
ആൽവാരോ മൊറാത്ത അങ്ങനെ ഔദ്യോഗികമായി ചെൽസിയുടെ താരമായി. ബുധനാഴ്ച റയൽ മാഡ്രിഡുമായി ചെൽസി കരാറിൽ എത്തിയുരുന്നെങ്കിലും താരത്തിന്റെ മെഡിക്കലും ഔദ്യോഗിക അവതരണവും ഇന്നാണ് അരങ്ങേറിയത്. ഇതോടെ വരാനിരിക്കുന്ന സീസണിൽ ഡിയഗോ കോസ്റ്റയുടെ പകരക്കാരനായി ഈ റയൽ മാഡ്രിഡ് അക്കാദമിയുടെ പുത്രൻ ചെൽസി ആക്രമണത്തിന്റെ കുന്തമുനയാവും.
ട്രാൻസ്ഫർ മാർക്കറ്റിൽ ഉറക്കം തൂങ്ങി നിൽക്കുന്നു എന്ന് ആരാധകരിൽ നിന്നും ഏറെ പഴികേട്ട ചെൽസി മാനേജ്മെന്റ് പക്ഷെ അപ്രതീക്ഷിതമായാണ് ബുധനാഴ്ച സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ മൊറാത്തയെ സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. ഒരു സമയം താൻ ആവശ്യപ്പെട്ട കളിക്കാരെ ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് അന്റോണിയോ കോണ്ടേ ക്ലബ് വിടുമെന്നുള്ള വാർത്തകൾ വരെ വന്നിരുന്നു. ഇതിനിടയിൽ ഏറെ നാളായി കോണ്ടേ തന്റെ നീലപടയിൽ എത്തിക്കാൻ ശ്രമിച്ച റൊമേലു ലുകാകുവിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതും കൊണ്ടേയെയും ചെൽസി ആരാധകരെയും ഏറെ നിരാശരാക്കിയിരുന്നു. ഇതോടെ അപകടം മണത്ത ചെൽസി മാനേജ്മെന്റ് അന്റോണിയോ റുദീകർ, ബകയോക്കോ , മൊറാത്ത എന്നിവരെ ഏറെ ദിവസങ്ങളുടെ ഇടവേളകൾ ഇല്ലാതെ സ്വന്തമാക്കി രംഗം ശാന്തമാക്കുകയായിരുന്നു.
റയൽ മാഡ്രിഡ് മൊറാത്തയെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ട 80 മില്യൺ യൂറോയിൽ നിന്ന് കാര്യമായ കുറവ് തുകയ്ക്കാണ് അവർ മൊറാത്തയെ പ്രീമിയർ ലീഗ് ചാംപ്യന്മാർക്ക് വിറ്റത്. ഏകദേശം 58 മില്യൺ പൗണ്ടിനാണ് മൊറാത്തയെ നീലപട സ്വന്തമാക്കിയത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസുകൾ കൂട്ടിയാലും ഏകദേശം 70 മില്യൺ പൗണ്ട് മാത്രമാണ് ചെൽസിക്ക് മൊറാത്തകായി ചിലവ് വരിക.
റയൽ മാഡ്രിഡ് ബെഞ്ചിൽ ഏറെ ഇരിക്കേണ്ടി വന്ന മൊറാത്തക്കും ഡിയഗോ കോസ്റ്റയെന്ന വികൃതി പയ്യന് പകരക്കാരനെ കണ്ടെത്താൻ വിഷമിച്ച ചെൽസിക്കും ഒരേ പോലെ ആശ്വാസകരമാവും ഈ ട്രാൻസ്ഫർ. 2014 ഇൽ അന്ന് യുവന്റസ് പരിശീലകനായിരുന്ന അന്റോണിയോ കോണ്ടേ മൊറാത്തയെ യുവന്റസിൽ എത്തിച്ചിരുന്നെങ്കിലും സീസൺ തുടങ്ങുന്ന മുൻപേ കോണ്ടേ തുറിൻ വിട്ടതോടെ ഇരുവർക്കും ഒരുമിച്ചു ജോലി ചെയ്യാൻ ആയിരുന്നില്ല. ഈ ട്രാൻസ്ഫറോടെ മൊറാത്തയെന്ന യുവ കളികാരനിൽ വിശ്വാസം പണ്ടേ പുലർത്തിയ കോണ്ടേക്ക് താരത്തെ ഇംഗ്ലണ്ടിലെ മികച്ച സ്ട്രൈക്കർ ആയി വളർത്തിയെടുക്കാനാവും എന്ന് തന്നെയാവും നീലപടയുടെ ആരാധകരുടെ പ്രതീക്ഷ.
24 കാരനായ മൊറാത്ത യുവന്റസിലും റയൽ മാഡ്രിഡിലുമായി മികച്ച പ്രകടനം നടത്തി തന്നെയാണ് ലണ്ടനിൽ എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ 2010 മുതൽ 2014 വരെ റയൽ മഡ്രിഡിൽ ചുരുക്കം അവസരങ്ങൾ മാത്രം ലഭിച്ച മൊറാത്ത 2014 ഇൽ 20 മില്യൺ യൂറോയുടെ കരാറിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിൽ എത്തി. 2016 വരെ 63 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടി താരം കഴിവ് പ്രകടമാക്കിയതോടെ 2016 ഇൽ റയൽ മാഡ്രിഡ് നേരത്തെയുള്ള ബയ് ബാക് ക്ളോസ് ഉപയോഗിച്ച് മൊറാത്തയെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കുകയായിരുന്നു. അങ്ങനെ താരങ്ങൾ തിങ്ങി നിറഞ്ഞ റയൽ മാഡ്രിഡിൽ മൊറാത്തക്കും പലപ്പോഴും ബെഞ്ചിൽ ആയിരുന്നു സ്ഥാനം, എങ്കിലും രണ്ടാം വരവിൽ 26 മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ നേടാൻ മൊറാത്തകായി.
2014 മുതൽ സ്പെയിൻ ദേശീയ ടീമിലും അംഗമായ മൊറാത്ത 20 മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ നേടിയിട്ടുണ്ട്.
ഏതായാലും വരും നാളുകളിൽ കോണ്ടേയുടെ ടീമിലേക്ക് പുതിയ വിങ് ബാക്കുകൾ അടക്കം രണ്ടിലേറെ താരങ്ങൾ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial