യുണൈറ്റഡ് – ആർസനൽ പോരാട്ടം സമനിലയിൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും ജയം കണ്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ആർസനലും സമനിലയിൽ പിരിഞ്ഞു.

ആർസനൽ-മാഞ്ചസ്റ്റർ യുണൈറ്റഡ്

ഓൾഡ്ട്രാഫോഡിൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഒലിവിയെ ജിറൂദ് നേടിയ ഗോളിൽ ആർസനൽ സമനില നേടി.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ആധിപത്യം പുലർത്തിയ യുണൈറ്റഡിന് വേണ്ടി 68 ആം മിനുട്ടിൽ ജുവാൻ മാറ്റയാണ്‌ഗോൾ നേടിയത്. ആന്ദ്രേ ഹെരേരയുടെ മികച്ചൊരു പാസ് ഗോളിന്റെ ഇടതുമൂലയിലേക്കു തൊടുത്താണ് മാറ്റ സ്വന്തം മൈതാനത്ത് യുണൈറ്റഡിന്റെ ലീഡ് നേടിയത്.
മത്സരത്തിന്റെ 88 ആം മിനുട്ട് വരെ യൂണൈറ്റഡിനെതിരെ മികച്ചൊരു ഷോട്ട് പോലും പായിക്കാനാവാതെ വിഷമിച്ച ആർസനലിന് വേണ്ടി അലക്സി സഞ്ചസിന് പകരക്കാരനായി ഇറങ്ങിയ ഒലിവിയെ ജിറൂദ് ആണ് സമനില ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്ന് ചെമ്പർലിൻ നൽകിയ പാസ് ഹെഡ്ഡറിലൂടെയാണ് ജിറൂദ് വലയിൽ എത്തിച്ചത്.

യുണൈറ്റഡ് മധ്യനിരയിൽ മാറ്റയും ഹെരേറെയും പോഗ്ബയും മികച്ച ഫോമിൽ കളിച്ചപ്പോൾ ആർസനൽ പലപ്പോഴും പ്രതിരോധത്തിലേക്കു പിൻവലിഞ്ഞു. പക്ഷെ അവസരങ്ങൾ മുതലാക്കുന്നതിലെ കൃത്യതയില്ലായ്മ യുണൈറ്റഡിന് വിലപ്പെട്ട 2 പോയിന്റ് നഷ്ടപ്പെടുത്തി.

നേരത്തെ വലൻസിയയെ ബോക്സിൽ വീഴ്ത്തിയത്തിനു അർഹമായ ഒരു പെനാൽറ്റി റഫറി നിഷേധിച്ചത് യുണൈറ്റഡിന് നിർഭാഗ്യമായി. ലീഗിൽ 19 പോയിന്റുമായി 6 ആം സ്ഥാനത്താണ് യുണൈറ്റഡ്‌. 25 പോയിന്റുള്ള ആർസനൽ 4 ആം സ്ഥാനത്തും.

മാഞ്ചസ്റ്റർ സിറ്റി – ക്രിസ്റ്റൽ പാലസ്

യായ തുറെ 2 ഗോൾ നേടി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സിറ്റി പാലസിനെ തോൽപിച്ചത്.

ഇന്നലെ ടീം ന്യൂസ് വന്നപ്പോൾ അപ്രതീക്ഷിതമായി ടീമിൽ ഇടം നേടിയ യായ തുറെ മത്സരത്തിൽ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 39 ആം മിനുട്ടിൽ നോലിട്ടൊയുടെ പാസ് വലയിലെത്തിച്ചാണ് തുറെ സീസണിലെ തന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിക്ക് ശേഷം 66 ആം മിനുട്ടിൽ കോനേർ വിക്കാമിലൂടെ പാലസ് തിരിച്ചടിച്ചു. ഗോൾ വഴങ്ങിയ ശേഷം തുടർച്ചയായ സിറ്റി ആക്രമണങ്ങളുടെ ഫലമായി 83 ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്ക്‌ വലയിലോട്ടു തിരിച്ചു വിട്ടാണ് തുറെ തന്റെ രണ്ടാം ഗോളും നേടി സിറ്റിക്ക് വിലപ്പെട്ട 3 പോയിന്റും സമ്മാനിച്ചത്. തുറെ തന്നെയാണ് മത്സരത്തിലെ മികച്ച താരം.
ജയത്തോടെ 27 പോയിന്റുമായി പോയിന്റ് ടേബിളിൽ ലിവർപൂളിന്‌ ഒപ്പമാണ് സിറ്റി. തുടർച്ചയായ അഞ്ചാം മത്സരവും തോറ്റ ക്രിസ്റ്റൽ പാലസ് 11 പോയിന്റുമായി 16 ആം സ്ഥാനത്താണ്.

ലിവർപൂൾ – സൗത്താംപ്ടൺ

പ്രീമിയർ ലീഗിലെ ഏറ്റവും അപകടകാരികളായ ആക്രമണ നിരയെ സൗത്താംപ്ടൺ വാൻ ഡൈകിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രതിരോധിച്ചപ്പോൾ ലിവർപൂളിന്‌ ഗോൾ രഹിത സമനില.

ലിവർപൂൾ ആക്രമണങ്ങളെ മികച്ച രീതിയിലാണ് മത്സരത്തിൽ ഉടനീളം സൗത്താംപ്ടൺ പ്രതിരോധ നിരയും അവരുടെ ഗോളി ഫോസ്റ്ററും നേരിട്ടത്, 27 ആം മിനുട്ടിൽ മാനെയുടെ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് അസാമാന്യ പ്രകടനത്തോടെ ഫോസ്റ്റർ തട്ടി അകറ്റി.

പതിവിനു വിപരീതമായി എതിർ ഗോൾ മുഖത്ത് ലിവർപൂൾ ആക്രമണ നിര ഗോൾ നേടാവുന്ന തുറന്ന അവസരങ്ങൾ പോലും പാഴാക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയിൽ ഫിർമിനോയും ചാനും കുട്ടിഞ്ഞോയുമൊക്കെ ഇത്തരത്തിൽ അവസരങ്ങൾ തുലച്ചതോടെ ലിവർപൂളിലെ തുടർച്ചയായ ജയങ്ങൾക്ക് അന്ത്യമായി. രണ്ടാം പകുതിയിൽ ലഭിച്ച അവസരം സൗത്താംപ്ടൺ സ്ട്രൈക്കർ ചാർളി ഓസ്റ്റിൻ നഷ്ടപെടുത്തിയില്ലായിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാവുമായിരുന്നു.

ജയം കാണാൻ ആയില്ലെങ്കിലും 27 പോയിന്റുള്ള ലിവർപൂൾ തന്നെയാണ് ലീഗിൽ ഒന്നാമത്. ഇന്ന് ചെൽസി ജയിച്ചില്ലെങ്കിൽ അടുത്ത ആഴ്ച വരെ ആ സ്ഥാനം അവർക്കു തുടരാനുമാവും. 14 പോയിന്റുള്ള സൗത്താംപ്ടൺ 10 ആം സ്ഥാനത്താണ്.

സ്വാൻസി – എവർട്ടൻ

സ്വാൻസി പരിശീലകൻ ബോബ് ബ്രാഡ്ലിക്ക് തന്റെ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ജയമുറപ്പിച്ച ഘട്ടത്തിൽ 89 ആം മിനുട്ടിൽ എവർട്ടൻ സമനില ഗോൾ നേടിയ മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.

ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച മത്സരത്തിൽ സിഗേർസനെ ബോക്സിൽ വീഴ്ത്തിയത്തിനു ലഭിച്ച പെനാൽറ്റി ഗോളിലാക്കിയാണ്‌ഹാഫ് ടൈമിനു തൊട്ടു മുൻപ് സ്വാൻസി മുന്നിലെത്തിയത്. സിഗേർസൻ തന്നെയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബൊലാസിയും റോസ് ബാർക്ലിയും അവസരങ്ങൾ നഷ്ടപെടുത്തിയതോടെ എവർട്ടൻ പരാജയം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് മികച്ചൊരു ഹെഡ്ഡറിലൂടെ കോൾമാൻ സമനില ഗോൾ നേടിയത്. 19 പോയിന്റുമായി എവർട്ടൻ 7 ആം സ്ഥാനത്താണ്. സ്വാൻസിയാവട്ടെ വെറും 6 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനക്കാരായി.

സണ്ടർലാൻഡ് – ഹൾ സിറ്റി

ഡേവിഡ് മോയസും ടീമും പതുക്കെ ലീഗിൽ താളം കണ്ടെത്തുകയാണ്. ജേർമൈൻ ഡിഫോയെന്ന പ്രീമിയർ ലീഗ് കണ്ട മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ തന്റെ 150 ആം ഗോൾ നേടി കളം നിറഞ്ഞപ്പോൾ ഏറെ പഴികേട്ട ഡേവിഡ് മോയസിന് ലീഗിൽ തുടർച്ചയായ രണ്ടാം ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ ഹൾ സിറ്റിയെ തകർത്തത്.

34 ആം മിനുട്ടിൽ ബോക്സിൽ മനോഹരമായ ഫിനിഷിലൂടെയാണ് ഡിഫോ തന്റെ 150 ആം പ്രീമിയർ ലീഗ് ഗോൾ നേടി സണ്ടർലന്റിനെ മുന്നിൽ എത്തിച്ചത്. എന്നാൽ കളിയിലെ താരമായി മാറിയത് സണ്ടർ ലാൻഡ് താരം വിക്ടർ അനിച്ചെബിയാണ് . 64 ആം മിനുട്ടിൽ കരുത്തുറ്റ ഷോട്ടിലൂടെ അനിച്ചെബി ടീമിന്റെ ലീഡ് ഉയർത്തി. 84 ആം മിനുട്ടിൽ ഡിഫോയുടെ പാസ് സ്വീകരിച്ച അനിച്ചെബി തന്റെ 2 ആം ഗോളും നേടി ടീമിന്റെ 3 ആം ഗോളും 3 പോയിന്റും ഉറപ്പുവരുത്തി. പക്ഷെ ഡിഫൻഡർ പാപി ഡിലോബോജി 89 ആം മിനുട്ടിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായെങ്കിലും അത് മുതലാക്കാൻ മാത്രം സമയം ഹൾ സിറ്റിക്ക് ലഭിച്ചതുമില്ല.
ജയത്തോടെ 8 പോയിന്റുള്ള സണ്ടർലാന്റ് ലീഗിലെ അവസാന സ്ഥാനക്കാർ എന്ന ചീത്തപ്പേര് മാറ്റി 19 ആം സ്ഥാനത്തെത്തി. 10 പോയിന്റുള്ള ഹൾ 18 ആം സ്ഥാനത്താണ്.

വാട്ട് ഫോർഡ് – ലെസ്റ്റർ സിറ്റി

ചാമ്പ്യന്മാരുടെ കഷ്ടകാലം തുടരുകയാണ് ലീഗിൽ. 2-1 നാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ മസാരിയുടെ ടീമിനോട് തോൽവി അറിഞ്ഞത്. ആദ്യ മിനുട്ടിൽ തന്നെ പിന്നിലായിപോയ ലെസ്റ്റർ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വാട്ട്ഫോഡിന് ഭീഷണിയായില്ല.

വെറും 30 സെക്കന്റുകൾ മാത്രമാണ് കപ്പുവിന് വാട്ട്ഫോഡിനെ മുന്നിൽ എത്തിക്കാൻ വേണ്ടി വന്നത്.

ഡീനിയുടെ മികച്ചൊരു ഹെഡ്ഡർ പാസ് തന്റെ പതിവ് ശൈലിയിൽ ശക്തമായൊരു ഷോട്ടിലൂടെ കപ്പു ലെസ്റ്റർ വലയിൽ എത്തിച്ചു. 12 ആം മിനുട്ടിൽ മുൻ യുവന്റസ് താരം റോബർട്ടോ പെരേര മികച്ച ഷോട്ടിലൂടെ വാട്ട് ഫോഡിന്റെ ലീഡ് 2 ആയി ഉയർത്തി. എന്നാൽ 15 ആം മിനുട്ടിൽ വാർഡിയെ ബോക്സിൽ വീഴ്ത്തിയത്തിനു ലഭിച്ച പെനാൽറ്റി ഗോളാക്കി റിയാദ് മഹ്റസ് ലെസ്റ്ററിന് തിരിച്ചു വരവിനായുള്ള പ്രതീക്ഷ നൽകി. പക്ഷെ രണ്ടാം പകുതിയിൽ അഹമ്മദ് മൂസയെ അടക്കം കളത്തിലിറക്കി റനിയേരി സമനില ഗോളിനായി ശ്രമിച്ചെങ്കിലും മികച്ച വാട്ട് ഫോർഡ് പ്രതിരോധം തടസ്സമായി.

ഇന്നത്തെ ജയത്തോടെ 18 പോയിന്റായ വാട്ട്ഫോർഡ് 8 ആം സ്ഥാനത്താണ്. ലെസ്റ്റർ ആവട്ടെ വെറും 12 പോയിന്റുമായി 14 ആം സ്ഥാനത്താണ്.

ടോട്ടൻഹാം – വെസ്റ്റ് ഹാം

2 ലണ്ടൻ ടീമുകൾ തമ്മിൽ നേരിടുമ്പോൾ ഉണ്ടായിരിക്കേണ്ട സകല ആവേശവും നിറഞ്ഞ മത്സരത്തിൽ ഒടുവിൽ പോചേറ്റിനോയുടെ സ്പർസിന് 3-2 ന്റെ ത്രസിപ്പിക്കുന്ന ജയം. 2 തവണ മുന്നിൽ നിന്ന ശേഷമാണ് സാവൻ ബിലിച്ചിന്റെ വെസ്റ്റ് ഹാം തോൽവി വഴങ്ങിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ 12 മത്സരങ്ങളിൽ ഒരു തോൽവി പോലും വഴങ്ങാത്ത ഏക ടീമെന്ന ഖ്യാതി സ്പർസ് നിലനിർത്തി.

24 ആം മിനുട്ടിൽ മികായേൽ അന്റോണിയോയിലൂടെയാണ് വെസ്റ്റ് ഹാം ലീഡ് നേടിയത്. എന്നാൽ 51 ആം മിനുട്ടിൽ ഹാരി വിങ്ക്സ് എന്ന അരങ്ങേറ്റകാരനിലൂടെ സ്പർസ് ഒപ്പമെത്തി. 68 ആം മിനുട്ടിൽ അനാവശ്യ ഫൗളിലൂടെ വിൻസെന്റ് റീഡിനെ യാൻസൻ വീഴ്ത്തിയത്തിനു ലഭിച്ച പെനാൽട്ടി ലാൻസിനി വലയിലെത്തിച്ചതോടെ വെസ്റ്റ് ഹാം വീണ്ടും മത്സരത്തിൽ പിടി മുറുക്കി. 89 ആം മിനുട്ടിൽ സോൺന്റെ പാസ് ക്ലിയർ ചെയ്യുന്നതിൽ വെസ്റ്റ് ഹാം ഡിഫണ്ടർമാർ പരാജയപ്പെട്ട അവസരം മുതലെടുത്ത് ഹരി കെയ്ൻ സ്പർസിന്റെ സമനില ഗോൾ നേടി. അഡീഷണൽ സമയത്തിന്റെ ആദ്യ മിനുട്ടിൽ സോൺ നെ വീഴ്ത്തിയത്തിനു പെനാൽറ്റി ലഭിച്ചതോടെ സ്പർസ് ജയം ഉറപ്പിച്ചു. സ്പോട്ടിൽ നിന്ന് ഹാരി കെയ്ൻ 2 മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോളും നേടിയതോടെ വെസ്റ്റ് ഹാമിന്റെ വിധി വെറും 2 മിനുട്ടിനിടക് മാറി.

7 കളികൾക്കിടക് ആദ്യ ജയം സ്വന്തമാക്കിയ സ്പർസ് 24 പോയിന്റുമായി 5 ആം സ്ഥാനത്തും 11 പോയിന്റുള്ള വെസ്റ്റ് ഹാം 17 ആം സ്ഥാനത്തുമാണ്.

ഇന്ന് നടക്കുന്ന ഏക പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസി മിഡിൽസ്ബ്രോയെ നേരിടും.

Advertisement