ലണ്ടനിൽ വെസ്റ്റ് ഹാമിനെ മലർത്തിയടിച്ച് മാഞ്ചസ്റ്റർ സിറ്റി

- Advertisement -

പഴയ പരിശീലകനോട് ഒട്ടും ബഹുമാനമില്ലാതെ മാഞ്ചസ്റ്റർ സിറ്റി. മാനുവൽ പല്ലെഗ്രിനിയുടെ വെസ്റ്റ് ഹാമിനെ അവരുടെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് അവർ മറികടന്നത്. ആദ്യ പകുതിയിൽ നടത്തിയ അസാമാന്യ കുതിപ്പാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 13 കളികളിൽ നിന്ന് 35 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരും.

ആദ്യ പകുതിയിൽ റഹീം സ്റ്റർലിങ്ങിന്റെ മികച്ച പ്രകടനമാണ്‌ സിറ്റിക്ക് കരുത്തായത്. 11 ആം മിനുട്ടിൽ സ്റ്റെർലിങ് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഡേവിഡ് സിൽവയിലൂടെ സിറ്റി ലീഡ് നേടി. വൈകാതെ 19 ആം മിനുട്ടിൽ സാനെയുടെ പാസിൽ നിന്ന് സ്റ്റെർലിങ് ലീഡ് രണ്ടാക്കി. 34 ആം മിനുട്ടിൽ പക്ഷെ സാനെയുടെ ഗോളിന് വഴി ഒരുക്കിയാണ് സ്റ്റെർലിങ് സിറ്റിയുടെ ഹീറോ ആയത്. മറുവശത്ത് വെസ്റ്റ് ഹാമിന് ഒരിക്കൽ പോലും സിറ്റിക്കെതിരെ മുന്നേറ്റം നടത്താനായില്ല.

രണ്ടാം പകുതിയിൽ ക്രെസ്‌വേൽ, ഹെർണാണ്ടസ്, ലൂക്കാസ് പേരസ് എന്നിവരെ പല്ലെഗ്രിനി കളത്തിൽ ഇറക്കിയെങ്കിലും കാര്യമായ ആക്രമണ പുരോഗതി ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഏറെ നേരം പിടിച്ചു നിന്നെങ്കിലും കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ സാനെ സിറ്റിയുടെ ലീഡ് 4 ആക്കി ഉയർത്തുന്നത് തടയാൻ വെസ്റ്റ് ഹാമിനായില്ല.

Advertisement