ലേശം വൈകിയാലെന്ത്! പ്രീമിയർ ലീഗ് ഉയർത്തി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ ഡെർബി ജയിച്ച്, യുണൈറ്റഡിനെതിരെ ഡർബി ജയത്തോടെ കപ്പുയർത്താനാവാത്തതിനുള്ള നിരാശ മാറ്റാൻ സിറ്റിയെ തേടിയെത്തി, അൽപ്പം നേരെത്തെ തന്നെ. പ്രീമിയർ ലീഗ് ചാമ്പ്യന്മാർ അവരായിരിക്കുന്നു. ശത്രുക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ അവസാനക്കാരായ വെസ്റ്റ് ബ്രോമിനോട് ഞെട്ടിക്കുന്ന പരാജയം ഏറ്റ് വാങ്ങിയതോടെയാണ് സിറ്റി ചാമ്പ്യന്മാരായിരിക്കുന്നത്.

33 മത്സരങ്ങളിൽ നിന്ന് ലീഗിൽ 87 പോയിന്റുള്ള സിറ്റിയേക്കാൾ 16 പോയിന്റ് പിറകിലാണ് യുണൈറ്റഡ് ഇപ്പോൾ. സീസണിൽ ലീഗിൽ ഇത് വരെ 28 മത്സരങ്ങൾ ജയിച്ച പെപ്പിന്റെ ടീം പോയിന്റിലും, വിജയത്തിലുമടക്കമുള്ള പ്രീമിയർ ലീഗ് റെക്കോർഡുകൾ മറികടക്കാനാവും ഇനി ശ്രമിക്കുക. ചാമ്പ്യൻസ് ലീഗിലെ പുറത്താകലും സമീപകാലത്തെ പരാജയങ്ങളും സിറ്റിയുടെ നേട്ടത്തിന്റെ പകിട്ട് കുറച്ചെങ്കിലും ഒട്ടും കുറച്ച് കാണേണ്ടതല്ല സിറ്റിയുടെ ഈ നേട്ടം.

സീസൺ തുടക്കത്തിലെ കഴിഞ്ഞ സീസൺ പാഠം ഉൾക്കൊണ്ട് പണം വാരിയെറിഞ്ഞ പെപ്പ് വമ്പൻ ടീമിനെയാണ് ലീഗിലിറക്കിയത്. സീസൺ തുടക്കത്തിലെ മികച്ച ഫുട്ബോളുമായി കളം വാണ ഗാർഡിയോളയുടെ ടീം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒരിക്കലും സമ്മർദം നേരിടേണ്ടി വന്നില്ല. എല്ലാ തലത്തിലും മികവ് തുടർന്ന സിറ്റി താരങ്ങളും പ്രീമിയർ ലീഗിനെ ഒറ്റയാൾ പോരാട്ടമാക്കി മാറ്റി. സീസണിൽ വ്യക്തിഗത അവാർഡുകളിലും സിറ്റി താരങ്ങൾ തന്നെയാണ് മുമ്പിൽ. ലിറോയ് സാനെ, കെവിൻ ഡ്യു ബെറെയിൻ, ഫെർണാണ്ടീന്യോ, ഡേവിഡ് സിൽവ എന്ന ലിസ്റ്റ് സൂചിപ്പിക്കും പോലെ യുവത്വത്തിന്റേയും അനുഭവസമ്പത്തിന്റേയും മിശ്രണമായിരുന്നു സിറ്റി ടീം. സ്വഭാവിക പെപ്പ് ശൈലിയിലൂടെ പൊസഷൻ ഫുട്ബോളിലൂടെ കളം വാഴുകയായിരുന്നു സീസണിൽ ഉടനീളം സിറ്റി.

തന്റെ പത്ത് വർഷത്തെ പരിശീലന കുപ്പാഴത്തിനിടക്ക് 3 വീതം സ്പാനിഷ്, ജർമൻ ലീഗുകൾ ഉയർത്തിയ ഗാർഡിയോളക്കിത് ആദ്യ പ്രീമിയർ ലീഗ് കിരീടവും, ഏഴാം ലീഗ് കിരീടവുമാണ്. അക്ഷരാർത്ഥത്തിൽ അവിശ്വസനീയം തന്നെയാണ് ഈ നേട്ടം. മാഞ്ചസ്റ്റർ സിറ്റിക്കിത് മൂന്നാം പ്രീമിയർ ലീഗും. എങ്കിലും കിരീടനേട്ടത്തേക്കാൾ തനിക്ക് സന്തോഷം തന്റെ ശൈലി ഇംഗ്ലണ്ടിൽ നടക്കില്ല എന്ന് പറഞ്ഞ വിമർശകരുടെ വായ അടപ്പിച്ചതിനാലാണെന്ന് ഗാർഡിയോള മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ വരും വർഷങ്ങളിൽ ഗാർഡിയോള എന്ത് നേട്ടമാവും ഈ ടീമുമായി നേടുക എന്നതാണ് ഫുട്ബോൾ ആരാധകർ ഉറ്റ് നോക്കുന്ന കാര്യം. എന്തായാലും പ്രീമിയർ ലീഗ് ഉയർത്തുന്ന ആദ്യ കഷണ്ടിക്കാരൻ(കോണ്ടക്ക് വെപ്പ് മുടിയുണ്ടല്ലോ!) പരിശീലകനായി ഈ കറ്റാലിയൻ മാറുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്
Next articleപയ്യന്നൂരിൽ കിരീടം മലബാർ ടൈൽസ് ഷബാബ് പയ്യന്നൂരിന്