വെംബ്ലിയിൽ താരമായി അലോൻസോ, ചെൽസിക്ക് ആവേശ ജയം

മാർക്കോസ് അലോൻസോ രക്ഷകനായി അവതരിച്ചപ്പോൾ ചെൽസിക്ക് സ്പർസിനെതിരെ 2-1 ന്റെ ജയം. ചെൽസി നേടിയ രണ്ടു ഗോളുകളും മാർക്കോസ് ആലോൻസോയാണ് നേടിയത്. സ്കോർ 1-0 ത്തിൽ ചെൽസി മുന്നിട്ട് നിൽക്കെ ബാത്ശുവായി സെൽഫ് ഗോൾ നേടിയത് നീലപടക്ക് തിരിച്ചടിയാകും എന്നു കരുതിയിക്കെയാണ് 87 ആം മിനുട്ടിൽ ചെൽസിയുടെ വിജയ ഗോൾ പിറന്നത്.

ഗാരി കാഹിലിന്റെയും സെസ്ക് ഫാബ്രിഗാസിന്റെയും അഭാവത്തിൽ മധ്യ നിരയിൽ ബകയോക്കോ, ലൂയിസ്, കാന്റെ എന്നിവരെ അണിനിരത്തി പ്രതിരോധ കോട്ട തീർത്താണ് കോണ്ടേ ടീമിനെ ഇറക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച സുവർണാവസരം മൊറാത്ത നഷ്ടപ്പെടുത്തിയെങ്കിലും 24 ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് സുന്ദരമായി വലയിൽ എത്തിച്ചു അലോൻസോ ചെൽസിക്ക് ലീഡ് നൽകി. പിന്നിലായതോടെ ഉണർന്ന് കളിച്ച സ്പർസ് ചെൽസി ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിയെങ്കിലും ചെൽസിയുടെ പ്രതിരോധം തടസമായി നിന്നു.

രണ്ടാം പകുതിയിലും മികച്ച രീതിയിൽ ചെൽസി പ്രതിരോധിച്ചതോടെ ഒരൊറ്റ ഗോളിന് ചെൽസി ജയം കണ്ടെത്തും എന്നുറപ്പിച്ചു നിൽക്കെ പകരക്കാരനായി ഇടങ്ങിയ ബാത്ശുവായി വില്ലനായത്. അങ്ങനെ 82 ആം മിനുട്ടിൽ സ്കോർ 1-1. സ്വന്തം പോസ്റ്റിലേക്ക് പന്ത് ഹെഡ് ചെയ്ത താരം മത്സരം നഷ്ടപ്പെടുത്തി എന്നിരിക്കെ 87 ആം മിനുട്ടിൽ വീണ്ടും അലോൻസോ അവതരിച്ചു. ഇത്തവണ പെഡ്രോയുടെ പാസ്സിൽ മികച്ചൊരു ഷോട്ട്, സ്പർസ് ഗോളി ഹ്യുഗോ ലോറിസിന്റെ ശ്രദ്ധകുറവും ഗോളിന് സഹായകമായി. പിന്നീട് ഒരു ഗോൾ കണ്ടെത്താനുള്ള സമയം സ്പർസിന് ഉണ്ടായിരുന്നില്ല.

വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ പ്രീമിയർ ലീഗ് മത്സരമായിരുന്നു ഇന്നത്തേത്. ഇതോടെ വെംബ്ലിയിൽ ഈ സീസണിലെ ഹോം മത്സരങ്ങൾ മുഴുവൻ കളിക്കാനുള്ള സ്പർസിന് ലഭിക്കാവുന്ന ഏറ്റവും മോശം തുടക്കമായി ഇന്നത്തെ മത്സരം. ചെൽസിയാവട്ടെ ആദ്യ മത്സരം തോറ്റതോടെ ജയം അനിവാര്യമായിരുന്നു അവർക്ക് ഇന്നത്തെ ജയം നൽകുന്ന ആത്മവിശ്വാസം ചെറുതാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോയൽ ട്രാവൽസ് എഫ് സി, ഫേസ്ബുക്കിൽ ലക്ഷം ലൈക് നേടുന്ന ആദ്യത്തെ സെവൻസ് ടീം
Next articleസ്വന്തം നാട്ടില്‍ വീണ്ടും തോല്‍വി, യുപിയെ കീഴടക്കി ജയ്പൂര്‍