കൊണ്ടേ ഒക്ടോബറിലെ മികച്ച പരിശീലകൻ,ഹസാർഡ് മികച്ച താരം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ മികച്ച പരിശീലകനായി ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച കളിക്കാരനുള്ള അവാർഡ് ചെൽസി താരം ഈഡൻ ഹസാർഡും നേടി,നേരത്തെ പ്രീമിയർ ഫാൻസ്‌ പ്ലെയർ ഓഫ് ദി മന്ത് അവാർഡും ഹസാർഡ് നേടിയിരുന്നു.

ഒക്ടോബർ മാസത്തിൽ ചെൽസിയുടെ അസാമാന്യ പ്രകടനമാണ് യുർഗൻ ക്ളോപ്പ് അടക്കമുള്ളവരെ പിന്തള്ളി കൊണ്ടേയെ അവാർഡിന് അർഹനാക്കിയത്.

ഒക്ടോബറിൽ കളിച്ച 4 കളികളിൽ നാളിലും ചെൽസി ജയം കണ്ടിരുന്നു.
ഹൾ സിറ്റി,ലെസ്റ്റർ സിറ്റി,മാഞ്ചസ്റ്റർ യുണൈറ്റഡ്,വെസ്റ്റ് ഹാം എന്നീ ടീമുകളെയാണ് ചെൽസി തോൽപിച്ചത്. ഈ നാല് കളികളിൽ നിന്നായി 11 ഗോളുകൾ നേടിയ ചെൽസി ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല.

സെപ്തംബറിൽ ആർസനലിനോട് 3-0 ത്തിന് തോൽവി വഴങ്ങിയ ചെൽസിയെ പിന്നീട് ഫോർമേഷനിലും
ടീമിലും അടക്കം വൻ മാറ്റം നടത്തിയാണ് കൊണ്ടേ ടീമിനെ വിജയ വഴിയിൽ തിരിച്ചെത്തിച്ചത്. 25 പോയിന്റുമായി ലീഗിൽ ലിവർപൂളിന്‌പിന്നിൽ രണ്ടാമതാണ് ചെൽസി.

അതേ സമയം മിന്നും ഫോമിലാണ് ഈഡൻ ഹസാർഡ് എന്ന ബെൽജിയം താരം. ചെൽസിയുടെ 3-4-3 ഫോർമേഷനിൽ തന്റെ ആക്രമ ശക്തി മുഴുവൻ പ്രകടനത്തിൽ പുറത്തെടുക്കുന്ന ഹസാർഡ് ഗോൾ അടിച്ചും അടിപ്പിച്ചും കളം നിറയുന്ന കാഴ്ചയാണ് ഒക്ടോബറിൽ കണ്ടത്.തുടർച്ചയായ 4 കളികളിൽ ഗോൾ നേടി കരിയറിലെ തന്നെ മികച്ച ഫോമിലാണ് ചെൽസി താരം. ചെൽസിയുടെ തന്നെ ഡിയഗോ കോസ്റ്റ,എൻകോലോ കാൻറെ എന്നിവരെയും ലിവർപൂളിലെ കുട്ടിഞ്ഞോ,സ്റ്റോക്ക് സിറ്റിയുടെ ജോ അലൻ തുടങ്ങിയവരെ പിന്തള്ളിയാണ് ഹസാർഡ് നേട്ടം കൈവരിച്ചത്.

ഞായാറാഴ്ച മിഡിൽസ് ബ്രോക്കെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.

Advertisement