പ്രീമിയർ ലീഗ് ഇതിഹാസം ആഷ്‌ലി കോൾ വിരമിച്ചു

മുൻ ചെൽസി താരം ആഷ്‌ലി കോൾ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഡർബിയിൽ ഫ്രാങ്ക് ലംപാർഡിന് കീഴിൽ 6 മാസം കളിച്ച താരം ഫ്രീ ഏജന്റ് ആയിരുന്നു. ഇതോടെ കളി നിർത്താനുള്ള തീരുമാനം താരം പ്രഖ്യാപിക്കുകയായിരുന്നു. മുൻ ഇംഗ്ലണ്ട് ദേശീയ ടീം അംഗമാണ് കോൾ. പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ലെഫ്റ്റ് ബാകുകളിൽ ഒരാളായാണ് താരം അറിയപ്പെടുന്നത്.

38 വയസുകാരനായ താരം ആഴ്സണൽ അകാദമിയിലൂടെയാണ് ഫുട്‌ബോളിൽ എത്തുന്നത്. 1999 മുതൽ 2006 വരെ ആഴ്സണലിൽ കളിച്ച താരം 2006 ൽ വിവാദ സാഹചര്യത്തിൽ ചെൽസിയിലേക്ക് മാറുകയായിരുന്നു. 2006 മുതൽ 2014 വരെ ചെൽസിയിൽ കളിച്ച താരം പിന്നീട് 2 വർഷം റോമക്ക് വേണ്ടിയും കളിച്ചു. 2016 മുതൽ 2018 വരെ ലോസ് അഞ്ചലസ് ഗലക്സിക്ക് വേണ്ടിയാണ് കളിച്ചത്. പിന്നീട് 6 മാസം ഡർബിയിലും താരം ബൂട്ട് കെട്ടി.

ആഴ്സണലിന് ഒപ്പം 2 പ്രീമിയർ ലീഗ് കിരീടങ്ങളും, 3 എഫ് എ കപ്പ്, ഒരു കമ്യുണിറ്റി ഷീൽഡ് കിരീടവും നേടി. ചെൽസിയിലേക്ക് മാറിയ താരം അവർക്കൊപ്പം ഒരു പ്രീമിയർ ലീഗ് കിരീടവും, 4 എഫ് എ കപ്പും, 1 ലീഗ് കപ്പും, 2012 ലെ ചാമ്പ്യൻസ് ലീഗ് കിരീടവും, 2013 ലെ യൂറോപ്പ ലീഗ് കിരീടവും സ്വന്തമാക്കി.

Previous article“യുവന്റസിനൊപ്പം എത്താൻ ഇറ്റലിയിലെ മറ്റു ടീമുകൾക്ക് അടുത്തൊന്നും ആകില്ല”
Next articleഅഞ്ചാം ദിവസം ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്, അര്‍ദ്ധ ശതകവുമായി സ്റ്റോക്സ്