ഫുട്ബോൾ ലോകം വേദനയിൽ, ലിവർപൂൾ യുവതാരം എലിയറ്റിന് സാരമായ പരിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ലിവർപൂളും ലീഡ്സ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് വേദന നൽകുന്ന കാഴ്ചയാണ് നൽകിയത്. ഇന്ന് രണ്ടാം പകുതിയിൽ ലീഡ യുണൈറ്റഡ് താരം പാസ്കലിന്റെ ടാക്കിളിനിടയിൽ ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന്റെ കാലിന് മാരകമായ പരിക്കേൽക്കുക ആയിരുന്നു. ഫുട്ബോൾ പ്രേമികൾക്ക് താങ്ങാൻ ആവുന്ന കാഴ്ചയായിരുന്നില്ല ഇത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

താരം ദീർഘകാലം ഫുട്ബോളിൽ നിന്ന് മാറി നിൽക്കേണ്ടി വരും എന്നാണ് സൂചനകൾ. പരിശീലകരും സഹതാരങ്ങളും എലിയറ്റിനെയും ടാക്കിൾ ചെയ്തു പോയ പാസ്കലിനെയും ആശ്വസിപ്പിക്കുന്ന കാഴ്ചകളും കണ്ടു. പാസ്കലിന് ചുവപ്പ് കാർഡ് ലഭിച്ചു. 18കാരനായ ഹാർവി എലിയറ്റ് എത്രയും പെട്ടെന്ന് പരിക്ക് ഭേദമായി കളത്തിലേക്ക് തിരികെയെത്തും എന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ലോകം ഇപ്പോൾ.