ആഴ്സനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൗണ്ട് 17ലെ രണ്ടാം ദിവസത്തെ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, സൗത്താംപ്ടൺ ടീമുകൾക്ക് വിജയം.

മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പെപ് ഗാർഡിയോളയുടെ ടീം തോൽപിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ സാഞ്ചസ് നൽകിയ മനോഹരമയൊരു പാസ് വലയിലേക്ക് തിരിച്ചു വിട്ട് തിയോ വാൽക്കോട്ട് ആതിഥേയർക്കെതിരെ ആഴ്സനലിനു ലീഡ് നൽകി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡേവിഡ് സിൽവ നൽകിയ പന്ത് വലയിൽ എത്തിച് സേയ്ൻ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തി. തുടർന്ന് തീർത്തും നിറം മങ്ങി കളിച്ച ആഴ്‌സനൽ ഗോള്മുഖത്ത് തുടർച്ചയായ ആക്രമണം അഴിച്ചു വിട്ട മാഞ്ചസ്റ്റർ സിറ്റി 71ആം മിനിറ്റിൽ റഹീം സ്റ്റർലിംഗ് നേടിയ മനോഹരമായ ഒരു ഗോളിലൂടെ ലീഡ് എടുക്കുകയും മത്സരം സ്വന്തമാക്കുകയുമായിരുന്നു. ജയത്തോടെ ലിവർപൂളിലെ പിന്തള്ളി 36 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.

മറ്റൊരു പ്രധാന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ ബേൺലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു മറികടന്നു. ടോട്ടൻഹാമിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 21ആം മിനിറ്റിൽ ആഷ്‌ലി ബാർനെസ് നേടിയ ഗോളിലൂടെ ബേൺലി ലീഡ് എടുത്തിരുന്നു. പക്ഷെ 27ആം മിനിറ്റിൽ ഡിലെ അല്ലി നേടിയ ഗോളിലൂടെ സമനില വാങ്ങിയ ടോട്ടൻഹാം നിരന്തരം ബേൺലി ഗോൾമുഖത് ഭീതി വിതച്ചെങ്കിലും എല്ലാം പ്രതിരോധത്തിൽ തട്ടി മടങ്ങുകയായിരുന്നു. സമനിലയിലേക്കെന്നു തോന്നിച്ച മത്സരത്തിന്റെ 71ആം മിനിറ്റിൽ ഡാനി റോസ് നേടിയ ഗോളിലൂടെ ലീഡ് എടുത്ത ടോട്ടൻഹാം മൂന്ന് പോയിന്റ് സ്വന്തമാക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ സൗത്താംപ്ടൺ ബേൺമൗത്തിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഏഴാം സ്ഥാനത്തെക്കെത്തി. ഇന്ന് രാത്രി നടക്കുനാണ് മറ്റൊരു മത്സരത്തിൽ ലിവർപൂൾ ശക്തരായ എവർട്ടണെ നേരിടും. ഇന്ന് ജയിക്കാനായാൽ ലിവർപൂളിന് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്താം.