Local Sports News in Malayalam

ടോട്ടനത്തിനു മുൻപിൽ വീണു ചെൽസി

ഒടുവിൽ അത് സംഭവിച്ചു, അപരാജിതമായ മൂന്ന് മാസങ്ങൾക്കും 13 മത്സരങ്ങൾക്കുമിപ്പുറം ചെൽസി വൈറ്റ് ഹാർട്ട് ലൈനിൽ പരാജയമറിഞ്ഞു. ഇതോടെ ഒരു സീസണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയകുതിപ്പ് നടത്തിയ റെക്കോർഡ്‌ ആർസനലിനൊപ്പം അവർ പങ്ക് വക്കും. ഫാബിഗ്രാസിനും വില്യമിനും പകരം കാന്റെ, പെഡ്രോ എന്നിവരുമായാണ് ചെൽസി കളത്തിലിറങ്ങിയത്. ചെൽസിയുടെ അതേ ഫോർമേഷനിൽ 3-4 -2 -1 എന്ന നിലയിൽ തന്നെ ടോട്ടനത്തെ പാച്ചറ്റീനോ കളത്തിലിറക്കി. ആദ്യ പകുതി ലീഗിലെ ഏറ്റവും മികച്ച പ്രതിരോധങ്ങൾ തമ്മിലുള്ള മാറ്റുരക്കലായിരുന്നു. ഇരു ടീമുകളും ശ്രദ്ധിച്ച് കളിച്ചതോടെ മത്സരം മധ്യനിരയിൽ ഒതുങ്ങി. എന്നാൽ ഗോൾ രഹിതമായി അവസാനിക്കുമെന്ന്‌ കരുതിയ ആദ്യ പകുതിയിലാണ് നിർണ്ണായകമായ ഗോൾ പിറന്നത്. വലത് വിങിൽ ക്രിസ്ത്യൻ എറിക്സൺ നൽകിയ അതിമനോഹരമായ ക്രോസ് സുന്ദര ഹെഡറിലൂടെ വലയിലാക്കിയ ഡെലെ അലിയായിരുന്നു ഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ചെൽസി അക്രമിച്ച് തന്നെ തുടങ്ങി. എന്നാൽ 54 മിനിറ്റിൽ എറിക്സന്റെ മറ്റൊരു ക്രോസ് തല കൊണ്ട് വലയിലാക്കിയ ഡെലെ അലി ടോട്ടനത്തിന്റെ ജയമുറപ്പിച്ചു. മിന്നും ഫോമിലുള്ള അലിയുടെ കഴിഞ്ഞ 4 മത്സരത്തിനിടെയിലെ 7 ഗോളായിരുന്നു ഇത്. രണ്ട് ഗോളിന് പിറകിലായ ശേഷം സർവ്വതും പരീക്ഷിച്ച കോണ്ടക്കും ചെൽസിക്കും പക്ഷെ ശക്തരായ ടോട്ടനം പ്രതിരോധം ഭേദിക്കാനായില്ല. ടോട്ടനത്തിന്റെ മികവിനെക്കാൾ ചെൽസി മുന്നേറ്റത്തിലെ മൂർച്ചക്കുറവായിരുന്നു ഇത് എടുത്ത് കാട്ടിയത്. എന്നാൽ ഈ തോൽവി തുടർന്ന് ബാധിക്കാതിരിക്കാനാവും ചെൽസി ശ്രമിക്കുക. ടോട്ടനത്തിന്റെ വിജയം ലീഗിലെ മറ്റ് ടീമുകൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. തുടർച്ചയായ ഈ അഞ്ചാം വിജയം പകരുന്ന ഊർജ്ജം നിലനിർത്തി കിരീടപോരാട്ടത്തിൽ ഒരു മത്സരം നൽകാൻ തന്നെയാവും ടോട്ടനം ശ്രമിക്കുക. പരാജയപ്പെട്ടങ്കിലും ലീഗിൽ ചെൽസി തന്നെയാണ് ഒന്നാമത്. ജയം ടോട്ടനത്തെ മാഞ്ചസ്റ്റർ സിറ്റിക്കും ആർസനലിനും മുകളിൽ ചെൽസിക്ക് 7 പോയിൻ്റ് പിറകിൽ മൂന്നാം സ്ഥാനതെത്തി. ചെൽസിയുടെ കുതിപ്പ് ലീഗിനെ വിരസമാക്കുമോ എന്ന ആശങ്കപ്പെട്ടിരുന്നവർക്കും ഈർജ്ജം പകരുന്നതാണ് ടോട്ടനത്തിന്റെ ജയം.

You might also like