വില്ല്യൻ ഹീറോയായി, ചെൽസിക്ക് ജയം

സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി വില്ലൻ ആവേണ്ടിയിരുന്ന വില്ലിയൻ ചെൽസിക്ക് ജയം ഒരുക്കി. 2-1 നാണ് ചെൽസി ന്യൂ കാസിലിനെ മറികടന്ന് ലീഗിൽ നാലാം സ്ഥാനത്തെ ഇരിപ്പിടം ഉറപ്പിച്ചത്. ഇന്നത്തെ ജയത്തോടെ അഞ്ചാം സ്ഥാനക്കാരായ ആഴ്സണലുമായുള്ള പോയിന്റ് വിത്യാസം 6 ആക്കി ഉയർത്താൻ ചെൽസിക്കായി. പെഡ്രോയാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും തുല്യ നിലയിലുള്ള പ്രകടനമാണ്‌ നടത്തിയത്. ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. 9 ആം മിനുട്ടിൽ ഡേവിഡ് ലൂയിസിന്റെ പാസ്സിൽ നിന്ന് പെഡ്രോയാണ് നീല പടയെ മുന്നിൽ എത്തിച്ചത്. പക്ഷെ പിന്നീട് ചെൽസിക്ക് ലീഡ് ഉയർത്താനായില്ല. 40 ആം മിനുട്ടിൽ റിച്ചിയുടെ കോർണർ കിക്കിൽ നിന്ന് ക്ലാർക്ക് ഹെഡറിലൂടെ ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിക്ക് പിരിയും മുൻപ് വില്ലിയനിലൂടെ ചെൽസിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് പുറത്ത് പോയി.

രണ്ടാം പകുതിയിൽ മികച്ച തുടക്കമാണ് ചെൽസി നേടിയത്. 57 ആം മിനുട്ടിലാണ് ചെൽസി കാത്തിരുന്ന വിജയ ഗോൾ പിറന്നത്. ഹസാർഡിന്റെ പാസ്സിൽ നിന്ന് മികച്ച ഫിനിഷിലൂടെ വില്ലിയൻ ചെൽസിയുടെ ജയം ഉറപ്പാക്കിയ ഗോൾ നേടി. പിന്നീട് ഒറ്റ പെട്ട ശ്രമങ്ങൾ ബെനീറ്റസിന്റെ ടീം നടത്തിയെങ്കിലും ചെൽസി ലീഡ് കാത്ത് ജയം സ്വന്തമാക്കി.