന്നിലെത്തിയ സ്പർസ് അധികം വൈകാതെ 39 ആം മിനുട്ടിൽ എറിക് ഡയറിന്റെ ഗോളിൽ ലീഡ് ഉയർത്തി, പിന്നീട് 44 ആം മിനുട്ടിൽ ഹ്യുങ് മിൻ സോണിന്റെ ഗോളിൽ ലീഡ് മൂന്നാക്കിയ സ്പർസ് ആദ്യ പകുതിയിൽ തന്നെ മത്സരം വാട്ട്ഫോഡിൽ നിന്ന് തട്ടിയെടുത്തു. മറുവശത്ത്‌ വാട്ട്ഫോർഡ് ആക്രമണ നിരക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ സോണ് തന്റെ രണ്ടാം ഗോളും നേടി സ്പർസിന്റെ ജയം ഉറപ്പിച്ചു.

സ്പർസ് ജയിച്ചതിൻറെ സമ്മർദത്തിൽ ബൗർമൗത്നെ അവരുടെ മൈതാനത്ത് നേരിടാനിറങ്ങിയ ചെൽസി പോയിന്റ് ടേബിളിൽ തങ്ങളുടെ 7 പോയിന്റ് ആധിപത്യം 3-1 ന്റെ ജയത്തോടെ പുനഃസ്ഥാപിച്ചു. പതിവ് പോലെ സാവധാനം ക്ഷമയോടെ തുടങ്ങിയ ചെൽസി 17 ആം മിനുട്ടിൽ ബോർമൗത് താരം ആദം സ്മിത്തിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തി, ഡിയഗോ കോസ്റ്റയുടെ ഷോട്ട് തടുക്കാൻ ശ്രമിച്ച സ്മിത്തിന് പിഴച്ചപ്പോൾ ചെൽസിക്ക് ലീഡ്. ലീഡ് നേടിയതോടെ ആക്രമിച്ചു കളിച്ച ചെൽസി 20 ആം മിനുട്ടിൽ ഈഡൻ ഹസാർസിലൂടെ ലീഡ് ഉയർത്തി, കാന്റെയുടെ മികച്ച പാസ് തന്റെ പതിവ് ശൈലിയിൽ ഗോളിയെയും മറികടന്ന ബെൽജിയൻ താരം ഗോളിലേക്ക്തിരിച്ചുവിട്ടു.  കഴിഞ്ഞ 8 കളികളിലും ഗോൾ വഴങ്ങിയ ചെൽസി ഇത്തവണയും പതിവ് ആവർത്തിച്ചപ്പോൾ ബോർമൗത് ഒരു ഗോൾ തിരിച്ചടിച്ചു, ജോഷ് കിങ്ങിന്റെ ഷോട്ട് ലൂയിസിനെ കാലിൽ തട്ടി ചെൽസി വലയിൽ പതിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ താളം കണ്ടെത്താനാവാതെ വിഷമിച്ച ചെൽസി പക്ഷെ പിന്നീട് 68 ആം മിനുട്ടിൽ മാർക്കോസ് ആലോൻസോയുടെ കൃത്യമായ ഫ്രീകിക്കിൽ ലീഡ് ഉയർത്തി. പിന്നീട് ബോർമൗത്തിന്‌കാര്യമായി ഒന്നും ചെയാനുമായില്ല. 31 കളികളിൽ നിന്നായി 75 പോയിന്റുള്ള ചെൽസി ഒന്നാമതും ഇത്ര തന്നെ കളികളിൽ നിന്ന് 68 പോയിന്റുള്ള സ്പർസ് രണ്ടാം സ്ഥാനത്തുമാണ്.

ഒടുവിൽ 3 കളികൾക്ക് ശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഹൾ സിറ്റിയെ 3-1 നാണ് സിറ്റി ടീം പരാജയപ്പെടുത്തിയത്. 31 ആം മിനുട്ടിൽ ഹൾ താരം എൽമോഹമ്മദിയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ സിറ്റിക്ക് വേണ്ടി പിന്നീട്‌ രണ്ടാം പകുതിയിൽ സെർജിയോ അഗ്യൂറോ, ഫാബിയാൻ ഡെൽഫ് എന്നിവർ ഗോൾ നേടി. ഹള്ളിനായി ആന്ദ്രേ റോനോഷിയ ഗോൾ മടക്കിയപ്പോയേക്കും ഏറെ വൈകിയിരുന്നു. 85 ആം മിനുട്ടിലായിരുന്നു ഹള്ളിന്റെ ആശ്വാസ ഗോൾ പിറന്നത്. 31 കളികളിൽ നിന്ന് 61 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്തും 32 കളികളിൽ നിന്ന് 30 പോയിന്റുള്ള ഹൾ 17 ആം സ്ഥാനത്തുമാണ്.

ബ്രസീലിയൻ താരങ്ങളുടെ ഗോളടി മികവിൽ ലിവർപൂളിന് സ്റ്റോക്കിനെതിരെ ജയം. സ്റ്റോക്കിന്റെ മൈതാനത്ത് 70 ആം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ ശക്തമായ തിരിച്ചു വരവ് നടത്തിയത്. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കി നിൽക്കെ ശകീരിയുടെ പാസ്സ് വലയിലെത്തിച്ചു ജോനാഥൻ വാൾട്ടർസാണ് സ്റ്റോക്കിന് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ഫിർമിനോ, കുട്ടിഞ്ഞോ എന്നിവരെ കളത്തിലിറക്കിയ ക്ളോപ്പിന്‌ അതിന്റെ ഫലം 70 ആം മിനുട്ടിൽ ലഭിക്കുകയും ചെയ്തു. 70 ആം മിനുട്ടിൽ കുട്ടീഞ്ഞോയിലൂടെ സമനില കണ്ടെത്തിയ ലിവർപൂൾ 72 ആം മിനുട്ടിൽ ഫിർമിനോയുടെ ഗോളിൽ ലീഡ് നേടുകയായിരുന്നു. 32 കളികളിൽ നിന്ന് 63 പോയിന്റുള്ള ലിവർപൂൾ 3 ആം സ്ഥാനത്തും, ഇത്ര തന്നെ കളികളിൽ നിന്ന് 36 പോയിന്റുള്ള സ്റ്റോക്ക് 13 ആം സ്ഥാനത്തുമാണ്.

5 കളികളിൽ തോൽവി വഴങ്ങി വിഷമത്തിലായ സാവൻ ബിലിച്ചിന്റെ വെസ്റ്റ് ഹാം യുണൈറ്റഡിന് സ്വന്തം മൈതാനത്ത് സ്വാൻസിക്കെതിരെ ആശ്വാസ ജയം. 44 ആം മിനുട്ടിൽ കുയാറ്റെ നേടിയ ഏക ഗോളാണ് ലണ്ടൻ ടീമിന് ആശ്വാസം പകർന്നത്. മത്സരത്തിൽ ഉടനീളം വെസ്റ്റ് ഹാം ആധിപത്യം തുടർന്നപ്പോൾ ലഭിച്ച ഏതാനും അവസരങ്ങൾ മുതലാക്കാൻ സ്വാൻസി താരങ്ങൾകുമായില്ല. ജയത്തോടെ 32 കളികളിൽ നിന്ന് 36 പോയിന്റായ വെസ്റ്റ് ഹാം 14 ആം സ്ഥാനത്തും, ഇത്ര തന്നെ കളികളിൽ നിന്ന് 28 പോയിന്റ് മാത്രമുള്ള സ്വാൻസി 18 ആം സ്ഥാനത്തുമാണ്.

വെസ്റ്റ് ബ്രോമിനെതിരെ അവരുടെ മൈതാനത്താണ് സൗത്താംപ്ടൻ ഏക ഗോളിന്റെ ജയം കണ്ടെത്തിയത്. 25 ആം മിനുട്ടിൽ മധ്യനിര താരം ജോർഡി ക്ളാസ്സിയാണ് സൈന്റ്സിന്റെ വിജയ ഗോൾ നേടിയത്. 30 കളികളിൽ നിന്ന് 40 പോയിന്റുള്ള സൗത്താംപ്ടൻ 9 ആം സ്ഥാനത്തും 32 കളികളിൽ നിന്ന് 44 പോയിന്റുള്ള വെസ്റ്റ് ബ്രോം 8 ആം സ്ഥാനത്തുമാണ്. സ്വന്തം മൈതാനത്ത് മത്സരത്തിൽ നേടിയ വ്യക്തമായ ആധിപത്യം ഗോൾ ആക്കി മാറ്റാൻ മിഡിൽസ്ബറോ മറന്നപ്പോൾ ബേർൻലികെതിരെ അവർക്ക് ഗോൾ രഹിത സമനില. 36 പോയിന്റുള്ള ബേൺലി 12 ആം സ്ഥാനത്തും 24 പോയിന്റ് മാത്രമുള്ള മിഡിൽസ്ബറോ 19 ആം സ്ഥാനത്തുമാണ്.