പ്രീമിയർ ലീഗിൽ ഇന്ന് നിലനിൽപിനായുള്ള പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ന് ലീഗിലെ പ്രമുഖർക്കൊന്നും കളിയില്ല. പക്ഷെ പോയിന്റ് ടേബിളിൽ മുഖളിലുള്ളവർ തമ്മിലുള്ള പോരിനെക്കാൾ ആവേശകരമായ പോരാട്ടങ്ങൾ താഴെ ലീഗിൽ നില നിൽപിനായി നടക്കുന്നുണ്ട്. ലീഗിലെ പിന്നോക്കകാരുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളാണ് ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറുക.

ലീഗിൽ തോറ്റ് മടുത്ത ഡേവിഡ് മോയസിന്റെ സണ്ടർലാന്റിന് എതിരാളികൾ ബോർണ്മത്താണ്. അവസാന മത്സരത്തിൽ ദുർബലരായ മിഡിൽസബറോയോട് വരെ തോൽവി വഴങ്ങിയ മോയസിന്റെ ടീം താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ബോർണ്മത്തിനോട് ജയിക്കണമെങ്കിൽ കാര്യമായി തന്നെ ഓണിയെടുക്കേണ്ടി വരും. ഗോളടിക്കാൻ മറന്ന മുന്നേറ്റ നിരയാണ് മോയസ് നേരിടുന്ന പ്രധാന പ്രശ്നം. സീസണിൽ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന സ്‌ട്രൈക്കർ ഡിഫോ വരെ ഇപ്പോൾ ശരാശരിക്കും താഴെയാണ് പ്രകടനം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഹൾ സിറ്റി ജയിച്ചാൽ സണ്ടർലാൻഡ് ലീഗിൽ നിന്ന് തരം താഴ്ത്തപ്പെടും എന്ന് ഉറപ്പാക്കും.

ക്രെഗ് ഷേക്സ്പിയറിന് കീഴിൽ മികച്ച തുടക്കം നേടിയ ലെസ്റ്റർ സിറ്റിക്ക് പക്ഷെ കഴിഞ 5 മത്സരങ്ങളിൽ ജയിക്കാനായിട്ടില്ല. ഇത്തവണ അവർക്ക് എതിരാളികൾ വെസ്റ്റ്ബ്രോമാണ്. മികച്ച പ്രതിരോധമുള്ള വെസ്റ്റ് ബ്രോമിനെതിരെ അവരുടെ സ്വന്തം മൈതാനത്ത് കളിക്കുക എന്നത് അവർക്ക് അത്ര എളുപ്പമുള്ള കാര്യമാവില്ല. പക്ഷെ വെസ്റ്റ് ബ്രോം ആക്രമണ നിരയുടെ ഫോം ഇല്ലായ്മ മുതലാക്കാൻ ലെസ്റ്ററിനായാൽ അവർക്ക് ജയ സാധ്യതയുണ്ട്. കഴിഞ്ഞ 4 മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ നേടാൻ വെസ്റ്റ്ബ്രോമിനായിട്ടില്ല. ലെസ്റ്റർ നിരയിൽ പരിക്കേറ്റ വെസ് മോർഗൻ, ഇസ്ലാം സിൽമാനി എന്നിവർ കളിക്കുമോ എന്ന് ഉറപ്പില്ല.

തരം താഴ്ത്തലിൽ അവസാനിച്ചേക്കാവുമായിരുന്ന ഒരു സീസണിൽ മികച്ച പ്രകടനത്തോടെ തിരിച്ചുപിടിച്ചു ബിഗ് സാമിന്റെ ക്രിസ്റ്റൽ പാലസിന് എതിരാളികൾ ബേൺലിയാണ്. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ സ്പർസിനോട് തോറ്റെങ്കിലും പാലസിന് തന്നെയാണ് സാധ്യത കൂടുതൽ. പ്രത്യേകിച്ചും എവേ മത്സരങ്ങളിൽ ബേൺലീയുടെ ശരാശരിക്കും താഴെ ഉള്ള പ്രകടനം നോക്കുമ്പോൾ. ക്രിസ്ത്യൻ ബെൻറ്റക്കെയും സാഹയും അടക്കമുള്ള ആക്രമണ നിരയെ ബേൺലീയുടെ പ്രതിരോധം എങ്ങനെ തടയുന്നു എന്നതിന് അനുസരിച്ചിരിക്കും അവരുടെ മത്സരത്തിലെ സാധ്യതകൾ.

ലീഗ് അവസാനിക്കാൻ ഹൾ സിറ്റിക്ക് ഇനി ബാക്കിയുള്ളത് വെറും 4 മത്സരങ്ങൾ മാത്രമാണ്. നിലവിൽ 33 പോയിന്റുമായി 17 ആം സ്ഥാനത്തിരിക്കുന്ന അവർക്ക് ഇന്ന് സൗത്താംപ്ടനുമായി നടക്കുന്ന മത്സരത്തിൽ ജീവൻ മരണ പോരാട്ടമാണ്. 31 പോയിന്റുമായി തൊട്ടുപിറകിൽ നിലനിൽപ്പിനായി പോരാടുന്ന സ്വാൻസിയുമായുള്ള അകലം നിലനിർത്തണമെങ്കിൽ അവർക്ക് ജയിക്കാതെ വയ്യ. കഴിഞ്ഞ മത്സരത്തിൽ ചെൽസിയോട് തോറ്റെങ്കിലും സൗത്താംപ്ടൻ മികച്ച ടീം തന്നെയാണ്. എവേ മത്സരങ്ങളിൽ ഹൾ പ്രകടനം തീർത്തും മോശമാണ് എന്നതും സ്വന്തം കളത്തിൽ.കളിക്കാനിറങ്ങുന്ന സൗത്താംപ്ടണ്‌ പ്രതീക്ഷ നൽകും. നിലവിൽ 9 ആം സ്ഥാനത്തുള്ള അവർ വെസ്റ്റ് ബ്രോമിനെ മറികടന്ന് മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനാവും ശ്രമിക്കുക.

പ്രകടനത്തിലെ സ്ഥിരതയില്ലായ്മകൊണ്ട് ഏറെ പഴി കേട്ട രണ്ട്‌ ടീമുകളുടെ പ്രകടനമാവും സ്റ്റോക്കിന്റെ ബ്രിട്ടാനിയ സ്റ്റേഡിയത്തിൽ നടക്കുന്ന സ്റ്റോക് സിറ്റി – വെസ്റ്റ് ഹാം പോരാട്ടം. ഇന്ന് ജയിച്ചാൽ വെസ്റ്റ് ഹാം പോയിന്റ് ടേബിളിൽ സ്‌റ്റോക്കിനെ മറികടന്ന് 11 ആം സ്ഥാനത്തെത്തും. സ്‌ട്രൈക്കർ ആൻഡി കാരോൾ ഇത്തവണയും വെസ്റ്റ് ഹാമിനായി കളിച്ചേക്കില്ല. പരിക്കേറ്റ കാരോളിന് പകരം ആന്ദ്രേ ആയു തന്നെയാവും ഇത്തവണയും കളിക്കുക. സ്റ്റോക് നിരയിൽ വാൽറ്റേഴ്സും കളിച്ചേക്കില്ല.