വീണ്ടും മൊറാത്ത, ഹാട്രിക് ജയവുമായി ചെൽസി

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെ 2-1 ന് മറികടന്ന ചെൽസിക്ക് ലീഗിൽ തുടർച്ചയായ മൂന്നാം ജയം. ചെൽസിക്കായി ആൽവാരോ മൊറാത്തയും എൻഗോലോ കാന്റെയും ഗോളുകൾ നേടിയപ്പോൾ ലെസ്റ്ററിന്റെ ഏക ഗോൾ ജാമി വാർഡിയുടെ വകയായിരുന്നു.

തുടക്കം മുതൽ ആധിപത്യം പുലർത്തിയ ചെൽസിക്ക് പക്ഷെ ഫിനിഷിങിലും ഫൈനൽ പാസുകളിലും പിഴച്ചപ്പോൾ ആദ്യ ഗോളിനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. 41 ആം മിനുട്ടിൽ ആസ്പിലിക്വറ്റയുടെ പാസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കി മൊറാത്ത തന്റെ ചെൽസിക്കായുള്ള മൂന്നാം ഗോൾ നേടി, മൂന്നും ഹെഡ്ഡറുകൾ ആയിരുന്നു എന്നതും പ്രത്യേകതയായി. ലെസ്റ്റർ ആവട്ടെ ഏതാനും അർദ്ധ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ചെൽസി പ്രതിരോധത്തെ പരീക്ഷിക്കാൻ അവർക്ക് ആദ്യ പകുതിയിൽ ആയില്ല.

രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് ലെസ്റ്റർ കളത്തിൽ ഇറങ്ങിയത്. ഇസ്‍ലാംലാം സിൽമാനിക്ക് പകരം ഡിമാരി ഗ്രെയും , ആൻഡി കിങ്ങിന് പകരം ആൽബ്രൈറ്റനും ഇറങ്ങി. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ലെസ്റ്ററിന്റ പഴയ താരം എൻഗോലോ കാന്റെ ബോക്സിങ് പുറത്തു നിന്ന് തൊടുത്ത ഷോട്ട് ലെസ്റ്റർ ഗോളിയെയും കടന്ന് വലയിലായതോടെ ചെൽസിയുടെ ലീഡ് രണ്ടായി. പക്ഷെ പിന്നീട് മത്സരം ചെൽസിയുടെ നിയന്ത്രണത്തിൽ നിന്ന് നഷ്ടമാവുന്നതാണ് കണ്ടത്. 62 ആം മിനുട്ടിൽ കുർട്ടോയുടെ പിഴവിന് റഫറി ലെസ്റ്ററിന് പെനാൽറ്റി നൽകി, കിക്കെടുത്ത വാർഡി മികച്ച രീതിയിൽ ഗോളാക്കിയതോടെ ചെൽസി പ്രതിരോധത്തിലായി. അവസാന നിമിഷങ്ങളിൽ ലെസ്റ്റർ സമനില ഗോൾ കണ്ടെത്തിയയേക്കും എന്ന ഘട്ടം വരെ എത്തിയെങ്കിലും കൂട്ടായ ചെൽസി പ്രതിരോധം ഒരു വിധം ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ 9 പോയിന്റുള്ള ചെൽസി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ലെസ്റ്റർ ആവട്ടെ വെറും 3 പോയിന്റുമായി 17 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial