എമിറേറ്റ്‌സിൽ ചെൽസിയുടെ തിരിച്ചു വരവ്, ആദ്യ ഹോം മത്സരത്തിൽ അർടെറ്റക്ക് തോൽവി

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്സണലിന് എതിരെ ഫ്രാങ്ക് ലംപാർഡിന്റെ ഉഗ്രൻ ജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെൽസി ലണ്ടൻ ഡർബി ജയിച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം 80 മിനുട്ടിന് ശേഷം 2 ഗോളുകൾ നേടിയാണ് ചെൽസി ജയിച്ചത്. മികച്ച തുടക്കം നേടിയ ശേഷം കളി മറന്ന ആഴ്സണൽ ഇന്നത്തെ തോൽവിയോടെ ലീഗ് ടേബിളിൽ 12 ആം സ്ഥാനത്താണ്. ചെൽസി നാലാം സ്ഥാനത്ത് തുടരും.

3-4-3 ഫോർമേഷനിൽ വീണ്ടും ഇറങ്ങിയ ചെൽസിക്ക് തൊട്ടതെല്ലാം പിഴച്ച ആദ്യ പകുതിയിൽ ആഴ്സണൽ 13 ആം മിനുട്ടിൽ തന്നെ മുന്നിലെത്തി. ഒബാമയാങ് ആണ് ഹെഡറിലൂടെ ചെൽസി വല കുലുക്കിയത്. പിന്നീടും ആഴ്സണൽ കളിയിൽ നിയന്ത്രണം പുലർത്തിയതോടെ ലംപാർഡ് 34 ആം മിനുട്ടിൽ എമേഴ്സനെ പിൻവലിച്ചു ജോർജിഞ്ഞോയെ കളത്തിൽ ഇറക്കി. ഇതോടെ കളിയിൽ ചെൽസിക്ക് ആദ്യമായി അവസരങ്ങൾ വന്നു തുടങ്ങി. ഇതിനിടെ കാലം ചേമ്പേഴ്‌സ് പരിക്കേറ്റ് മടങ്ങിയതും ആഴ്സണലിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ ചെൽസിയുടെ സർവാധിപത്യം ആണ് കണ്ടത്. തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താൻ ചെൽസി വിഷമിച്ചു. പക്ഷെ 83 ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ചെൽസിക്ക് അർഹിച്ച സമനില ഗോൾ നൽകി. മൗണ്ടിന്റെ ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ ആഴ്സണൽ ഗോളി ലെനോക്ക് പിഴച്ചപ്പോൾ ജോർജിഞ്ഞോ പന്ത് വലയിലാക്കി. ഏറെ വൈകാതെ മികച്ച കൗണ്ടർ അറ്റാക്കിൽ റ്റാമി അബ്രഹാം ചെൽസിക്ക് വ്യജയ ഗോൾ സമ്മാനിച്ചു. 87 ആം മിനുട്ടിൽ പിറന്ന ഈ ഗോളിന് മറുപടി നൽകാൻ അഴ്സണലിനാവാതെ വന്നതോടെ ചെൽസി 3 പോയിന്റ് സ്വന്തമാക്കി.

Exit mobile version