Site icon Fanport

കോർട്ട്വക്ക് പിഴ കൊടുക്കാനൊരുങ്ങി ചെൽസി

പരിശീലനത്തിന് രണ്ടാം ദിവസവും എത്താതിരുന്ന ചെൽസി ഗോൾ കീപ്പർ തിബോ കോർട്ട്വക്ക് പിഴ കൊടുക്കാനൊരുങ്ങി ചെൽസി. റയൽ മാഡ്രിഡിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ തടഞ്ഞതിനെ തുടർന്നാണ് ചെൽസിയുടെ കൂടെ പരിശീലനത്തിന് താരം എത്താതിരുന്നത്. ഇന്നലെ പരിശീലനത്തിന് ടീമിനൊപ്പം ചേരാതിരുന്ന തിബോ കോർട്ട്വ ഇന്നും ചെൽസിയുടെ പരിശീലന ഗ്രൗണ്ടിൽ എത്തിയിട്ടില്ല. ഇതോടെയാണ് താരത്തിന് പിഴ ഈടാക്കാൻ ചെൽസി തീരുമാനിച്ചത്.

ചെൽസിയിൽ തന്റെ കരാർ അവസാനിക്കാൻ വെറും 12 മാസം ഇരിക്കെയാണ് താരം ചെൽസി വിട്ട് റയൽ മാഡ്രിഡിലേക്ക് പോവാൻ ഒരുങ്ങിയത്. എന്നാൽ ഈ ട്രാൻസ്ഫറിന് ചെൽസി സമ്മതം മൂളാതിരുന്നതോടെയാണ് താരം പരിശീലനത്തിന് ഹാജരാകാതിരുന്നത്‌. നേരത്തെ ചെൽസി പകരക്കാരനെ കണ്ടെത്തിയാൽ താരത്തെ റയൽ മാഡ്രിഡിലേക്ക് വിടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

അടുത്ത വ്യാഴാഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന ട്രാൻസ്ഫർ ദിവസം. അതിനിടെ അത്ലറ്റികോ ബിൽബാവോ ഗോളി കെപ അറിസബലാഗക്ക് ചെൽസി റെക്കോർഡ് തുക വിലയിട്ടു എന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version