Site icon Fanport

പരിക്ക് തിരിച്ചടിയായി, ആഴ്‌സണലിൽ ഡെന്നിസ് സുവാരസിന്റെ ലോണിന് അവസാനം

ബാഴ്‌സലോണയിൽ നിന്ന് ലോണിൽ ആഴ്സണലിൽ ഡെന്നിസ് സുവാരസിന്റെ സീസണ് അവസാനം. തുടർച്ചയായി താരത്തിനേറ്റ പരിക്കാണ് തിരിച്ചടിയായത്. കഴിഞ്ഞ ജനുവരിയിലാണ് താരം ലോൺ അടിസ്ഥാനത്തിൽ ആഴ്‌സണലിൽ എത്തിയത്. പക്ഷെ ആഴ്‌സണൽ നിരയിൽ കാര്യമായ ചലനങ്ങൾ സൃഷ്ട്ടിക്കാൻ താരത്തിനായിരുന്നില്ല. വെറും നാല് മത്സരങ്ങൾ മാത്രമാണ് താരത്തിന് ഇതുവരെ കളിക്കാനായത്. അതിൽ ഒന്ന് പോലും സ്റ്റാർട്ടിങ് ഇലവനിൽ ആയിരുന്നില്ല. ഈ കാലയളവിൽ താരത്തിന് ഒരു അസ്സിസ്റ്റോ ഗോളോ സ്വന്തമാക്കാൻ സുവാരസിന് കഴിഞ്ഞിരുന്നില്ല.

ഈ സീസണിൽ ഇനി കളിക്കാനാവില്ലെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പരിക്കേറ്റതിൽ ആഴ്‌സണൽ ഫാൻസിനോട് മാപ്പപേക്ഷിച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിച്ചത്. യൂറോപ്പ ലീഗിൽ ബാറ്റെ ബോറിസോവിനെ നേരിടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബാഴ്‌സലോണയിൽ 2020വരെ കരാറുള്ള താരമാണ് ഡെന്നിസ് സുവാരസ്. നേരത്തെ ആഴ്‌സണൽ പരിശീലകൻ ഉനൈ ഏംറിക്ക് കീഴിൽ സെവിയ്യയിൽ 50 മത്സരങ്ങൾ ഡെന്നിസ് സുവാരസ് കളിച്ചിട്ടുണ്ട്.

Exit mobile version