ചിച്ചാരിറ്റോ പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നു

- Advertisement -

ചിച്ചാരിറ്റോ എന്ന ഹാവിയർ ഹെർണാണ്ടസ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു. ഇത്തവണ പക്ഷെ മാഞ്ചെസ്റ്ററിന് പകരം ലണ്ടനിലേക്കാണ് താരത്തിന്റെ വരവ്. വെസ്റ്റ് ഹാം യുണൈറ്റഡുമായി താൻ ധാരണയിൽ എത്തിയതായും താരം തന്നെയാണ് അറിയിച്ചത്. വെസ്റ്റ് ഹാമും തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഹെർണാണ്ടസിന്റെ കൈമാറ്റത്തിനായി ലവർകൂസനുമായി കരാറിൽ എത്തിയതായി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മെഡിക്കൽ പൂർത്തിയാവുന്നതോടെ ബയർ ലെവർകൂസന്റെ മെക്സിക്കൻ സ്‌ട്രൈക്കറായ ചിച്ചാരിറ്റോ ഔദ്യോഗികമായി വെസ്റ്റ് ഹാമിന്റെ താരമാകും.

2015 ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് താരം ബുണ്ടസ് ലീഗെയിലേക്ക് കളം മാറുന്നത്. ലൂയി വാൻ ഗാൽ പരിശീലകനായി വന്നതോടെ താരത്തെ വളരെ ചുരുങ്ങിയ 7 മില്യൺ യൂറോയോളം തുകയ്ക്കാണ് ഹെർണാണ്ടസിനെ ലെവർകൂസൻ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗെയിൽ മികച്ച പ്രകടനമാണ് താരം ഇതുവരെ നടത്തിയത്, 76 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ സ്വന്തമാക്കിയ താരം തങ്ങളുടെ സ്‌ട്രൈക്കറായി തിളങ്ങും എന്ന് തന്നെയാവും വെസ്റ്റ് ഹാമിന്റെ പ്രതീക്ഷ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 157 മത്സരങ്ങളിൽ നിന്നായി 59 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2014-15 സീസണിൽ റയൽ മാഡ്രിഡിന്റെ ജേഴ്സി വായ്പ അടിസ്ഥാനത്തിൽ അണിഞ്ഞ ഹെർണാണ്ടസ് അവർക്കായി 33 കളികളിൽ നിന്ന് 9 ഗോളുകൾ നേടി.

13 മില്യൺ പൗണ്ടിനാണ് വെസ്റ്റ് ഹാം ലെവർകൂസനുമായി കരാറിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ആഴ്സണൽ സ്‌ട്രൈക്കർ ഒലിവിയെ ജിറൂദ്, ചെൽസി സ്‌ട്രൈക്കർ മിച്ചി ബാത്ശുവായി എന്നിവർക്കായി വെസ്റ്റ് ഹാം ശ്രമിച്ചിരുന്നെങ്കിലും നടക്കാതെ വന്നതോടെയാണ് അവർ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറെ ലണ്ടനിൽ എത്തിക്കാൻ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement