സിറ്റിയെ ഒതുക്കി ചെൽസി , സ്പർസിന് ത്രസിപ്പിക്കുന്ന ജയം

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആദ്യമായി തന്റെ സിറ്റി ടീമുമായി എത്തിയ പെപ് ഗാർഡിയോളക്ക് 2-1 ന്റെ തോൽവി. ഈഡൻ ഹസാർഡ് നേടിയ രണ്ട്‌ ഗോളുകളാണ് സിറ്റിയുടെ പ്രതീക്ഷകൾ തകർത്തത്.

ക്രിസ്റ്റൽ പാലസിനെതിരെ തോറ്റ ടീമിൽ നിന്ന് മാറ്റിച്ചിന് പകരം കുർട് സൂമയെ ടീമിൽ ഉൾപ്പെടുത്തിയാണ് കോണ്ടേ ചെൽസി ടീമിനെയിറക്കിയത്. സിറ്റി മികച്ച രീതിയിൽ കളി തുടങ്ങിയ മത്സരത്തിൽ പക്ഷെ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്, 10 ആം മിനുട്ടിൽ റൈറ്റ് വിങ് ബാക് പൊസിഷനിൽ കളിച്ച ആസ്പിലിക്വറ്റ നൽകിയ പാസ്സ് ഹസാർഡ് സിറ്റി വലയിലെത്തിച്ചു, തടുക്കാമായിരുന്ന ഷോട്ട് സിറ്റി ഗോൾ കീപ്പർ കാബിയെറോയുടെ കൈകളിൽ തട്ടി വലയിൽ. എന്നാൽ 26 ആം മിനുട്ടിൽ ചെൽസി ഗോൾ കീപ്പർ തിബോ കോർട്ടോ സമ്മാനിച്ച അവസരം മുതലെടുത്ത് സിൽവ നൽകിയ പാസ്സ് അനായാസം വലയിലെത്തിച്ചു സെർജിയോ അഗ്യൂറോ സിറ്റിയുടെ സമനില നേടി. സമനില നേടിയതോടെ നിരന്തരം ആക്രമിച്ചു കളിച്ച സിറ്റി ചെൽസി മധ്യനിരയിൽ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു, എന്നാൽ 35 ആം മിനുട്ടിൽ പെഡ്രോയെ ഫെർണാടിഞ്ഞോ ബോക്സിൽ വീയ്ത്തിയതോടെ റഫറി ചെൽസിക്ക് പെനാൽറ്റി സമ്മാനിച്ചു. പെനാൽറ്റി എടുത്ത ഹസാർഡിന്റെ കിക് സിറ്റി ഗോളി തടുത്തെങ്കിലും റീ ബൗണ്ടിൽ ഹസാർഡ് ഗോൾ കണ്ടെത്തി.

രണ്ടാം പകുതിയിൽ സൂമയെ പിൻവലിച്ചു മാറ്റിച്ചിനെ ഇറക്കിയ കോണ്ടേ പെഡ്രോയെ മിഡ്ഫീൽഡിലേക്ക് മാറ്റുകയും ആസ്പിലിക്വേറ്റയെ ഡിഫൻസിലേക്ക് തന്നെ മാറ്റുകയും ചെയ്തു. രണ്ടാം പകുതിയിൽ സിറ്റി ആധിപത്യം തുടർന്നെങ്കിലും ശക്തമായ ചെൽസി പ്രതിരോധത്തെ മറികടന്ന് ഗോൾ മാത്രം നേടാനായില്ല. സീസണിലെ 6 ആം തോൽവി വഴങ്ങിയ സിറ്റി 30 കളികളിൽ നിന്ന് 58 പോയിന്റുമായി 4 ആം സ്ഥാനത്താണ്‌. തന്റെ കരിയറിൽ ആദ്യമായാണ് ഗാര്ഡിയോള ഒരു സീസണിൽ 6 മത്സരങ്ങൾ തോല്കുന്നത്. 30 കളികളിൽ നിന്ന്‌ 72 പോയിന്റുള്ള ചെൽസി ഒന്നാമത് തന്നെ തുടരും.

പ്രീമിയർ ലീഗ് ടൈറ്റിൽ പോരാട്ടത്തിൽ പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന് ചെൽസിക്ക് മുന്നറിയിപ്പ് കൊടുക്കുന്ന പോരാട്ടവീര്യം പുറത്തെടുത്ത ടോട്ടൻഹാമിന് സ്വാൻസിക്കെതിരെ 3-1 ന്റെ ജയം. 88 ആം മിനുറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്നു സ്പർസ് പക്ഷെ പിന്നീട് തുടർച്ചയായി 3 ഗോളുകൾ നേടുകയായിരുന്നു. 11 ആം മിനുട്ടിൽ റോത്ൽ ഗേറ്റിന്റെ ഗോളിൽ മുന്നിലെത്തിയ സ്വാൻസി പക്ഷെ 88 ആം മിനുട്ടിൽ ഗോൾ വഴങ്ങി , ഡാലെ അലിയാണ് സ്പർസിന്റെ സമനില ഗോൾ നേടിയത്. പിന്നീട് എക്സ്ട്രാ ടൈമിൽ ഹ്യുങ് മിൻ സണും ക്രിസ്ത്യൻ എറിക്സണും സ്പർസിനായി സ്കോർ ചെയ്തു. 30 കളികളിൽ നിന്ന് 65 പോയിന്റുള്ള സ്പർസ് രണ്ടാം സ്ഥാനത്തും 31 കളികളിൽ നിന്ന് 28 പോയിന്റ് മാത്രമുള്ള സ്വാൻസി 18 ആം സ്ഥാനത്തുമാണ്.

ആദ്യ നാലിൽ കടന്ന് കൂടാനുള്ള ആഴ്സണലിന്റെ ശ്രമങ്ങൾക്ക് ഊർജം പകരുന്ന ജയമാണ് അവർ എമിറേറ്സ് സ്റ്റേഡിയത്തിൽ നേടിയത്. ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ആവർ തകർത്തത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 58 ആം മിനുട്ടിൽ മെസൂത് ഒസിലിലൂടെ ലീഡ് നേടി. പിന്നീട് വാൽക്കോട്ട് , ജിറൂദ് എന്നിവരും ഗണ്ണേഴ്‌സിനായി വെസ്റ്റ് ഹാം വലകുലുക്കി. ജയത്തോടെ 29 കളികളിൽ നിന്ന് 54 പോയിന്റായ ആർസെനൽ 5 ആം സ്ഥാനത്തും, 31 കളികളിൽ നിന്ന് 33 പോയിന്റുള്ള വെസ്റ്റ് ഹാം 15 ആം സ്ഥാനത്തുമാണ്.

താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ പോയിന്റ് വിട്ട് കൊടുക്കുന്നവർ എന്ന ചീത്തപ്പേര് ലിവർപൂൾ ഇന്നലെയും ആവർത്തിച്ചു. 2-2 എന്ന സ്കോറിനാണ് ബോൻമൗത് ലിവർപൂളിനെ സമനിലയിൽ തളച്ചത്. വൈനാൾഡം വരുത്തിയ പിഴവിൽ നിന്ന് ബോൻമൗത് ഫോർവേഡ് അഫോബിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ കുട്ടീഞ്ഞോയിലൂടെ സമനില ഗോൾ നേടിയ ലിവർപൂൾ രണ്ടാം പകുതിയിൽ ഒറീഗിയിലൂടെ ലീഡ് നേടി. എന്നാൽ 87 ആം മിനുട്ടിൽ ജോഷ് കിംഗ്‌ സമനില ഗോൾ നേടി.
31 കളികളിൽ നിന്ന് 60 പോയിന്റുള്ള ലിവർപൂൾ 3 ആം സ്ഥാനത്തും , 31 കളികളിൽ നിന്ന് 35 പോയിന്റുള്ള ബോർമൗത് 13 ആം സ്ഥാനത്തുമാണ്.

ലീഡ് നേടിയ ശേഷം തകർന്നടിഞ്ഞ ക്രിസ്റ്റൽ പാലസിന് സൗത്താംപ്ടനോട് 3-1 ന്റെ തോൽവി. ക്രിസ്ത്യൻ ബെന്റകെയുടെ ഗോളിൽ മുന്നിലെത്തിയ പാലസിന് പക്ഷെ പിന്നീട് സൗതാംപ്ടന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽകാനായില്ല. റെഡ്മണ്ട് , യോഷിത , ജെയിംസ് വാർഡ് എന്നിവരാണ് സൗതാംപ്ടന്റെ ഗോളുകൾ നേടിയത്. ജയത്തോടെ 29 കളികളിൽ നിന്ന് 37 പോയിന്റുള്ള സൈൻറ്സ് 9 ആം സ്ഥാനത്തും 30 കളികളിൽ നിന്ന് 31 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് 16 ആം സ്ഥാനത്തുമാണ്.

ഇന്നലെ നടന്ന ഏറ്റവും ആവേശകരമായ മത്സരത്തിൽ 4-2 ന് ഹൾ സിറ്റി മിഡിൽസ്ബറോയെ തോൽപിച്ചു. നിഗ്രിഡോയുടെ ഗോളിൽ മിഡിൽസ്ബറോ ആദ്യ മുന്നിൽ എത്തിയെങ്കിലും പിന്നീട് തുടർച്ചയായി അവർ 3 ഗോളുകൾ വഴങ്ങുകയായിരുന്നു. പിന്നീട് ഡെറൂൻ നേടിയ ഗോളിൽ മിഡിൽസ്ബറോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഹാരി മഗോയിർ ഹൾ സിറ്റിയുടെ 2 ഗോൾ ലീഡ് പുനഃസ്ഥാപിച്ചു.
31 കളികളിൽ നിന്ന് 30 പോയിന്റുള്ള ഹൾ 17 ആം സ്ഥാനത്തും 30 കളികളിൽ നിന്ന് 23 പോയിന്റ് മാത്രമുള്ള മിഡിൽസ്ബറോ 19 ആം സ്ഥാനത്തുമാണ് ലീഗിൽ.

Previous articleസെവിയ്യയെ തകർത്ത് ബാഴ്‌സിലോണ
Next articleലെപ്സിഗിനും ഇൻഗോൾസ്റ്റാഡിനും തകർപ്പൻ ജയം, റെലെഗേഷൻ ഭീഷണിയിൽ വോൾഫ്സ്