ആർസനലിൽ യുഗാന്ത്യം? ശരിക്കും?

ലോകഫുട്ബോളിലെ ഏറ്റവും വിചിത്രവും മനോഹരവുമായുള്ള പ്രണയ കഥയാണ് ആർസനൽ ഫുട്ബോൾ ക്ലബിനും ആർസ്നെ വെങ്ങറിനും പറയാനുള്ളത്. ഏതാണ്ട് അതിലും വിചിത്രമാണ് ആർസനൽ ഫാൻസും ആർസ്നെ വെങ്ങറുമായുള്ള ബന്ധം. വെങ്ങറെ പുറത്താക്കാൻ പറയുമ്പോഴും ഒരു സ്നേഹം എന്നും അവർ വെങ്ങറോട് കാത്ത് സൂക്ഷിക്കാറുണ്ട്. കഴിഞ്ഞ 21 വർഷമായി ആർസനൽ പരിശീലകനായി തുടരുന്ന വെങ്ങർ ക്ലബ് വിടും എന്ന് കേൾക്കാൻ തുടങ്ങി കുറെ വർഷങ്ങളായി എന്നാൽ മുമ്പത്തേക്കാൾ വാസ്തവം ഇപ്രാവശ്യം ഉണ്ടെന്നാണ് സൂചന. സ്ഥാനമേറ്റ ശേഷം ആർസനലിനേയും ഇംഗ്ലീഷ് ഫുട്ബോളിനേയും അടിമുടി മാറ്റിയ വെങ്ങർക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി അത്ര നല്ല കഥയല്ല പറയാനുള്ളത്. സ്ഥാനമേറ്റ ആദ്യ എട്ട് വർഷത്തിനിടെ 3 പ്രീമിയർ ലീഗും, 4 എഫ്.എ കപ്പും അടക്കം നേടി ആർസനലിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെയെത്തിച്ച വെങ്ങറിനെ പിന്നീട് ക്ലബ് നേരിട്ട സാമ്പത്തിക പരാധീതകൾ വലച്ചു. എങ്കിലും തുടർച്ചയായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുത്ത വെങ്ങർ തന്റെ ട്രേഡ് മാർക്ക് ഫുട്ബോളും എന്നും നിലനിർത്തി. എന്നാൽ നീണ്ട കിരീടവരൾച്ചയും, പ്രധാന കിരീടങ്ങളുടെ അഭാവവും എന്നും ആരാധകരെ വെങ്ങർക്ക് എതിരായി തിരിച്ചു.

ചാമ്പ്യൻസ് ലീഗ് യോഗ്യത മാത്രമാണ് കിരീടങ്ങളല്ല വെങ്ങറുടെ ലക്ഷ്യം എന്ന ആരോപണമാണ് ആരാധകർ ഉയർത്തുന്നത്. വെങ്ങർക്കെതിരായ വിമർശനങ്ങൾ കഴിഞ്ഞ 2 സീസണുകളായി കടുത്ത രീതിയിൽ തന്നെയാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. വെങ്ങറിന്റെ കാലം കഴിഞ്ഞെന്നും മോഡേൺ മാനേജർമാർ വരണമെന്നും അവർ പരസ്യമായി ആവശ്യപ്പെടുന്നു. ഇത്തവണയും ഏതാണ്ട് പ്രീമിയർ ലീഗ് കിരീടം കൈവിട്ട വെങ്ങറിന്റെ ഭാവി ചാമ്പ്യൻസ് ലീഗ് പ്രകടനത്തിലാവും. എങ്കിലും പ്രതിസന്ധിഘട്ടങ്ങളിൽ വലിയ ഓഫറുകൾ നിരസിച്ച് അപമാനങ്ങൾ സഹിച്ച് കൂടെ നിന്ന വെങ്ങർ തുടരമെന്ന ആഗ്രഹമാണ് ക്ലബ് മാനേജ്മെന്റും ഒരു വലിയ വിഭാഗം ആരാധകരും ഉയർത്തുന്നത്. വെങ്ങർക്കെതിരെ പ്രതികരിച്ചവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഗാരി നെവിൾ ആർസനൽ താരങ്ങൾ ഉത്തരവാധിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ആരോപിച്ചത് ശ്രദ്ധേയമാണ്.

എന്നാൽ ഇയാൻ റൈറ്റിനെ പോലെ വെങ്ങറോട് അടുപ്പമുള്ള മുൻ ആർസനൽ താരങ്ങൾ വെങ്ങർ ഈ സീസൺ അവസാനം സ്വയം ഒഴിയും എന്ന സൂചനയാണ് നൽകുന്നത്. 2 വർഷത്തെ കരാർ പതിവ് പോലെ സീസൺ അവസാനം വെങ്ങർ ഏറ്റെടുക്കുല്ലെന്ന് റൈറ്റ് പറയുന്നു. എന്നാൽ ഈ സീസണിൽ ഇനിയെന്ത് സംഭവിക്കും എന്നത് തന്നെയാവും വെങ്ങറിന്റെയും  ആർസനലിന്റെയും വിധി എഴുതുക. എങ്കിലും പരിശീലനത്തിൽ നിന്ന് വിരമിക്കാൻ വെങ്ങർ തയ്യാറായേക്കില്ല. മുൻപ്  പലപ്രാവശ്യം തന്നെ സ്വന്തമാക്കാൻ ശ്രമിച്ച പി.എസ്.ജിയിലേക്ക് വെങ്ങർ പോവുമെന്നാണ് സൂചനകൾ. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വെങ്ങർക്കും പ്രതീക്ഷക്കൊത്തുയരാത്ത ഉനയ് എമറെയെ മാറ്റി വെങ്ങറെ കൊണ്ട് വരാൻ പി.എസ്.ജിക്കും താൽപര്യമാണെന്നാണെന്നാണറിവ്. എന്നാൽ ഇത് എത്രത്തോളം സത്യമാണെന്ന് കണ്ടറിയാം.

മുൻ മൈൻസ് പരിശീലകനും ഇപ്പോൾ ഡോർട്ട്മുണ്ട് കോച്ചുമായ തോമസ് തുച്ചൽ, യുവന്റസിന്  ലീഗ് കിരീടങ്ങളും 2015 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ സ്ഥാനവും നേടികൊടുത്ത മാക്സി അല്ലെഗിരി, ബയേർ ലെവർകൂസന്റെ  സുന്ദരഫുട്ബോളിനു പിറകിലെ യുവ പരിശീലകൻ റോജർ ഷിമിഷ്ട്, വെങ്ങറിന്റെ  മുൻ ക്ലബ് മൊണാക്ക പരിശീലകൻ ലിയാൻഡ്രോ ജാർഡിം എന്നിവരാണ് വെങ്ങറിനു പകരക്കാരായി പറഞ്ഞ് കേൾക്കുന്ന പ്രധാന പേരുകൾ. ഇപ്പോഴത്തെ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെക്ക് പകരക്കാരനായി യുവന്റസ് പരിശീലകനായ അല്ലെഗിരി, തോമസ് തുച്ചൽ എന്നിവർക്ക് ആർസനൽ പരിശീലകനാവാൻ താൽപര്യമുണ്ടെന്നാണ് സൂചനകൾ. ഒപ്പം ഈ സീസണവസാനം അത്ലെറ്റിക്കോ മാഡ്രിഡ്‌ വിടുമെന്ന് പറഞ്ഞ ഡീഗോ സിമിയോണിയും പരിഗണയിലുണ്ട്. എന്നാൽ കളി ശൈലിയും, ഇംഗ്ലീഷ് അറിയാത്തതും സിമിയോണിക്ക് വിനയായേക്കും. ഒപ്പം പഴയ ക്ലബ് ഇന്ററിലേക്ക് ഒരിക്കൽ മടങ്ങുമെന്ന് പരസ്യമായി പലപ്പോയും പറഞ്ഞ സിമിയോണി ആർസനലിലെത്താനും സാധ്യത കുറവാണ്. ഒപ്പം ബുണ്ടസ് ലീഗയിൽ ലെപ്സിഗിന്റെ സ്വപ്നകുതിപ്പിന് കാരണക്കാരനായ മുൻ ഹോഫൻഹേം പരിശീലകൻ റാൾഫ് ഹാസൻഹട്ടലിന്റെ പേരും പറഞ്ഞ് കേൾക്കുന്നു.

എന്നാൽ ഇത് ആർസനലും വെങ്ങറും ആയതിനാൽ തന്നെ വെങ്ങർ പരിശീലക സ്ഥാനത്ത് തുടർന്നാലും വലിയ അതിശയം ഉണ്ടാവില്ല. അങ്ങനെ സംഭവിക്കും എന്ന് കരുതുന്നവർ തന്നെയാണധികവും. വെങ്ങർ യുഗം അവസാനിക്കുകയാണെങ്കിൽ ആർസനലിന്റെ  മാത്രമല്ല ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടിനാവും അവിടെ തിരശ്ലീല വീഴുക. ബ്രിട്ടീഷ് പരിശീലകരുടെ ആധിപത്യത്തെ ഇംഗ്ലണ്ടിൽ ആദ്യമായി ചോദ്യം ചെയ്ത വെങ്ങർ തന്റെ സെക്സി & ബ്യൂട്ടിഫുൾ ഫുട്ബോളിലൂടെ വിപ്ലവം തന്നെയാണ് തീർത്തത്. പിന്നീട് വന്ന മൗറീന്യോ അടക്കമുള്ളവർക്ക് ഇംഗ്ലണ്ട്ലേക്ക് വഴി തുറന്നതും വെങ്ങർ തന്നെയായിരുന്നു. ഹെൻറിയും, ബെർക്യാമ്പും, പിറസും, വിയേരയും അടങ്ങുന്ന ആ ടീം കളിച്ച ഫുട്ബോളും ഇൻവിസിബിൾ സീസണും ഏതൊരു ഫുട്ബോൾ ആരാധകരുടേതും മരിക്കാത്ത ഓർമ്മകളാണ്. ഒപ്പം ഇരു പുറങ്ങളിലായി തീ പാറിയ വെങ്ങർ – ഫെർഗൂസൺ പോരുകളും. ഹെൻറി മുതൽ ഫാബിഗ്രാസ്, വാൻ പേർസി, നസ്റി തുടങ്ങി ഇപ്പുറം ഇയോബി വരെയെത്തി നിൽക്കുന്ന വെങ്ങർ വളർത്തിയെടുത്ത ലോകോത്തരതാരങ്ങൾ ഓരോ വിമർശനങ്ങൾക്കും മുമ്പിൽ അയാൾക്ക്‌ സാക്ഷ്യമായി നിൽക്കും.

വിരമിക്കലിനെ കുറിച്ചൊരു പത്രപ്രവർത്തകന്റെ  ചോദ്യത്തിനു വെങ്ങർ പറഞ്ഞ മറുപടിയോടെ ഈ കുറിപ്പവസാനിപ്പിക്കാം എന്ന് തോന്നുന്നു. പരിശീലനത്തിൽ നിന്ന് വിരമിച്ച് ഏതാണ്ട് ഒരു വർഷത്തിനു ശേഷം സർ അലക്സ് ഫെർഗൂസണുമായൊരു സംഭാഷണ മധ്യത്തിൽ വെങ്ങർ ഫെർഗൂസണോട് നിങ്ങൾ ഫുട്ബോളിനെ, പരിശീലനത്തെ, സൈഡ് ബെഞ്ചിലെ ആ വീർപ്പ് മുട്ടലിനെ മിസ്സ് ചെയ്യുന്നുവോ എന്ന് ചോദിച്ചുവത്ര. അതിന് ഫെർഗൂസൺ ചിരിച്ച് കൊണ്ട് ഇല്ല, ഒരിക്കലുമില്ല എന്ന് മറുപടി പറഞ്ഞു. ഇത് പറഞ്ഞ ശേഷം പത്രപ്രവർത്തകനോട് വെങ്ങർ പറഞ്ഞത് ഇല്ല, എനിക്കൊരിക്കലും അങ്ങനെ ചിന്തിക്കാനാവില്ലെന്നാണ്. ഫുട്ബോളെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസത്തെ പറ്റി തനിക്ക് സ്വപ്നം കാണാൻ പോലുമാവില്ലെന്നാണ്. ഫുട്ബോൾ പരിശീലനം നിർത്തിവച്ചൊരു ആ ഭീകരദിനത്തെ പറ്റി വെങ്ങർ ഇന്ന് ചിന്തിച്ച് തുടങ്ങി കാണുമോ? ആ ആർക്കറിയാം.