റയൽ മാഡ്രിഡിലേക്ക് മടങ്ങാനുള്ള തീരുമാനം തെറ്റായിരുന്നു : ആൽവാരോ മൊറാത്ത

യുവന്റസ് വിട്ട് വീണ്ടും റയൽ മാഡ്രിഡിലേക്ക് മടങ്ങാനുള്ള തീരുമാനം തെറ്റായിരുന്നെന്നു മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ ആൽവാരോ മൊറാത്ത. റയൽ വിട്ട് ചെൽസിയിലേക്ക് കൂടുമാറിയ താരം ഇപ്പൊൾ ചെൽസിയുടെ ഒന്നാം നമ്പർ സ്‌ട്രൈക്കറാണ്‌. പക്ഷെ മാഡ്രിഡിൽ പകരകാരന്റെ ബെഞ്ചിലായിരുന്നു സ്പാനിഷ് ദേശീയ താരം കൂടിയായ മൊറാത്തയുടെ സ്ഥാനം. അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചതും റെക്കോർഡ് തുകയ്ക്ക് ചെൽസി താരത്തെ ടീമിൽ എത്തിച്ചതും.

“ഞാൻ യുവന്റസ് വിടാൻ പാടില്ലായിരുന്നു, റയലിലേക്ക് തിരിച്ചുപോയത് ഉടമ്പടികൾ ഉള്ളതുകൊണ്ടാണ്, പക്ഷെ  ഉടമ്പടികൾ പലതും പാലിക്കപ്പെട്ടിരുന്നില്ല. ഞാൻ നിരാശനായിരുന്നു”. രണ്ടു സീസണുകളിൽ യുവന്റസ് ജേഴ്സി അണിഞ്ഞ മൊറാത്ത അവിടെ മികച്ച പ്രകടനം നടത്തിയതോടെയാണ് റയൽ മാഡ്രിഡ് താരത്തെ തിരിച്ചു ടീമിൽ എത്തിക്കാൻ തീരുമാനിച്ചത്. തിരിച്ചു വന്ന ശേഷവും താൻ ക്ലബ്ബ് വിടും മുൻപത്തെ പോലെ തന്നെ ഒരു കുട്ടിയെ പോലെയാണ് റയൽ അധികൃതർ കണ്ടതെന്നും മൊറാത്ത ആരോപിക്കുന്നുണ്ട്. ല ഗസേറ്റ ഡെല്ല സ്പോർട്ടിനു അനുവദിച്ച അഭിമുഖത്തിലാണ് മൊറാത്ത തന്റെ പഴയ ക്ലബ്ബിനെതിരെ ആരോപണം ഉന്നയിച്ചത്.

റയലിന്റെ യൂത്ത് ടീമിലൂടെ വളർന്നു വന്ന മൊറാത്തയെ 2014 ലാണ് റയൽ മാഡ്രിഡ് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന് വിൽക്കുന്നത്. നിലവിലെ ചെൽസി പരിശീലകനായിരുന്ന കോണ്ടേ ആണ് അതിന് മുൻ കൈ എടുത്തിരുന്നതെങ്കിലും സീസണ് തുടങ്ങും മുൻപേ കോണ്ടേ യുവന്റസ് വിട്ടു. രണ്ടു സീസണുകളിലായി യുവന്റസിൽ മികച്ച പ്രകടനം നടത്തിയതോടെ റയൽ മൊറാത്തയുടെ ബൈ ബാക്ക് ക്ളോസ് ഉപയോഗിച്ചു മൊറാത്തയെ വീണ്ടും സാന്റിയാഗോ ബെർണാബുവിൽ എത്തിച്ചു. പക്ഷേ കരീം ബെൻസീമക്ക് പിറകിലായി മാത്രം സിദാൻ മൊറാത്തയെ കണ്ടതോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇതോടെ റയൽ വിടാൻ തീരുമാനിച്ച മൊറാത്ത 60 മില്യൺ പൗണ്ടിന്റെ കരാറിൽ ലണ്ടനിലെത്തി. ചെൽസിയുടെ എക്കാലത്തെയും വില കൂടിയ താരമാണ് മൊറാത്ത. നിലവിൽ പ്രീമിയർ ലീഗിൽ 6 ഗോളുകളുമായി മികച്ച ഫോമിലാണ് മൊറാത്ത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയു.എ.ഇ യിൽ ഫുട്ബോളിന്റെ ആവേശം നിറച്ചുകൊണ്ട് എനോറ കപ്പ് നവംബർ 24ന്
Next articleഎസ് ബി ഐ വമ്പൻ ജയത്തോടെ ജിവി രാജ ക്വാർട്ടറിൽ