ടാറ്റ ലെസ്റ്റർ, വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ചാമ്പ്യൻസ് ലീഗിന് പോകും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് യോഗ്യതാ പോരാട്ടത്തിൽ വമ്പൻ ക്ലബുകൾ അവർ എന്തു കൊണ്ട് വലിയ ക്ലബുകളാണെന്ന് തെളിയിച്ചു. അവസാന ദിവസം സമ്മർദങ്ങൾ എല്ലാം മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയപ്പോൾ ലെസ്റ്റർ സിറ്റിക്ക് എല്ലാം പിഴച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ ലെസ്റ്റർ സിറ്റിയെ തന്നെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിൽ നിന്ന് മടങ്ങിയത്.

മറുവശത്ത് വോൾവ്സിനെ നേരിട്ട ചെൽസിക്ക് ഒരു സമനില മതിയായിരുന്നു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ. എന്നാൽ സമനിലക്കായി കളിക്കാൻ ലമ്പാർഡിന്റെ അറ്റാക്കിംഗ് ടീം തയ്യാറായിരുന്നില്ല. അവർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത തങ്ങൾ അർഹിക്കുന്നു എന്നത് തെളിയിച്ചു. ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു ചെൽസിയുടെ രണ്ട് ഗോളുകൾ വന്നത്.

45ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് യുവതാരം മേസൺ മൗണ്ടാണ് ആദ്യ ഗോൾ നേടിയത്. അതിനു തൊട്ടു പിന്നാലെ വോൾവ്സിന്റെ ഹൃദയം തകർത്തു കൊണ്ട് ചെൽസിയുടെ രണ്ടാം ഗോളും വന്നു. മികച്ച ഫോമിലുള്ള ജിറൂഡിന്റെ ബൂട്ടിൽ നിന്നായിരുന്നു ചെൽസിയുടെ രണ്ടാം ഗോൾ. ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിപ്പിക്കാൻ ചെൽസിക്കായി.

ഇതേ സമയം മറ്റൊരു ഗ്രൗണ്ടിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും ഗോൾ രഹിത സമനിലയിൽ നിൽക്കുകയായിരുന്നു‌. ആദ്യ പകുതിക്ക് രണ്ട് കളിയും പിരിയുമ്പോൾ 66 പോയന്റുമായി ചെൽസി ലീഗിൽ മൂന്നാമതും 64 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമതും നിൽക്കുന്നു. 63 പോയന്റുള്ള ലെസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതയ്ക്ക് പുറത്തും.

രണ്ടാം പകുതിയിൽ ലെസ്റ്റർ സിറ്റി കൂടുതൽ ആക്രമണങ്ങളിലേക്ക് തിരിഞ്ഞു. വാർഡിയുടെ ഇരു ഹെഡർ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാറിൽ തട്ടി വരെ മടങ്ങുന്നത് കാണാൻ കഴിഞ്ഞു. എന്നാൽ ഒരു പെനാൾട്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ശ്വാസം തിരികെ നൽകി. മാർഷ്യലിനെ വീഴ്ത്തിയതിനാണ് 71ആം മിനുട്ടിൽ യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചത്. സമ്മർദ്ദങ്ങൾക്ക് ഇടയിലും ഒട്ടും പിഴക്കാതെ പന്ത് വലയിൽ എത്തിക്കാൻ പെനാൾട്ടി എടുത്ത ബ്രൂണൊ ഫെർണാണ്ടസിനായി. ബ്രൂണോയുടെ പത്താം പ്രീമിയർ ലീഗ് ഗോളാണിത്.

ഈ ഗോൾ വീണതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 66 പോയന്റുമായി മൂന്നാം സ്ഥാനത്തും ചെൽസി 66 പോയന്റുമായി നാലാം സ്ഥാനത്തുമായി. ലെസ്റ്റർ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്ത് 62 പോയന്റുമായി അഞ്ചാം സ്ഥാനത്തും. ലെസ്റ്ററിന്റെ വലിയ സമ്മർദ്ദങ്ങളെ മറികടന്ന് ആ ലീഡ് നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ആവസാനം ലെസ്റ്റർ താരം എവാൻസ് ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു. 96ആം മിനുട്ടിൽ ഷിമൈക്കിളിന്റെ പിഴവ് മുതലെടുത്ത് ലിങാർഡ് യുണൈറ്റഡിന് രണ്ടാം ഗോളും നൽകി. സ്റ്റാംഫോ ബ്രിഡ്ജിൽ വോൾവ്സിനെ 2-0ന് തന്നെ തോൽപ്പിക്കാൻ ചെൽസിക്കുമായി. 66 പോയന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും എങ്കിലും മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സഹായിച്ചു. അഞ്ചാമതുള്ള ലെസ്റ്റർ സിറ്റി അടുത്ത സീസണിൽ യൂറോപ്പ ലീഗ് കളിക്കും.