വിവാദം വിനയായി, കെന്നഡി ചെൽസി ടീമിന് പുറത്ത്

- Advertisement -

ചൈനീസ് ജനതക്കെതിരെ വംശീയപരവും അവഹേളനപരവും ആയ സോഷ്യൽ മീഡിയ പോസ്റ്റിട്ട ചെൽസി വിങ്ങർ കെന്നഡി യെ ചെൽസി തങ്ങളുടെ പ്രീ സീസൺ ടീമിൽ നിന്ന് പുറത്താക്കി. സിംഗപൂരിലുള്ള ചെൽസി ടീമിൽ നിന്ന് ലണ്ടനിലേക്ക് മടങ്ങാനാണ് ചെൽസി അധികൃതർ ബ്രസീലുകാരനായ യുവ താരത്തോട് ആവശ്യപ്പെട്ടത്. ഇതോടെ കെന്നഡിയുടെ ചെൽസിയിലെ ഭാവി തുലാസിലായി.

 

ജൂലൈ 21 ന് രാത്രിയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചൈനയെ അധിക്ഷേപിക്കുന്ന പോസ്റ്റ് ചെയ്തത്. ചൈനീസ് ജനത പ്രതിഷേധിച്ചതോടെ താരം പോസ്റ്റ് പിൻവലിച്ചെങ്കിലും വിവാദം തുടർന്നതോടെ ചെൽസി ഫുട്ബോൾ ക്ലബ് ഔദ്യോഗിക ക്ഷമാപണം നടത്തിയിരുന്നു. കാര്യങ്ങൾ അതോടെ അവസാനിച്ചു എന്ന് കരുതിയിരിക്കെയാണ് ചെൽസി താരത്തോട് ടീമിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രീ സീസൺ മത്സരങ്ങളിൽ തിളങ്ങി പരിശീലകൻ അന്റോണിയോ കൊണ്ടേയുടെ ആദ്യ ഇലവനിൽ ഉൾപ്പെടാനുള്ള അവസരവും താരം കളഞ്ഞു കുളിച്ചു.

ഫൈൻ അടക്കമുള്ള നടപടികൾ താരത്തിനെതിരെ ഉണ്ടാകുമെങ്കിലും ഇനി ചെൽസിയിൽ താരത്തിന് തുടരാനാവുമോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ പറ്റൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement