അവസാന നിമിഷം ഡ്രിങ്ക് വാട്ടറിനെ കൈക്കലാക്കി ചെൽസി

ലെസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഡാനി ഡ്രിങ്ക് വാട്ടർ ചെൽസിയുമായി കരാറൊപ്പിട്ടു. 30 മില്യൺ പൗണ്ടിനാണ് താരം ഫോക്‌സസിൽ നിന്ന് നീലപടയിലേക്ക് ചുവടുമാറുന്നത്. നെമഞ്ഞ മാറ്റിച് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് മാറിയ ഉടനെ തന്നെ പകരക്കാരനായി ചെൽസി ഡ്രിങ്ക് വാട്ടറിനെ ടീമിലെത്തിക്കാൻ തുടർച്ചയായി ശ്രമിച്ചിരുന്നെങ്കിലും ഡീൽ നീണ്ടുപോകുകയായിരുന്നു.

ചെൽസി മധ്യ നിരയിൽ തന്റെ പഴയ പങ്കാളി എൻഗോലോ കാന്റെയുമായി വീണ്ടും പങ്കു ചേരാനുള്ള അവസരമാണ് ഇതോടെ ഡ്രിങ്ക് വാട്ടറിന് കൈ വന്നിരിക്കുന്നത്. എന്നാൽ ഫാബ്രിഗാസും ബകയോകോയും അടക്കമുള്ള താരങ്ങളെ പിന്തള്ളി ചെൽസി മധ്യനിരയിൽ സ്ഥിരം ഇടം കണ്ടെത്തുക താരത്തിന് അത്ര എളുപ്പമാവാൻ ഇടയില്ല. ലെസ്റ്ററിൽ 2015/2016 സീസണിൽ കാന്റക്കൊപ്പം മധ്യനിരയിൽ പങ്കാളിയായ ഡ്രിങ്ക് വാട്ടറിന്റെ പ്രകടനം ഏറെ പ്രശംസകൾക്ക് വഴി വച്ചിരുന്നു.

27 കാരനായ ഡ്രിങ്ക് വാട്ടർ ഇംഗ്ലണ്ട് ദേശീയ താരം കൂടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി വഴി വളർന്നു വന്ന ഡ്രിങ്ക് വാട്ടറിന് പക്ഷേ താര സമ്പന്നമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. 2008 മുതൽ വിവിധ ക്ളബ്ബ്കളിൽ ലോണിൽ കളിച്ച ശേഷം 2012 ലാണ് താരം ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. അന്നുമുതൽ ലെസ്റ്റർ മധ്യനിരയിൽ സ്ഥിരം സാനിധ്യമാണെങ്കിലും 2015 ഇൽ ക്ലാഡിയോ രാനിയേരി പരിശീലകനായി വന്നതോടെയാണ് ഡ്രിങ്ക് വാട്ടർ ശ്രദ്ധേയനാവുന്നത്. ലെസ്റ്റർ കിരീടം നേടിയ ആ സീസണിലെ പ്രകടനത്തോടെ ഇംഗ്ലണ്ട് ദേശീയ ടീമിലേക്കും വിളി വന്നു.

2016 ഇൽ ലെസ്റ്ററുമായി പുതിയ കരാർ ഒപ്പിട്ടെങ്കിലും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താരം തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തിരിക്കുന്ന കാരണം ലെസ്റ്ററിന്റെ ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് കളിക്കാനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓജയ്ക്ക് ഹൈദ്രാബാദിലേക്ക് മടക്കമില്ല
Next articleപത്തു പേരുമായി കളിച്ചു, ഒമ്പതു ഗോളുകൾ അടിച്ചു!! ആഘോഷമാക്കി ബെൽജിയം