പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിക്കും സ്പർസിനും നിർണായക പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടുന്ന ചെൽസിക്കും ടോട്ടൻഹാമിനും ഇന്ന് നിർണായക പോരാട്ടങ്ങൾ. ചെൽസിക്ക് ഇന്ന് എതിരാളികൾ എവർട്ടനും സ്പർസിന് ലണ്ടൻ ഡെർബിയിൽ ആഴ്സണലുമാണ് എതിരാളികൾ.

ചെൽസിക്ക് ഇന്ന് ജയിക്കാതെ പറ്റില്ല. സ്പർസ് ആഴ്സണലിനെ നേരിടുന്നതിന് മുൻപേ കളത്തിലിറങ്ങുന്ന അവർ ജയത്തോടെ സ്പർസിന് കടുത്ത സമ്മർദ്ദം സൃഷ്ടിക്കുക എന്നു തന്നെയാവും ലക്ഷ്യം വെക്കുക. പക്ഷെ എവർട്ടന്റെ സ്വന്തം കളിതട്ടായ ഗോഡിസൻ പാർക്കിൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല നീല പടക്ക്. സീസൺ തുടക്കത്തിൽ ചെൽസിയോട് ഏറ്റ 5 ഗോളിന്റെ പരാജയത്തിന് പകരം വീട്ടുക എന്നതും ട്ടോഫീസ് ലക്ഷ്യം വെക്കുമ്പോൾ മികച്ചൊരു മത്സരം തന്നെയാവും നടക്കുക. ഡിയാഗോ കോസ്റ്റ ഫോമിൽ തിരിച്ചെത്തിയത് ചെൽസിക്ക് ആശ്വാസമാവും , ഈഡൻ ഹസാർഡിന്റെ ഫോമും മികച്ചു തന്നെ നിൽക്കുന്നു. കൊണ്ടേയുടെ 3-4-3 ഫോർമേഷനിൽ കളിക്കുന്ന സ്ഥിരം കളിക്കാർ എല്ലാം മികച്ച ഫിറ്റ്നസ് വീണ്ടെടുത്തിട്ടുമുണ്ട്. ലുകാക്കുവിൽ തന്നെയാവും കൂമാന്റെ പ്രതീക്ഷകൾ അത്രയും, ഹോം മത്സരങ്ങളിലെ മികച്ച ഫോമും എവർട്ടന് ആത്മവിശ്വാസമേകും.

കിരീട പോരാട്ടത്തിൽ നിര്ണായകമായേക്കാവുന്ന പോരാട്ടമാണ് ടോട്ടൻഹാമിന് ഇന്ന് സ്വന്തം മൈതാനമായ വൈറ്റ് ഹാർട്ട് ലൈനിൽ നടക്കുക. വൈറ്റ് ഹാർട്ട് ലൈനിൽ സ്പർസിന്റെ അവസാന മത്സരവുമാവും ഇത്, അടുത്ത സീസണിൽ ഹോം മത്സരങ്ങൾ വെംബ്ലി സ്റ്റെഡിയത്തിലേക്ക് മാറുന്ന അവർക്ക് അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം മാനസികമായും ഏറെ വിലപ്പെട്ടതാണ്. ആദ്യ നാലിൽ ഇടം കണ്ടെത്താനുള്ള സാഅധ്യതകൾ നില നിർത്തണമെങ്കിൽ ആഴ്സണലിന് ഇന്ന് ജയം അനിവാര്യവുമാണ്. ആക്രമണ നിരയിൽ തന്നെയാവും സ്പർസിന്റെ പ്രതീക്ഷ, അലിയും ,കെയ്‌നും , എറിക്സനും അടക്കമുള്ളവർ മികച്ച ഫോമിലുമാണ്. ആഴ്സണൽ ആവട്ടെ 3-4-3 ശൈലിയിലേക്ക് മാറിയ ശേഷം മത്സരങ്ങൾ ജയിച്ചു തുടങ്ങിയതിന്റെ ആത്മാവിശ്വാസത്തിലുമാണ്. ഏതായാലും ബദ്ധവൈരികൾ തമ്മിൽ നിലവിലെ വൈറ്റ് ഹാർട്ട് ലൈനിലെ അവസാന പോരാട്ടം പൊടി പാറും എന്ന് ഉറപ്പാണ്.

തോൽവി അറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നിർണായക പോരാട്ടം തന്നെയാണ്. ജയത്തോടെ ടോപ്പ് 4 ഇൽ മടങ്ങിയെത്താൻ തന്നെയാവും അവരുടെ ലക്ഷ്യവും. പക്ഷെ ടീമിലെ മിക്ക കളിക്കാരും പരിക്കിന്റെ പിടിയിലാണ്. പോഗ്ബ, റോഹോ, ഇബ്രാഹിമോവിച് , എന്നിവർ പരിക്കിന്റെ പിടിയിലും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ഫെല്ലയ്‌നി സസ്പെന്ഷനിലുമാണ്. എന്നാലും രാഷ്ഫോഡ് അടക്കമുള്ള യുവനിരയിൽ വിശ്വാസമർപ്പിച്ചു മൗറീഞ്ഞോ സ്വാൻസിക്കെതിരെ ജയം തന്നെയാവും ലക്ഷ്യമിടുക. 18 ആം സ്ഥാനത്ത് തുടരുന്ന സ്വാൻസി തരം താഴ്ത്തൽ ഭീഷണിയിൽ ഹൾ സിറ്റിയുമായി കടുത്ത പോരാട്ടത്തിലുമാണ്. നിർണായകമായ കഴിഞ്ഞ മത്സരത്തിൽ ജയത്തോടെ തിരിച്ചുവന്ന അവരുടെ ആത്മവിശ്വാസം ഇത്തവണയും തുടർന്നാൽ യുണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല.

ഇനിയൊരു പോയിന്റ് നഷ്ട്ടം ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് മേൽ കടുത്ത ഭീഷണിയാവും എന്ന് അറിയാവുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ദുർബലരായ മിഡിൽസബറോയാണ്. നിലവിലെ ഫോമിൽ സിറ്റിക്കാണ് സാധ്യതയെങ്കിലും ഇന്നൊരു തോൽവി തരം താഴ്ത്തലിൽ വരെ അവസാനിച്ചേക്കാം എന്ന ബോധം മിഡിൽസ്ബറോ താരങ്ങളെ ഉണർത്തിയാൽ സിറ്റിക്ക് മത്സരം കടുത്തതായേക്കും. പരിക്ക് മാറി ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് തിരിച്ചു വന്നതും സിറ്റിക്ക് മുൻതൂക്കം നൽകുന്നു.