Site icon Fanport

എമിറേറ്റ്‌സിൽ ഡുബ്രെയ്ൻ ഷോ, ആഴ്സണലിന് തോൽവി തന്നെ ഫലം

അത്ഭുതം ഒന്നും സംഭവിച്ചില്ല. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എത്തി മാഞ്ചസ്റ്റർ സിറ്റി അനായാസം 3 പോയിന്റും നേടി തിരിച്ചു വണ്ടി കയറി. എതിരില്ലാത്ത 3 ഗോളുകൾക്ക് ആഴ്സണലിനെ വീഴ്ത്തിയാണ് സിറ്റി മാഞ്ചസ്റ്റർ ഡർബിയിലെ തോൽവിയുടെ ക്ഷീണം തീർത്തത്. 2 ഗോളുകൾ നേടുകയും ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്ത മധ്യനിര താരം കെവിൻ ഡുബ്രെയ്ൻ നടത്തിയ പ്രകടനമാണ്‌ ചാംപ്യന്മാർക്ക് ജയം സമ്മാനിച്ചത്.

കളിയുടെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം കൈവിടാതെയാണ് സിറ്റി മത്സരം സ്വന്തമാക്കിയത്. കളി തുടങ്ങി ഒരു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഡുബ്രെയ്ൻ ഗോൾ നേടി. പിന്നീട് 15 ആം മിനുട്ടിൽ സ്റ്റർലിംഗും ഗോൾ നേടിയതോടെ ആഴ്സണലിന് തോൽവി ഏതാണ്ട് ഉറപ്പിച്ചു. 40 ആം മിനുട്ടിൽ മികച്ചൊരു ഷോട്ടിൽ ഡുബ്രെയ്ൻ വീണ്ടും വല കുലുക്കി ആദ്യ പകുതിയിൽ തന്നെ സ്കോർ 0-3 ആക്കി. രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതെ നാണക്കേട് ഒഴിവാക്കിയത് മാറ്റി നിർത്തിയാൽ മത്സരത്തിൽ ആഴ്സണലിന് ഒന്നും തന്നെ നേടാനായില്ല. ഇന്നത്തെ തോൽവിയോടെ താത്കാലിക പരിശീലകൻ ഫ്രഡി ലൂങ്ബെർഗിന് അപ്പുറം സ്ഥിരമായി ഒരാളെ ആഴ്സണൽ കണ്ടെത്തേണ്ടത്തിന്റെ ആവശ്യകതയും കൂടുതൽ വെളിപ്പെട്ടു.

Exit mobile version