ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ ചെൽസി ഒന്നാമത്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിഡിൽസ്ബ്രോക്കെതിരായ ജയത്തോടെ ചെൽസി പോയിന്റ് നിലയിൽ ലിവർപൂളിനെ  മറികടന്നു ഒന്നാമതെത്തി.

മിഡിൽസ്ബ്രോയുടെ സ്വന്തം ഗ്രൗണ്ടിൽ പതിവിനു വിപരീതമായി പതുക്കെയാണ് ചെൽസി കളി തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ പലപ്പോയും ചെൽസി ഗോൾ മുഖത്തു അപകടകരമായ നീക്കങ്ങൾ നടത്താൻ മിഡിൽസ്ബ്രോക്കായി. അവരുടെ യുവ താരം ട്രയോറെയും  നെഗ്രിഡോയും മികച്ച ചില നീക്കങ്ങളുമായി കളം നിറയുകയും ചെയ്തു. എന്നാൽ ആദ്യത്തെ അര മണിക്കൂറിനു ശേഷം താളം കണ്ടെത്തിയ ചെൽസി പെഡ്രോയിലൂടെ മുന്നിലെത്തി എന്ന് തോന്നിപ്പിച്ചെങ്കിലും മിഡിൽസ്ബ്രോ ഗോൾ കീപ്പർ വിക്ടർ വൾഡസ് മികച്ചൊരു സേവിലൂടെ രക്ഷപെടുത്തി. 41 ആം മിനുട്ടിലാണ് ചെൽസിക്ക് ജയം സമ്മാനിച്ച ഏക ഗോൾ പിറന്നത്. കോർണറിൽ മിഡിൽസ്ബ്രോ ബോക്സിൽ ഉണ്ടായ ആശയ കുഴപ്പത്തിൽ നിന്ന് ഷോട്ട് തൊടുത്ത ഡിയഗോ കോസ്റ്റയാണ് ഗോൾ നേടിയത്. ഈ സീസണിലെ കോസ്റ്റയുടെ 10 ആം ഗോൾ. ലീഗിലെ ടോപ് സ്കോററും കോസ്റ്റ തന്നെയാണ്.

ആദ്യ പകുതിക്ക് ശേഷം പെഡ്രോയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങിയത് ചെൽസിയുടെ രണ്ടാം ഗോൾ തടഞ്ഞു. മിഡിൽസ്ബ്രോ ആക്രമണ നിര മികച്ച പ്രത്യാക്രമണങ്ങളുമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മികച്ച ഫോമിലുള്ള ചെൽസി പ്രതിരോധത്തെ മറികടക്കാനായില്ല. ചെൽസി ആക്രമണ നിരയിലും പ്രതിരോധത്തിലും ഒരേ പോലെ തിളങ്ങിയ വലത് വിങ് ബാക് വിക്ടർ മോസസ് ആണ് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

28 പോയിന്റുമായി ചെൽസി ഒന്നാമതെത്തി. 27 പോയിന്റുള്ള ലിവർപൂൾ രണ്ടാമതായി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ടോട്ടൻഹാമാണ് ചെൽസിയുടെ അടുത്ത എതിരാളികൾ. മിഡിൽസ്ബ്രോക്ക് ലെസ്റ്റർ സിറ്റിയും.

Advertisement