ഹസാർഡ് മാജിക്, ചെൽസി കുതിക്കുന്നു

- Advertisement -

ഈഡൻ ഹസാർസിന്റെ ഇരട്ട ഗോളുകളും മൊറാത്തയുടെ മികച്ച ഹെഡ്ഡറും പിറന്ന മത്സരത്തിൽ ചെൽസിക്ക് 3-1 ന്റെ ജയം. ചെൽസിയുടെ ആക്രമണത്തിന് മറുപടിയില്ലാത്ത പോയ റാഫാ ബെനീറ്റസിന് സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കുള്ള മടങ്ങിവരവ് കയ്പേറിയതായി.

ചെൽസി നിരയിലേക്ക് മോസസ്, ആസ്പിലിക്വറ്റ, ഹസാർഡ്, ഡ്രിങ്ക് വാട്ടർ എന്നവർ മടങ്ങിയെത്തി. കാഹിൽ, ബകയോക്കോ,  പെഡ്രോ, വില്ലിയൻ എന്നിവർ ബെഞ്ചിലായിരുന്നു. ന്യൂ കാസിൽ നിരയിൽ ഹൊസെലും, ഷെൽവിയും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. ലസേല്ലെസ് ഇത്തവണയും പരിക്ക് മാറി മടങ്ങി എത്തിയില്ല. ആദ്യ പകുതി ചെൽസിയെ ഞെട്ടിച്ചാണ് ന്യൂ കാസിൽ തുടങ്ങിയത്. 12 ആം മിനുട്ടിൽ ന്യൂ കാസിലിന്റെ നല്ലൊരു ആക്രമണം തടുക്കുന്നതിൽ ചെൽസി പ്രതിരോധത്തിൽ ഉണ്ടായ ആശയ കുഴപ്പത്തിന് ഒടുവിൽ ഗെയ്ൽ ന്യൂ കാസിലിനെ മുന്നിൽ എത്തിച്ചു. പക്ഷെ ലീഡ് വഴങ്ങിയതോടെ മികച്ച കളി പുറത്തെടുത്ത ചെൽസി ഈഡൻ ഹസാർഡിലൂടെ 21 ആം മിനുട്ടിൽ സമനില ഗോൾ നേടി. 31 ആം മിനുട്ടിൽ മോസസിന്റെ മികച്ച ക്രോസ്സ് ഹെഡ്ഡറിലൂടെ ഗോളാക്കി മൊറാത ചെൽസിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് ആദ്യ പകുതി മുഴുവനായി തന്നെ ചെൽസിയുടെ നിയന്ത്രണത്തിലായിരുന്നു.

രണ്ടാം പകുതിയിലും ചെൽസിയുടെ ആക്രമണം തുടരുന്നു കാഴ്ചയാണ് കണ്ടത്. ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ച ചെൽസി നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും മൂന്നാം ഗോൾ കണ്ടെത്താൻ കുറച്ചു വൈകി. 74 ആം മിനുട്ടിലാണ് ചെൽസിയുടെ മൂന്നാം ഗോൾ പിറന്നത്. മോസസിനെ ബോക്സിൽ റിച്ചി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ഹസാർഡാണ് ഗോൾ നേടിയത്. മൂന്നാം ഗോൾ നേടിയതോടെ ഹസാർഡിനെയും ഫാബ്രിഗാസിന്റെയും പിൻവലിച്ച കോണ്ടേ ബകയോക്കോ വില്ലിയൻ എന്നിവരെ കളത്തിലിറക്കി. ന്യൂ കാസിൽ ഷെൽവിയെയും ഇറക്കി. പക്ഷെ പിന്നീടും ചെൽസി മികച്ച രീതിയിൽ പന്ത് കൈവശം വച്ചു ആക്രമിച്ചു കളിച്ചപ്പോൾ ന്യൂ കാസിലിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതോടെ അവസാനത്തെ 7 കളികളിൽ ന്യൂ കാസിൽ തോൽക്കുന്ന അഞ്ചാം തോൽവിയാണ് ഇന്നത്തേത്. ലീഗിൽ ചെൽസിയുടെ തോൽവി അറിയാത്ത കുതിപ്പ് ആറാം മത്സരത്തിലും തുടർന്നു.

ജയത്തോടെ 32 പോയിന്റുള്ള ചെൽസി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പമെത്തി. എങ്കിലും ഇന്ന് വൈകി ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ പോയിന്റ് നേടാനായാൽ യുണൈറ്റഡിന് ചെൽസിയുമായുള്ള പോയിന്റ് വിത്യാസം പുനഃസ്ഥാപിക്കാനാവും. 15 പോയിന്റുള്ള ന്യൂ കാസിൽ 12 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement