പതിവ് പോലെ ചെൽസി !!

- Advertisement -

ആവേശം കൊള്ളിക്കുന്ന കൗണ്ടർ അറ്റാക്കുകൾ,ഹസാർഡിന്റെ കിടിലൻ സ്കില്ലുകൾ,മധ്യനിര അടക്കിവാണ് കാന്റെ ! പതിവ് പോലെ മത്സരത്തിന്റെ സകല മേഖലകളിലും ആധിപത്യം പുലർത്തിയ ചെൽസിക്ക് ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാമിനെതിരെ 2-1 ന്റെ ജയം. ജയത്തോടെ ഇത്തവണ കിരീടം ലണ്ടനിലെത്തിക്കാൻ ഒരു പടി കൂടെ അടുത്തു അന്റോണിയോ കൊണ്ടേയുടെ ടീം.

ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇതിന് മുൻപ് കളിച്ചപ്പോൾ വെസ്റ്റ് ഹാമിനോട് തോറ്റ് മടങ്ങാനായിരുന്നു ചെൽസിയുടെ വിധി, പക്ഷെ അന്നത് EFL കപ്പിലായിരുന്നു, എന്നാൽ ഇന്നലെ അന്നത്തെ മത്സരത്തിൽ കളിക്കാതിരുന്ന കോസ്റ്റയും ഹസാർഡും ഗോളുകൾ നേടിയ മത്സരത്തിൽ കാന്റെയുടെ പ്രകടനവും വേറിട്ട് നിന്നു.

ചെൽസിയെ ആക്രമിച്ചു തന്നെയാണ് വെസ്റ്റ് ഹാം തുടങ്ങിയത്, ലീഗ് ടോപ്പേഴ്സ് എന്ന ബഹുമാനം കൊടുക്കാതിരിക്കുക എന്ന രീതിയിൽ ചെൽസിയെ നിരന്തരം ആക്രമിച്ച വെസ്റ്റ് ഹാമിന്‌ പക്ഷെ ചെൽസി പ്രതിരോധത്തെ മറികടക്കാൻ ആയില്ല. 25 ആം മിനുട്ടിൽ ചെൽസിയുടെ ഹാഫിൽ നിന്ന് എൻഗോലോ കാന്റെ തട്ടിയെടുത്ത പന്തിൽ നിന്ന് മിന്നൽ വേഗതയിൽ കൗണ്ടർ ആരംഭിച്ച ഹസാർഡ് പെഡ്രോക്ക്‌ പന്ത് നൽകി , പെഡ്രോ അത് മികച്ചൊരു പാസിലൂടെ തിരികെ ഹസാർഡിന് നൽകി, പിന്നെ ബെല്ജിയൻ താരത്തിന് അത് വലയിലെത്തിക്കേണ്ട കടമ മാത്രമേ ബാക്കിയുണ്ടായിരുന്നൊള്ളൂ, വെസ്റ്റ് ഹാം ഗോളിയെയും കടന്ന് ഹസാർഡ് പന്ത് വലയിലെത്തിച്ചു.
പെഡ്രോ-ഹസാർഡ്-കോസ്റ്റ സംഘം നിരന്തരം ആക്രമണം നടത്തിയപ്പോൾ ഭാഗ്യം കൊണ്ട് മാത്രമാണ് വെസ്റ്റ്ഹാം കൂടുതൽ ഗോൾ വഴങ്ങാതിരുന്നത്.

രണ്ടാം പകുതിയിൽ തിരിച്ചു വരാൻ ലക്ഷ്യമിട്ട് ഇറങ്ങിയ വെസ്റ്റ്ഹാമിന് പക്ഷെ 5 മിനിറ്റിനുള്ളിൽ തന്നെ വീണ്ടും പ്രഹരമേറ്റു. 50 ആം മിനുട്ടിൽ ഫാബ്രിഗാസ് എടുത്ത കോർണർ കിക് ക്ലിയർ ചെയ്യുന്നതിൽ വെസ്റ്റ് ഹാം പ്രതിരോധക്കാർക്കു പിഴച്ചപ്പോൾ കോസ്റ്റ പന്ത് വലയിലാക്കി. പിന്നീട് തിരിച്ചടിക്കാൻ വെസ്റ്റ് ഹാം ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഒത്തിണക്കത്തോടെ കളിച്ച ചെൽസി പ്രതിരോധം അവർക്ക്‌ വിലങ്ങിട്ടു. ഇഞ്ചുറി ടൈമിൽ ലാൻസിനി വെസ്റ്റ് ഹാമിനായി ഒരു ഗോൾ തിരിച്ചടിച്ചപോളേക്ക് ഏറെ വൈകിയിരുന്നു.

27 കളികളിൽ നിന്ന് 66 പോയിന്റുള്ള ചെൽസി ഒന്നാം സ്ഥാനത്ത് തന്നെ തുടരും. രണ്ടാം സ്ഥാനടത്തുള്ള ടോട്ടൻഹാമിനേക്കാൾ 10 പോയിന്റ് അതികമുണ്ട് നീലപടക്ക്. ഇത്രത്തന്നെ കളികളിൽ നിന്ന്‌ 33 പോയിന്റുള്ള വെസ്റ്റ്ഹാം 11 ആം സ്ഥാനത്താണ്.

Advertisement