വിജയ പരമ്പര തുടരാൻ ചെൽസി ഇന്ന് ആൻഫീൽഡിൽ

- Advertisement -

ആൻഫീൽഡിൽ ഇന്ന് പ്രീമിയർ ലീഗ് വമ്പന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയാണ് ഇന്ന് ക്ളോപ്പിനും സംഘത്തിനും ആൻഫീൽഡിൽ എതിരാളികൾ. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം അരങ്ങേറുക. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിയും അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളും തമ്മിൽ പോരാടുമ്പോൾ മത്സരം ആവേഷകരമാവും എന്ന് ഉറപ്പാണ്.

ചാംപ്യൻസ് ലീഗിലെ മികച്ച ജയത്തിന് ശേഷമാണ് ചെൽസി ഇന്നിറങ്ങുന്നത് എങ്കിൽ ലിവർപൂൾ തീർത്തും നിരാശ നൽകിയ സമനിലക് ശേഷമാണ് മത്സരത്തിനിറങ്ങുന്നത്. സെവിയ്യയോട് 3 ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷം വഴങ്ങിയ സമനില അവരുടെ പ്രതിരോധത്തിലെ പിഴവുകൾ അത്രയും തുറന്നു കാട്ടുന്ന ഒന്നായിരുന്നു. ചാംപ്യൻസ് ലീഗിൽ തീർത്തും നിറം മങ്ങിയ പ്രകടനം നടത്തിയ ലെഫ്റ്റ് ബാക്ക് ആല്ബെർട്ടോ മോറെനോയെ ക്ളോപ്പ് ഇത്തവണ ബെഞ്ചിൽ ഇരുത്താനുള്ള സാധ്യതയും കൂടുതലാണ്. ബുധനാഴ്ച ചാംപ്യൻസ് ലീഗ് മത്സരം കളിച്ച ചെൽസിയേക്കാൾ ഒരു ദിവസം അതികം വിശ്രമം ലിവർപൂളിന് ലഭിച്ചത് ചെൽസിക്ക് തലവേദനയാവും. എങ്കിലും മികച്ച കളിക്കാർക്ക് മിഡ് വീക്കിൽ കോണ്ടേ വിശ്രമം അനുവദിച്ചിരുന്നു.

മുൻ ചെൽസി താരവും നിലവിൽ പ്രീമിയർ ലീഗ് ടോപ്പ് സ്കോററുമായ മുഹമ്മദ് സലാഹ് തന്നെയാവും ഇത്തവണ ചെൽസിക്ക് വെല്ലുവിളിയാവുക. സലാഹിന്റെ വേഗതയെ തടുക്കാൻ ചെൽസി പ്രതിരോധത്തിനായില്ല എങ്കിൽ ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാകും. പക്ഷെ മറുവശത്ത് മിന്നും ഫോമിലുള്ള ഹസാർഡ്- മൊറാത്ത ആക്രമണ സഖ്യത്തെ ലിവർപൂൾ പ്രധിരോധം എങ്ങിനെ തടയും എന്നതും മൽസരത്തിൽ നിർണായകമാകും. കഴിഞ്ഞ 3 മത്സരങ്ങളിൽ കളീൻ ഷീറ്റ് നേടിയാണ് ചെൽസി ആൻഫീൽഡിൽ എത്തുന്നത് എന്നതും അവർക്ക് ആത്മവിശ്വാസമാവും.  കഴിഞ്ഞ 2 ലീഗ് മത്സരങ്ങളിൽ എന്ന പോലെ ക്രിസ്റ്റിയൻസൻ ഇത്തവണയും ഡേവിഡ് ലൂയിസിന്‌ മുന്നിലായി ആദ്യ ഇലവനിൽ ഇടം നേടും എന്ന് ഉറപ്പാണ്. ലിവർപൂളിന്റെ വേഗതയുള്ള മുന്നേറ്റ നിരയും ചെൽസിയുടെ മൂന്ന് പേരുള്ള മധ്യ നിരയും എങ്ങനെ കളിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ഇന്നത്തെ മത്സര ഫലം. കഴിഞ്ഞ വർഷം ഇതേ ഫിക്‌സ്ച്ചറിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement